pv anvar
നീതിയില്ലെങ്കില്‍ നീ തീയാവുക; ദുരൂഹ പ്രഖ്യാപനവുമായി പി വി അന്‍വര്‍
ഇന്നു വൈകീട്ട് മാധ്യമങ്ങളെ കാണുമെന്ന് അറിയിപ്പ്
നിലമ്പൂര്‍ | ദുരൂഹമായ പ്രഖ്യാപനവുമായി പി വി അന്‍വര്‍ എം എല്‍ എ. പരസ്യ പ്രസ്താവന പാടില്ലെന്ന് സി പി എം സെക്രട്ടറിയറ്റ് വിലക്കിയ പശ്ചാത്തലത്തില്‍ ഇന്നു വൈകീട്ട് നാലരക്ക് മാധ്യമങ്ങളെ കാണും എന്നും അദ്ദേഹം അറിയിച്ചു.
വിശ്വാസങ്ങള്‍ക്കും വിധേയത്വത്തിനും താല്‍ക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്. ‘നീതിയില്ലെങ്കില്‍ നീ തീയാവുക’എന്നാണല്ലോ.. എന്നു പറഞ്ഞുകൊണ്ടാണ് മാധ്യമങ്ങളെ കാണുന്ന വിവരം ഫേസ് ബുക്കില്‍ അറിയിച്ചിരിക്കുന്നത്. അന്‍വറിന്റെ എഫ് ബി പോസ്റ്റിനു കീഴെ ഇടത് എം എല്‍ എ എന്ന നിലയിലുള്ള അവസാന വാര്‍ത്താ സമ്മേളനം എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം എടവണ്ണ റിദാന്‍ ബാസില്‍ കൊലക്കേസില്‍ പ്രതികരണവുമായി അന്‍വര്‍ രംഗത്തെത്തിയിരുന്നു. എ ഡി ജി പി ലോ ആന്‍ഡ് ഓര്‍ഡര്‍ ചുമതലയില്‍ ഈ കേസുമായി ബന്ധമുണ്ടെന്ന് താന്‍ സംശയിക്കുന്ന വ്യക്തി തുടരുന്നിടത്തോളം കാലം ഈ കേസില്‍ നീതിപൂര്‍വ്വമായ അന്വേഷണം ഉണ്ടാകില്ലെന്ന് വ്യക്തമായെന്ന് അന്‍വര്‍ നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. എടവണ്ണ റിദാന്‍ ബാസില്‍ കൊലക്കേസില്‍ ദുരൂഹത ഉണ്ടെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും പല തവണ ആവര്‍ത്തിച്ചിരുന്നു. ഈ കേസ് പ്രത്യേക അന്വേഷണ സംഘം നേരിട്ട് വീണ്ടും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു.
നിലവില്‍ വിചാരണ നടന്നുകൊണ്ടിരിക്കുന്ന ഈ കേസില്‍ എടവണ്ണ പോലീസ് പുതിയൊരു നീക്കം നടത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട റിദാന്റെ കാണാതായ ഫോണുമായി ബന്ധപ്പെട്ട് ചില സുപ്രധാന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അതിന്റെ അന്വേഷണത്തിനായി വിചാരണ നിര്‍ത്തി വയ്ക്കണം എന്നും ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം കോടതിയെ സമീപിക്കുകയും കോടതി അത് അനുവദിക്കുകയും ചെയ്തിട്ടുണ്ട് എന്നും അന്‍വര്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു മാധ്യമങ്ങളെ കാണുമെന്ന പ്രഖ്യാപനം.