Connect with us

Prathivaram

എഴുത്തില്ലെങ്കിൽ മനസ്സിന്റെ ബാലൻസ് തെറ്റും

മികച്ച വായനക്കാർക്ക് മാത്രമേ ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരാകാൻ പറ്റൂ. പരന്ന വായനയുടെ സൃഷ്ടിയാണ് എഴുത്ത്... തുടങ്ങിയവയെല്ലാം നമുക്കിടയിൽ പരക്കെ ഉള്ള ഒരു ധാരണയാണ്. എഴുത്തിനെ ചിലരുടെ മാത്രം കുത്തകയാക്കി നിർത്തുന്നത് ഇത്തരം ധാരണകളാണ്. എഴുത്ത് വായനയുമായി ബന്ധപ്പെട്ടിരിക്കുകയാണെന്നത് തെറ്റായ ധാരണയാണ്. | എഴുത്തുകാരൻ അഖിൻ കെ യുമായി അഭിമുഖം

Published

|

Last Updated

? ഒരു ജെ സി ബി ഡ്രൈവർ മലയാളത്തിൽ അറിയപ്പെടുന്ന എഴുത്തുകാരനായ കഥ പറയാമോ ? വായന തുടങ്ങിയ കാലം, ആദ്യ കഥയുടെ പിറവി, കുടുംബ പശ്ചാത്തലം ?

പഠിച്ചു കൊണ്ടിരിക്കുന്ന കാലത്ത് വളരെ ചെറുപ്പത്തിൽ തന്നെ പല തരത്തിലുള്ള ജോലികളും ചെയ്തിരുന്നു. ഇങ്ങനെ ജോലി ചെയ്യുന്ന സമയങ്ങൾ, പ്രത്യേകിച്ചും രാത്രികാലങ്ങളിലെ ദീർഘമായ ജോലികൾക്കിടയിൽ വിരസത മാറ്റാൻ വേണ്ടി എന്തെങ്കിലും ചെറിയ കാര്യങ്ങൾ മനസ്സിലിട്ട് ഇങ്ങനെ ചിന്തിച്ചെടുക്കും. ഈ പതിവ് എന്റെ ചിന്തകൾ അൽപ്പം ഭാവനാസമ്പന്നമാണ് എന്ന ധാരണയെ ബലപ്പെടുത്തി. ആദ്യകാലത്ത് സിനിമകൾ എഴുതാനാണ് ശ്രമിച്ചത്. ആ മേഖലയിൽ ഉദ്ദേശിച്ച ഓപ്പണിംഗ് ലഭിക്കാതെ വന്നപ്പോൾ എഴുത്ത് കഥകളിലേക്ക് തിരിഞ്ഞു. അതിനു ശേഷമാണ് നോവൽ എഴുത്തിലേക്ക് വരുന്നത്. എന്റെ ജീവിതത്തിൽ ഞാൻ നേരിട്ടറിഞ്ഞതോ പരിചയമുള്ള ആരുടെയെങ്കിലും ജീവിതത്തിൽ സംഭവിച്ചതോ ആയ കാര്യങ്ങളാണ് പൊതുവെ എഴുതാനെടുക്കുന്നത്. വീട്ടിൽ അമ്മ, അനിയൻ, അച്ഛൻ എന്നിവരാണ് കൂട്ട്. പൊതുവെ എനിക്ക് കൂട്ടുകാർ വളരെ കുറവാണ്. വീട്ടുകാർ അടക്കം ആരുമായും അങ്ങനെ ഊഷ്മളമായ ഒരു ബന്ധം കാത്തുസൂക്ഷിക്കുന്നില്ല. ഈ കാരണം കൊണ്ട് തന്നെ ആൾക്കാരോട് ഇടപഴകുന്നത് വളരെ കുറവാണ്. ഇത് കാരണം സമയം വളരെ കൂടുതൽ ഉണ്ട്. ഈ സമയക്കൂടുതലായിരുന്നു തുടക്കകാലത്തെ എന്റെ എഴുത്തിന്റെ പ്രധാന ഇന്ധനശേഖരണം. മലയാളത്തിലെ പതിവു രീതിയനുസരിച്ച് വായനക്ക് ശേഷം എഴുത്തിലേക്ക് വന്നയാളല്ല ഞാൻ. ഇത്ര പുസ്തകങ്ങൾ വായിച്ചു, ഇനി ചിലത് എഴുതിക്കളയാം എന്നൊരു രീതിയിലല്ല. വായനയുടെ പിൻബലം തുടക്കകാലത്തും ഇപ്പോഴും എന്റെ എഴുത്തിലില്ല‌. വായനാശീലം വളരെ കുറവാണ്.

