Connect with us

International

ഭൂമിയിൽ ഒരു നരകമുണ്ടെങ്കിൽ അതിന്റെ പേരാണ് വടക്കൻ ഗസ്സ: യു എൻ

റഫ ക്രോസിംഗ് വഴി ഗസ്സയിലേക്ക് സഹായം എത്തിക്കുന്നതിൽ ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും യു എൻ ഏജൻസി

Published

|

Last Updated

ഗസ്സ സിറ്റി | ഭൂമിയിൽ ഒരു നരകമുണ്ടെങ്കിൽ അത് വടക്കൻ ഗസ്സയാണെന്ന് ഐക്യരാഷ്ട്ര സഭ. യുഎൻ ഓഫീസ് ഫോർ കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് – ഒ സി എച്ച് എ വക്താവ് ജെൻസ് ലാർകെയാണ് ഇക്കാര്യം പറഞ്ഞത്. റഫ ക്രോസിംഗ് വഴി ഗസ്സയിലേക്ക് സഹായം എത്തിക്കുന്നതിൽ ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രക്കുകൾക്ക് വേണ്ടിയല്ല, കാൽനടയാത്രക്കാർക്ക് വേണ്ടിയാണ് ക്രോസിംഗ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ജെൻസ് ലാർകെ പറഞ്ഞു. ഭക്ഷണം, മരുന്ന്, ശുചിത്വ സാമഗ്രികൾ, വെള്ളം എന്നിവ കയറ്റിയ 65 ട്രക്കുകളും ഏഴ് ആംബുലൻസുകളും മാത്രമാണ് ബുധനാഴ്ച ഈജിപ്തിൽ നിന്ന് ഗസ്സയിലേക്ക് കടന്നത്. ആ സഹായത്തിനൊന്നും വടക്കൻ ഗസ്സയിൽ എത്താൻ കഴിയില്ലെന്നും അദ്ദേഹം ആശങ്കപ്പെട്ടു.

‘നിലവിലെ ഘട്ടത്തിൽ ഞങ്ങൾക്ക് വടക്കൻ ഗസ്സയിലേക്ക് വാഹനം കൊണ്ടുപോകാൻ സാധിക്കില്ല. ഇത് തീർച്ചയായും വളരെ നിരാശാജനകമാണ്. കാരണം വടക്ക് ഭാഗത്ത് ലക്ഷക്കണക്കിന് ആളുകൾ അവശേഷിക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം’ – അദ്ദേഹം പറഞ്ഞു.

‘ഇന്ന് ഭൂമിയിൽ ഒരു നരകം ഉണ്ടെങ്കിൽ, അതിന്റെ പേര് വടക്കൻ ഗസ്സ എന്നാണ്. ഭയാനകമാണ് അവിടത്തെ ജീവിത സാഹചര്യം. അത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ കുട്ടികളോട് നിങ്ങൾ എന്ത് പറയും എന്നത് ഊഹിക്കാൻ പോലും കഴിയില്ല. അവർ ആകാശത്ത് കാണുന്ന തീ അവരെ കൊല്ലാനാണെന്നാണോ അവരോട് പറയുക’ – അദ്ദേഹം പറഞ്ഞു.

Latest