Connect with us

Editorial

പാര്‍ലിമെന്റിന്റെ സുരക്ഷ ഇതെങ്കില്‍!

വാജ്പയ് സര്‍ക്കാറിന്റെ കാലത്തെ പാര്‍ലിമെന്റ് ആക്രമണ ഘട്ടത്തിലുണ്ടായ സുരക്ഷാ വീഴ്ചയേക്കാള്‍ ഗുരുതരമായ വീഴ്ചയാണ് ഇത്തവണത്തേത്. സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യമാണ് ഇക്കാര്യത്തില്‍.

Published

|

Last Updated

അതീവ ഗൗരവതരമാണ് പാര്‍ലിമെന്റില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ സംഭവങ്ങള്‍. പാര്‍ലിമെന്റ് ശീതകാല സമ്മേളനം നടന്നുകൊണ്ടിരിക്കെയാണ് അക്രമികള്‍ സന്ദര്‍ശക പാസ്സിലെത്തി ലോക്‌സഭയുടെ നടുത്തളത്തിലേക്ക് ചാടിയിറങ്ങി കളര്‍ സ്പ്രേ പ്രയോഗം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അവരുടെ കൈയില്‍ മാരകമായ മറ്റു ആയുധങ്ങളുണ്ടായിരുന്നെങ്കില്‍ എന്തായിരുന്നു അവസ്ഥ? രാജ്യത്തെ ഏറ്റവും വലിയ സുരക്ഷാ സംവിധാനങ്ങളുള്ള ഇടമാണ് പാര്‍ലിമെന്റ്. പഴയ പാര്‍ലിമെന്റ് മന്ദിരത്തില്‍ ത്രിതല സുരക്ഷാ നടപടിക്രമങ്ങളാണുണ്ടായിരുന്നതെങ്കില്‍ പുതിയ മന്ദിരത്തില്‍ അഞ്ചിന സുരക്ഷാ ക്രമങ്ങളുണ്ട്. സന്ദര്‍ശകര്‍ ആധാര്‍ കാര്‍ഡ് കാണിക്കണം. ഒരു പാര്‍ലിമെന്റ് അംഗം നല്‍കുന്ന പാസ്സ് വേണം. കൂടാതെ കവാടത്തില്‍ സുരക്ഷാ വിഭാഗം വിശദമായി പരിശോധിക്കുന്നു. ഇതെല്ലാം ഭേദിച്ച് അക്രമികള്‍ സഭക്കകത്തു കടന്നു കയറിയത് വന്‍ സുരക്ഷാ വീഴ്ചയാണ.്

ദുരൂഹതകളുണ്ട് സംഭവത്തില്‍. ലോക്സഭയിലെ നടപടിക്രമങ്ങളുടെ റൂള്‍ 386 അനുസരിച്ച് സഭാ മന്ദിരത്തിനകത്തേക്കുള്ള സന്ദര്‍ശക പാസ്സ് നല്‍കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു പാര്‍ലിമെന്റ് അംഗത്തിന്, തനിക്ക് വ്യക്തിപരമായി അറിയുന്ന ആളിന് മാത്രമേ സന്ദര്‍ശക പാസ്സിനായി അപേക്ഷിക്കാന്‍ പാടുള്ളൂ. പാസ്സ് ലഭിക്കുന്നയാള്‍, തനിക്കു വ്യക്തിപരമായി അറിയുന്ന ബന്ധുവോ സുഹൃത്തോ ആണെന്ന് എം പി സാക്ഷ്യപ്പെടുത്തുകയും വേണം. സന്ദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്ന ദിവസത്തിന്റെ തൊട്ടുമുമ്പുള്ള പ്രവൃത്തി ദിവസം വൈകുന്നേരം നാല് മണിക്ക് മുമ്പായി പാസ്സിനുള്ള അപേക്ഷ സെന്‍ട്രലൈസ്ഡ് പാസ്സ് ഇഷ്യൂ സെല്ലില്‍ ലഭിച്ചിരിക്കുകയും വേണം.

