Connect with us

Articles

ഊറ്റിയെടുക്കാന്‍ ഭൂഗര്‍ഭജലം ഇല്ലാതായാല്‍

മനുഷ്യനില്‍ കടന്നു കൂടിയ വികസന മോഹങ്ങള്‍ പലപ്പോഴും പരിസ്ഥിതിക്കു മേലുള്ള കടന്നാക്രമണമായാണ് പുറത്തുവരിക. ഈ കടന്നാക്രമണങ്ങള്‍ ഭൂഗര്‍ഭ സ്രോതസ്സുകളെ സാരമായി ബാധിക്കുന്നു. മേല്‍മണ്ണ് വിണ്ടുകീറുന്നതു പോലെ ഭൂമിയുടെ അന്തര്‍ഭാഗത്തും വലിയ വിള്ളലുകളുണ്ടാകാന്‍ പ്രത്യുത കടന്നാക്രമണങ്ങള്‍ കാരണമാകും. മഴ നന്നായി ലഭിച്ചാല്‍ പോലും ഭൂമിക്കുള്ളിലെ ഈ മുറിവുകള്‍ തുന്നിച്ചേര്‍ക്കാന്‍ പ്രയാസമാണെന്നാണ് ശാസ്ത്രീയ കണ്ടെത്തലുകള്‍.

Published

|

Last Updated

ഭൗമോപരിതല ജീവിതത്തെ സമ്പന്നമാക്കുന്ന/നമ്മുടെ കാല്‍ച്ചുവട്ടില്‍ മറഞ്ഞിരിക്കുന്ന നിധിയാണ് ഭൂഗര്‍ഭജലം. ഭൂഗര്‍ഭജലം അദൃശ്യമാണെങ്കിലും അതിന്റെ ഉപയോഗവും ഗുണവും എല്ലായിടത്തും ദൃശ്യമാണ്. ഭൂഗര്‍ഭജലം എന്നത് ഭൂമിയുടെ ഉപരിതലത്തിനടിയില്‍ പാറകളിലും മണ്ണിലുമുള്ള സുഷിരങ്ങളിലും ശിലാരൂപങ്ങളുടെ ഒടിവുകളിലുമുള്ള ജലമാണ്. ലോകത്ത് എളുപ്പത്തില്‍ ലഭ്യമാകുന്ന ശുദ്ധജലത്തിന്റെ 30 ശതമാനവും ഭൂഗര്‍ഭജലമാണ്. ലോകമെമ്പാടുമുള്ള രണ്ട് ബില്യണിലധികം ആളുകളും തങ്ങളുടെ പ്രാഥമിക ജലസ്രോതസ്സായി ഇതിനെയാണ് ആശ്രയിക്കുന്നത്. ഭൂഗര്‍ഭത്തില്‍ നിന്ന് വളരെയധികം വെള്ളം പമ്പ് ചെയ്യപ്പെടുമ്പോള്‍, മുകളിലെ ഉപരിതലത്തിന് താഴെയുള്ള ഇടം ശൂന്യമാകുകയും അങ്ങനെ ഭൂമി തകരുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