? വായനാശീലം വളരെ കുറവാണെന്ന് പറയുന്നു. അപ്പോൾ അനുഭവങ്ങളിലൂടെ എഴുത്തുകാരനായി അടയാളപ്പെട്ടതിനു ശേഷമാണോ നല്ല വായനക്കാരനാകുന്നത്? അങ്ങനെയെങ്കിൽ അനുഭവങ്ങൾ വെച്ച് എഴുതണം എന്ന് പറഞ്ഞ് അഖിലിനെ എഴുത്തിലേക്ക് വഴി നടത്തിച്ച ഒരാൾ, ഏതൊരെഴുത്തുകാരന്റെ പിന്നിലുമെന്ന പോലെ ഇവിടെയും കാണില്ലേ? അതാരാണ്?

മികച്ച വായനക്കാർക്ക് മാത്രമേ ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരാകാൻ പറ്റൂ. പരന്ന വായനയുടെ സൃഷ്ടിയാണ് എഴുത്ത്… തുടങ്ങിയവയെല്ലാം നമുക്കിടയിൽ പരക്കെ ഉള്ള ഒരു ധാരണയാണ്. എഴുത്തിനെ ചിലരുടെ മാത്രം കുത്തകയാക്കി നിർത്തുന്നത് ഇത്തരം ധാരണകളാണ്. എഴുത്ത് വായനയുമായി ബന്ധപ്പെട്ടിരിക്കുകയാണെന്നത് തെറ്റായ ധാരണയാണ്. നിങ്ങൾ വായിക്കുകയാണെങ്കിൽ അതു നല്ലതാണ്. പക്ഷേ, വായനയിൽ നിന്നല്ല എഴുത്തുണ്ടാകുന്നത്. ഫിക്്്ഷനിൽ നിന്ന് ഫിക്്്ഷനുണ്ടാക്കാനാകില്ല. ജീവിതാനുഭവങ്ങളും ജീവിതാനുഭവങ്ങൾ ഉള്ളവരേയും എഴുത്തിനായി ആശ്രയിക്കുന്നുണ്ട്. നോൻ ഫിക്്്ഷൻ വായിക്കാൻ ഇഷ്ടമാണ്. എഴുത്തിലേക്ക് വന്ന ശേഷം പ്രധാനമായും ഇത്തരം വായനകളിലേക്കാണ് തിരിഞ്ഞത്. വായനക്കാർ നേരിട്ട് കണ്ടെത്തിയ ഒരു എഴുത്തുകാരനാണ് ഞാൻ എന്ന് എപ്പോഴും തോന്നാറുണ്ട്. അതു പോലെയൊരു വഴിയിലൂടെയാണ് ഞാൻ വന്നത്. വായനക്കാരെ മാറ്റി നിർത്തുകയാണെങ്കിൽ എഴുത്തിൽ കടപ്പാടുള്ളത് തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രനോടാണ്.

? നീലച്ചടയൻ എന്ന ആദ്യ കഥാ സമാഹാരം ഉണ്ടാകുന്നത് എങ്ങനെയാണ് ? പ്രസിദ്ധീകരിച്ചു വന്ന കഥകളാണോ എല്ലാം? അതിന്റെ ഓർമകൾ എന്തൊക്കെയാണ്. ?