ബുധനാഴ്ച പാര്‍ലിമെന്റില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികള്‍ക്ക് പാസ്സ് നല്‍കിയത് മൈസൂര്‍ കുടക് മണ്ഡലത്തില്‍ നിന്നുള്ള ബി ജെ പി. എം പി പ്രതാപ് സിംഹാണ്. ‘പിടിയിലായ അക്രമികളില്‍ ഒരാളായ സാഗര്‍ ശര്‍മയുടെ പിതാവ് മൈസൂരുവില്‍ തന്റെ ലോക്‌സഭാ മണ്ഡലക്കാരനാണ.് പുതിയ പാര്‍ലിമെന്റ് മന്ദിരം സന്ദര്‍ശിക്കാന്‍ അദ്ദേഹം പാസ്സ് ആവശ്യപ്പെട്ടു. തന്റെ പേഴ്‌സനല്‍ അസ്സിസ്റ്റന്റുമായും ഓഫീസുമായും പാസ്സിനായി അവര്‍ നിരന്തരം ബന്ധപ്പെട്ടു. ഇതല്ലാതെ കൂടുതല്‍ വിവരങ്ങളൊന്നും തനിക്കറിയില്ലെ’ന്നാണ് പാസ്സ് നല്‍കിയതിനെക്കുറിച്ച് പ്രതാപ് സിംഹ എം പി സ്പീക്കര്‍ക്ക് വിശദീകരണം നല്‍കിയത്. കൃത്യമായ വിവരമില്ലാത്ത വ്യക്തികള്‍ക്ക് എങ്ങനെയാണ് അദ്ദേഹം പാസ്സ് നല്‍കുക?

പോലീസിന്റെ പ്രാഥമിക റിപോര്‍ട്ടിലുമുണ്ട് ദുരൂഹത. പ്രതികള്‍ക്ക് തീവ്രവാദ ബന്ധമില്ല. ഹരിയാന സ്വദേശി നീലംദേവി, മൈസൂരു സ്വദേശിയും എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുമായ മനോരഞ്ജന്‍, ഹരിയാന ഗുരുഗ്രാം സ്വദേശി ലളിത് ഝാ, സാഗര്‍ ശര്‍മ, വിക്രം എന്നിങ്ങനെ ആറ് പേരാണ് പോലീസ് റിപോര്‍ട്ടനുസരിച്ച് പ്രതികള്‍. വിവിധ സംസ്ഥാനക്കാരായ ഇവര്‍ ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ടാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് ഭാഷ്യം. ഇതെത്രത്തോളം വിശ്വസനീയമാണ്? അതേസമയം സി പി ഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞതു പോലെ പ്രതികള്‍ മുസ്ലിം നാമധാരികളോ, പാസ്സ് നല്‍കിയത് മുസ്ലിം എം പിമാരോ അല്ലെങ്കില്‍ പ്രതിപക്ഷ എം പിമാരോ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു പോലീസ് ഭാഷ്യം. സംഭവത്തില്‍ പാകിസ്താന്റെയും തീവ്രവാദികളുടെയും പങ്ക് കണ്ടെത്തുമായിരുന്നില്ലേ? സംഘ്പരിവാര്‍ രാജ്യമൊട്ടാകെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമായിരുന്നു. മുസ്ലിം ഇന്ത്യ മൊത്തം പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടുമായിരുന്നു. ഇന്ന് പക്ഷേ ബി ജെ പിക്കും സംഘ്പരിവാറിനും മിണ്ടാട്ടമില്ല. പാര്‍ലിമെന്റില്‍ അതിക്രമിച്ച് കയറിയവര്‍ക്ക് പാസ്സ് നല്‍കിയത് എം പിമാരായ ഉവൈസിയോ ദാനിഷ് അലിയോ ആയിരുന്നെങ്കില്‍ എന്തായിരുന്നു അവസ്ഥയെന്ന് ചിന്തിച്ചു നോക്കുകയെന്നാണ് ഇതേക്കുറിച്ച് ഡല്‍ഹിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി പ്രതികരിച്ചത്.

