Kerala
ഗൂഢാലോചനയെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ എന്തുകൊണ്ട് പ്രതി ചേര്‍ത്തില്ല; ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസില്‍ ചോദ്യങ്ങളുമായി കോടതി
ഒരാള്‍ക്ക് ഒറ്റയ്ക്ക് ഗൂഢാലോചന നടത്താന്‍ പറ്റുമോ? ഗൂഢാലോചന കുറ്റം എങ്ങനെ നിലനില്‍ക്കുമെന്നും കോടതി
കോഴിക്കോട് | ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസില്‍ ഗൂഢാലോചന വകുപ്പ് ചുമത്തിയതില്‍ അഡീഷണല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടു. കേസില്‍ ഗൂഢാലോചന കുറ്റം എങ്ങിനെ നിലനില്‍ക്കുമെന്നും കോടതി ചോദിച്ചു. കേസ് പരിഗണിക്കുന്നത് അടുത്തമാസം മൂന്നിലേക്ക് മാറ്റി. ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എം എസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി.
എം എസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബിനെ വേട്ടയാടാന്‍ ആണ് ഇത്തരമൊരു കേസ് കെട്ടിച്ചമച്ചതെന്ന് പതിഭാഗം കോടതിയില്‍ വാദിച്ചു.ചോദ്യങ്ങള്‍ ചോര്‍ത്തിയിട്ടില്ല പ്രവചിക്കുക മാത്രമാണ് ചെയ്തത്.എം എസ് സൊല്യൂഷന്‍സിനേക്കാള്‍ പ്രവചനം നടത്തിയവര്‍ വേറെയുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. അതേ സമയം, എം എസ് സൊല്യൂഷന്‍സും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് പിന്നെ ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്തിട്ടില്ല എന്ന് കോടതി. ഒരാള്‍ക്ക് ഒറ്റയ്ക്ക് ഗൂഢാലോചന നടത്താന്‍ പറ്റുമോ? ഗൂഢാലോചന കുറ്റം എങ്ങനെ നിലനില്‍ക്കുമെന്നും കോടതി ചോദിച്ചു. സര്‍ക്കാര്‍ ആണ് ചോദ്യപേപ്പറിന്റെ കസ്റ്റോഡിയന്‍ .ഗൂഢാലോചന വകുപ്പ് ചുമത്തിയതില്‍ അധിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടു. ചോദ്യം പ്രവചിക്കുന്നത് കുറ്റകരമല്ല എന്ന നിരീക്ഷണവും കോടതി നടത്തി.