മനുഷ്യനില്‍ കടന്നു കൂടിയ വികസന മോഹങ്ങള്‍ പലപ്പോഴും പരിസ്ഥിതിക്കു മേലുള്ള കടന്നാക്രമണമായാണ് പുറത്തുവരിക. ഈ കടന്നാക്രമണങ്ങള്‍ ഭൂഗര്‍ഭ സ്രോതസ്സുകളെ സാരമായി ബാധിക്കുന്നു. മേല്‍മണ്ണ് വിണ്ടുകീറുന്നതു പോലെ ഭൂമിയുടെ അന്തര്‍ഭാഗത്തും വലിയ വിള്ളലുകളുണ്ടാകാന്‍ പ്രത്യുത കടന്നാക്രമണങ്ങള്‍ കാരണമാകും. മഴ നന്നായി ലഭിച്ചാല്‍ പോലും ഭൂമിക്കുള്ളിലെ ഈ മുറിവുകള്‍ തുന്നിച്ചേര്‍ക്കാന്‍ പ്രയാസമാണെന്നാണ് ശാസ്ത്രീയ കണ്ടെത്തലുകള്‍. അമേരിക്കന്‍ നാഷനല്‍ എയ്റോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷനിലെ വിദഗ്ധര്‍ നല്‍കിയ മുന്നറിയിപ്പ് ഇവിടെ ഓര്‍മിക്കേണ്ടതുണ്ട്. എല്ലാ ഖനനങ്ങളെയും പോലെ കുഴല്‍ക്കിണര്‍ ഖനനവും ഭൂമിക്ക് താങ്ങുന്നതിനപ്പുറത്തേക്കാണ് എത്തിയിരിക്കുന്നത്. കുഴിച്ചുകൂട്ടുന്ന കുഴല്‍ക്കിണറുകള്‍ ഭൂഗര്‍ഭജല നിരപ്പിന്റെ താഴ്ചയിലേക്ക് ആക്കം കൂട്ടുന്നു. കുഴല്‍ കിണറുകളിലൂടെ വരുന്ന അമിത പ്രഹരം ഭൗമ അസന്തുലിതാവസ്ഥയെയാണ് സൃഷ്ടിക്കുന്നത്. വര്‍ഷം വര്‍ധിക്കും തോറും കുഴിച്ചുകൂട്ടുന്ന കുഴല്‍ കിണറുകളുടെ എണ്ണവും പെരുകുകയാണ്. 2006-07 വര്‍ഷത്തില്‍ 1.46 മില്യണ്‍ കുഴല്‍ക്കിണറുകളുണ്ടായിരുന്നുവെങ്കില്‍ 2013-14 വര്‍ഷമായപ്പോഴേക്കും 2.6 ദശലക്ഷമായെന്നാണ് ചെറുകിട ജലസേചനത്തെ സംബന്ധിച്ച് കേന്ദ്ര ജലവിഭവ വകുപ്പ് 2017 ഡിസംബറില്‍ പുറത്തിറക്കിയ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

ഭൂഗര്‍ഭ ജല ചൂഷണം ഇന്ത്യയില്‍
ലോകത്ത് ഏറ്റവും കൂടുതല്‍ ഭൂഗര്‍ഭജല ചൂഷണം നടക്കുന്നത് ഇന്ത്യയിലാണ്. അനിയന്ത്രിത ജലാപഹരണം രാജ്യത്തിന്റെ ഭൗമസുസ്ഥിരതയെ തകര്‍ക്കുന്നു. ഇന്ത്യയിലെ ഭൂഗര്‍ഭജല ഉപയോഗത്തെ സംബന്ധിച്ച് നിരവധി ഗവേഷണ പഠന റിപോര്‍ട്ടുകളാണ് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ പുറത്തുവന്നിട്ടുള്ളത്. മനുഷ്യനിര്‍മിത മാലിന്യങ്ങളുടെ അളവ് ഭൂഗര്‍ഭജലത്തില്‍ അനുദിനം വര്‍ധിച്ചുവരുന്നതായി ഗവേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. വ്യാവസായിക ആവശ്യത്തിന് ഉപയോഗിച്ച ശേഷം പുറന്തള്ളുന്ന രാസവസ്തുക്കളുടെ അവശിഷ്ടങ്ങളും കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന രാസവളങ്ങളും കീടനാശിനികളും അവയുടെ അനിയന്ത്രിത പ്രയോഗവും മണ്ണിനെ വിഷലിപ്തമാക്കുകയും അനന്തരം ഭൂഗര്‍ഭജലത്തില്‍ കലര്‍ന്ന് വെള്ളം മലിനമാകുകയും ചെയ്യുന്നു.