22 വര്‍ഷം മുമ്പ് നടന്ന പാര്‍ലിമെന്റ് ആക്രമണത്തെയും 2019ലെ പുല്‍വാമ ആക്രമണത്തെയും ഓര്‍മപ്പെടുത്തുന്നുണ്ട് പാര്‍ലിമെന്റ് ഹാളിലെ ബുധനാഴ്ചത്തെ സംഭവം. 2001ലെ പാര്‍ലിമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനമാണ് അക്രമികള്‍ തങ്ങളുടെ പരാക്രമങ്ങള്‍ക്ക് തിരഞ്ഞെടുത്തത്. ശവപ്പെട്ടി കുംഭകോണത്തില്‍ വാജ്പയ് സര്‍ക്കാര്‍ ആടിയുലഞ്ഞ സമയത്തായിരുന്നു അന്നത്തെ ഭീകരാക്രമണം. ഇതോടെ ശവപ്പെട്ടി കുംഭകോണത്തില്‍ നിന്ന് ജന ശ്രദ്ധ തിരിഞ്ഞു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് 2019 ഫെബ്രുവരി 14നായിരുന്നു പുല്‍വാമ ‘ഭീകരാക്രമണം’. ഇത് തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വലിയ ഗുണം ചെയ്തു. രാജ്യം പുതിയ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോഴാണ് ഇപ്പോള്‍ പാര്‍ലിമെന്റ് വീണ്ടുമൊരു ആക്രമണത്തിന് സാക്ഷ്യം വഹിച്ചിരിക്കുന്നത്. ആരായിരിക്കും ഇതിന്റെ ഗുണഭോക്താക്കള്‍.

പാര്‍ലിമെന്റിന്റെ സുരക്ഷ പോലും ഇവ്വിധമെങ്കില്‍ എന്താണ് രാജ്യത്തെ സാധാരണക്കാരന്റെ അവസ്ഥ. പ്രശ്നത്തെ അതര്‍ഹിക്കുന്ന ഗൗരവത്തോടെ കാണണം. ആറ് സുരക്ഷാ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതു കൊണ്ടായില്ല. വാജ്പയ് സര്‍ക്കാറിന്റെ കാലത്തെ പാര്‍ലിമെന്റ് ആക്രമണ ഘട്ടത്തിലുണ്ടായ സുരക്ഷാ വീഴ്ചയേക്കാള്‍ ഗുരുതരമായ വീഴ്ചയാണ് ഇത്തവണത്തേത്. 2001ലെ ആക്രമണത്തെ ചെറുക്കുന്നതിനിടെ സുരക്ഷാ സൈനികര്‍ക്ക് ജീവഹാനി സംഭവിച്ചെങ്കിലും അക്രമികള്‍ക്ക് പാര്‍ലിമെന്റിനകത്തേക്ക് കടക്കാനായിരുന്നില്ല. ഇത്തവണ പക്ഷേ കൂടുതല്‍ സുരക്ഷാ സംവിധാനം സജ്ജീകരിച്ചുവെന്നവകാശപ്പെടുന്ന പുതിയ മന്ദിരത്തിലേക്ക് എല്ലാ സുരക്ഷാ കടമ്പകളെയും മറികടന്ന് അക്രമികള്‍ അകത്തെത്തിയിരിക്കുകയാണ്. പാസ്സെടുത്ത മൈസൂരുവിലെ മനോരഞ്ജന്‍, ബി ജെ പി. എം പിയുടെ ഓഫീസുമായി കഴിഞ്ഞ മൂന്ന് മാസമായി നിരന്തരം സമ്പര്‍ക്കത്തിലായിരുന്നിട്ടും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് അതറിയാനായില്ലെന്നത് സന്ദേഹം ഉയര്‍ത്തുന്നു. സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യമാണ് ഇക്കാര്യത്തില്‍.

 

Latest