എട്ട് കഥകളുടെ സമാഹാരമാണ് നീലച്ചടയൻ. ഇതിൽ ഉള്ള കഥകൾ ഒന്നും തന്നെ മുന്പ് പ്രസിദ്ധീകരിച്ച് വന്നവയല്ല. നാല് വർഷം ഞാൻ നിരന്തരമായി ആഴ്ചപ്പതിപ്പിലേക്ക് കഥകൾ അയച്ചിരുന്നു. ഒരു കഥ തന്നെ 20 ൽ കൂടുതൽ തവണയൊക്കെ ഒരേ ആഴ്ചപ്പതിപ്പിലേക്ക് അയച്ചിട്ടുണ്ട്. കഥകൾ ഒന്നും തന്നെ പ്രസിദ്ധീകരിച്ചു വന്നില്ല. അതിനു ശേഷം പുസ്തക രൂപത്തിൽ ഇറക്കാൻ ശ്രമിച്ചു. മലയാളത്തിലെ ഒരു പ്രസാധകരും അതു പുസ്തകമായി ഇറക്കാൻ തയ്യാറായില്ല. ഞാൻ സ്വന്തം പണം മുടക്കി ഇറക്കിയ 300 കോപ്പിയിലൂടെയാണ് നീലച്ചടയൻ വരുന്നത്. ആദ്യത്തെ രണ്ട് മാസം ഇത് ഒരു പുസ്തക കടകളിലും ലഭ്യമായിരുന്നില്ല. പേരിനു പോലും കടകളിലൂടെ വിൽപ്പന ഉണ്ടായിരുന്നില്ല. പ്രസാധകർ അടക്കം ആരും പുസ്തകം കടകൾ വഴി വിൽക്കാൻ തയ്യാറായില്ല. ഇത്തരം പുസ്തകങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുകയോ… ഒന്നോ രണ്ടോ മാസത്തെ ഓളത്തിനു ശേഷം എഴുത്തുകാരാൽ മറവിയിലേക്ക് തള്ളപ്പെടുകയോ ആണ് സാധാരണ അനുഭവം. നീലച്ചടയൻ പക്ഷേ ആറ് പതിപ്പുകൾ പിന്നിട്ട് ഇപ്പോഴും വിൽപ്പനയിലുണ്ട്. ഇത് ഞാൻ ഒരു തരത്തിലും പ്രതീക്ഷിച്ചിരുന്നതല്ല. ആദ്യ പുസ്തകം മാർക്കറ്റിൽ പരാജയപ്പെട്ടാൽ രണ്ടാമതും മൂന്നാമതും പുസ്തകങ്ങൾ ഇറക്കുകയും എഴുത്തിൽ തന്നെ നിൽക്കുകയും ചെയ്യുന്ന ആളുകളുണ്ട്. ഞാൻ അത്ര കോൺഫിഡൻസ് ഉള്ള ആളല്ല. നീലച്ചടയന് വായനയും വിൽപ്പനയും ഇല്ലാതെ പോയിരുന്നെങ്കിൽ ഞാൻ തീർച്ചയായും എഴുത്ത് നിർത്തുമായിരുന്നു. ആ വിധത്തിൽ നോക്കുമ്പോൾ വായനക്കാരോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്.

? എഴുതാൻ പരിപൂർണ നിശ്ശബ്ദതയും ഏകാന്തതയും നിറഞ്ഞ ഒരിടമാണ് എഴുത്തുകാർക്ക് പൊതുവെ വേണ്ടത്. അഖിലിന് എഴുത്തിന്റെ സന്ദർഭവും സമയവും എപ്പോഴാണ്?

തീർച്ചയായും ഏകാന്തതയും നിശ്ശബ്ദതയും സമാധാനവുമാണ് വേണ്ടത്. നിർഭാഗ്യവശാൽ ഇത് മൂന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് എഴുതിക്കൊണ്ടിരിക്കുന്നത്. ജോലിക്കിടയിലും മറ്റും കിട്ടുന്ന ഇടവേളകളിലാണ് പകൽ പ്രധാനമായും എഴുത്ത് നടക്കുന്നത്. തീരെ ഏകാഗ്രത ലഭിക്കാത്ത അന്തരീക്ഷമാണ്. ജോലി കഴിഞ്ഞ് വീട്ടിലെത്താൻ വൈകും. എല്ലാവരും ഉറങ്ങിയ ശേഷമോ പുലർച്ചെയോ എഴുതും. ഇപ്പോൾ ആൾക്കൂട്ടത്തിലും ബഹളത്തിനുമിടയിൽ നിന്ന് എഴുതിയും ചിന്തിച്ചും ശീലമായി. ഓർമകൾ പ്രശ്നമാണ്. മനസ്സമാധാനം ഉള്ള അന്തരീക്ഷത്തിൽ ഇരുന്ന് വർക്ക് ചെയ്യാം എന്ന് കരുതിയാൽ ഒന്നും നടക്കില്ല. ഏത് തിരക്കിനിടയിലും നമ്മളിലേക്ക് തന്നെ ചുരുങ്ങാനാണ് ഇപ്പോൾ പഠിക്കുന്നത്. ജോലിയുടെ ഭാഗമായാണെങ്കിലും ദൂരയാത്രയാണെങ്കിൽ ലാപ് ടോപ്പ് കൂടെ കരുതും. എഴുത്തില്ലെങ്കിൽ മനസ്സിന്റെ ബാലൻസ് തെറ്റുന്നത് പോലെയാണ്. ഞാൻ ഏകാന്തതയുടെയും സമാധാനത്തിന്റെയുമൊക്കെ ആരാധകനാണ്. ഇന്നല്ലെങ്കിൽ നാളെ അങ്ങനെയൊരു നല്ല കാലം സ്വപ്നങ്ങളിൽ ഉണ്ട്.

Latest