ഹരിത വിപ്ലവത്തെ നാം കൊട്ടിഘോഷിച്ചതാണ്. എന്നാല്‍, രാജ്യത്തെ ഹരിത വിപ്ലവത്തിന്റെ പ്രഭവയിടങ്ങളിലൊന്നായ പഞ്ചാബിലെ മുക്തസറില്‍ ഭൂഗര്‍ഭജല വിഷയത്തില്‍ വന്ന റിപോര്‍ട്ട് അത്യന്തം മുറിവുണ്ടാക്കുന്നു. 1995ല്‍ രൂപവത്കരിക്കപ്പെട്ട ശ്രീമുക്തസര്‍ സാഹിബ് ജില്ല പരുത്തി ഉത്പാദനത്തിന്റെ വിളനിലമാണ്. ഗോതമ്പും നെല്ലും വിളയുന്ന വയലോരങ്ങളും കരിമ്പിന്‍ തോട്ടങ്ങളും നിറഞ്ഞ ഇവിടം ഭൂഗര്‍ഭജലത്തിന്റെ പിന്‍ബലം കൊണ്ട് മാത്രമാണ് പച്ചപ്പരവതാനി അണിഞ്ഞത്. എന്നാല്‍ ഈയടുത്ത് ഇവിടുത്തെ ജലത്തിലെ രാസപദാര്‍ഥ അളവിനെ കുറിച്ച് നടത്തിയ പഠനമാണ് അസംതൃപ്തിയുണ്ടാക്കുന്നത്. മുക്തസറിലെ ഭൂഗര്‍ഭജലം പൂര്‍ണമായും വിഷലിപ്തമായിട്ടുണ്ടത്രെ. മുക്തസറിനൊപ്പം മറ്റു 10 ജില്ലകളിലെയും ജലത്തെ സംബന്ധിച്ച വിവരണവും വിഷമയമാണെന്നാണ്. കൃഷിയാവശ്യത്തിനും മറ്റുമായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ വലിയ തോതും ഭൂഗര്‍ഭത്തില്‍ നിന്നാണ്. രാജ്യത്ത് കൃഷിക്കുപയോഗിക്കുന്ന മൊത്തം ജലത്തിന്റെ നാലില്‍ മൂന്നും ഭൂഗര്‍ഭജലമാണ്.

കേന്ദ്ര ജലവിഭവ വകുപ്പിന്റെ റിപോര്‍ട്ടനുസരിച്ച് ഗോവ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും ഭൂഗര്‍ഭജലത്തില്‍ മാലിന്യം കലര്‍ന്നിരിക്കുന്നു. കേരളത്തിലെ മുഴുവന്‍ ജില്ലകളിലും ഭൂഗര്‍ഭജലത്തില്‍ ഭൗമ മാലിന്യങ്ങളായ ഇരുമ്പിന്റെയും 11 ജില്ലകളില്‍ നൈട്രേറ്റിന്റെയും അംശം കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയുടെ പലഭാഗത്തും ഫ്ളൂറൈഡിന്റെ അംശം ഉയര്‍ന്ന തോതില്‍ കണ്ടെത്താനായി. ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാകുന്നതിലൂടെ ആലപ്പുഴ ജില്ലയിലെ തീരപ്രദേശത്തുള്ള ഭൂഗര്‍ഭജലം മലിനീകരിക്കപ്പെട്ടതാണെന്ന് കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡ് പറയുന്നു. നാസ കേരളത്തിലെ ജലസ്രോതസ്സുകളുടെ വിഭവ ഭൂപടം തയ്യാറാക്കിയപ്പോള്‍ മനസ്സിലായത് കണ്ടല്‍ കാടുകളുടെ നശീകരണം, നീര്‍ത്തടങ്ങള്‍ നശിപ്പിക്കല്‍, നദീതീര കൈയേറ്റം, നദികളുടെ ശോചനീയാവസ്ഥ, പശ്ചിമഘട്ട നശീകരണം തുടങ്ങിയവ മൂലം ജലക്ഷാമം അപകടകരമാകുന്നു. കേരളത്തിലെ ഭൂഗര്‍ഭ ജലനിരപ്പ് മഴക്കാലത്തു പോലും അപകടകരമായി താഴുന്നതായി കേന്ദ്ര ഭൂജല പഠന കേന്ദ്രം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്.

ഉയരുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍
മഴ ലഭിക്കാതിരുന്നാല്‍ ഭൂമിക്കടിയിലെ ജല അറകള്‍ ശോഷിക്കുന്നു. മണ്ണിനെ ചൂഷണം ചെയ്യുന്നതു പോലെ ഈ ജല അറകളിലെ വെള്ളം ഊറ്റിയെടുത്താല്‍ ഭൂമിയിലെ ശുദ്ധജല സ്രോതസ്സുകള്‍ ഒരു കാലത്തും പൂര്‍വ സ്ഥിതിയിലാക്കാന്‍ കഴിയാത്തവിധം പൂര്‍ണമായും വറ്റിപ്പോകുമെന്ന് പ്രത്യേകം പറയേണ്ടതില്ല. ഭൂഗര്‍ഭജലം താഴുന്ന പ്രവണത കേരളത്തില്‍ ദൃശ്യമാണ്. പാലക്കാട് ജില്ലയില്‍ വര്‍ഷങ്ങളായി ഇതനുഭവപ്പെടുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുഴല്‍ കിണറുകളുള്ള കാസര്‍കോടും പാലക്കാടും ഭൂഗര്‍ഭജലം താഴ്ന്നു പോകുന്ന സ്ഥിതിവിശേഷമുണ്ടാകുന്നു.

മൂന്ന് വര്‍ഷം കൂടി കഴിയുമ്പോഴേക്കും ലോക ജനസംഖ്യ ഏകദേശം 1,000 കോടിയായി ഉയരുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ ജനസംഖ്യയില്‍ മൂന്നില്‍ രണ്ട് ഭാഗം ആളുകളും നഗരവാസികളായിരിക്കുമെന്നും അവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഗാര്‍ഹികാവശ്യങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാകാതിരിക്കുകയെന്നതുമായിരിക്കുമെന്ന് ചില സാമൂഹിക നിരീക്ഷകന്മാര്‍ ചൂണ്ടിക്കാട്ടുന്നു. വന്‍തോതില്‍ ഭൂഗര്‍ഭജലം ഊറ്റിയെടുക്കുമ്പോള്‍ മേല്‍മണ്ണിലെ ജലാംശം കുറഞ്ഞുവരികയും സസ്യങ്ങള്‍ കരിയുന്നതിനിടയാക്കുകയും മണ്ണിനടിയിലെ ജലാംശത്തിന്റെ പ്രകൃതിദത്തമായ ചലനം നിശ്ചലമാകുകയും ചെയ്യുന്നു. ജലാംശത്തിന്റെ അളവ് കുറയുന്നതുമൂലം മരങ്ങള്‍ കൂട്ടമായി ഉണങ്ങുന്നതോടൊപ്പം ഭൂവാസിക്കുണ്ടാകേണ്ട പച്ചപ്പിലും വരള്‍ച്ചയുണ്ടാകും.

പ്രകൃതിയെ ചൂഷണം ചെയ്യുകയെന്നത് ഒരുതരം പൈശാചിക പ്രവണതയാണ്. ഉപഭോഗവും ഉത്പാദനവും പ്രകൃതിയിലെ പല യാഥാര്‍ഥ്യങ്ങളെയും കഴുത്തറുത്തു. വന്‍ തോതിലുള്ള ഉത്പാദനത്തിന് വന്‍തോതിലുള്ള പ്രകൃതി ചൂഷണവും ഖനനവും ആവശ്യമായി. ഇതിന്റെ ഫലമായി ഗുരുതര പ്രതിസന്ധികളിലേക്ക് പരിസ്ഥിതിയെ സ്വാര്‍ഥ മോഹികള്‍ തള്ളിയിട്ടു.

വെള്ള സംഭരണത്തിന് സഹായകമാകുന്ന ഒന്നാണ് ചതുപ്പ് നിലങ്ങള്‍. ഇവയുടെ അഭാവവും ജലദൗര്‍ലഭ്യത്തിന് കാരണമാകുന്നു. 1970ലെ പഠനമനുസരിച്ച് എട്ട് ലക്ഷം ഹെക്ടര്‍ ചതുപ്പ് നിലങ്ങള്‍ ഭൂമുഖത്തുണ്ടായിരുന്നു. ഇന്നത് രണ്ട് ലക്ഷമായി ചുരുങ്ങി. അഞ്ച് പതിറ്റാണ്ട് പിന്നിട്ടപ്പോഴേക്കും ആറ് ലക്ഷം ഹെക്ടര്‍ ചതുപ്പ് നിലങ്ങള്‍ ഭൂമിക്ക് നഷ്ടമായെങ്കില്‍ ശേഷിക്കുന്ന ഹെക്ടര്‍ ചതുപ്പ് നിലങ്ങള്‍ ഇല്ലാതെയാകാന്‍ എത്ര കാലമാണ് വേണ്ടത്. വിവേകപൂര്‍ണമായിട്ടായിരിക്കണം ഓരോ ചലനങ്ങളും. ഓരോ തുള്ളി ജലവും വിലപ്പെട്ടതാണ്. ജലസാക്ഷരതയും പരിസ്ഥിതി ബോധവും ഭൗമോപരിതലത്തില്‍ ജീവിക്കുന്നവര്‍ക്കുണ്ടായിരിക്കണം.

 

---- facebook comment plugin here -----

Latest