Connect with us

Kerala

ഇടുക്കിയില്‍ താമസിക്കാന്‍ കഴിയില്ലെങ്കില്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കണം: എം എം മണി

കോടതി നിയമിച്ചതുകൊണ്ട് അമിക്കസ് ക്യൂറി പറയുന്നതെല്ലാം കേള്‍ക്കണമെന്ന ആവശ്യം ജനങ്ങള്‍ക്കില്ല.

Published

|

Last Updated

തൊടുപുഴ |  ഇടുക്കിയില്‍ സിപിഎം ഓഫീസുകളുടെ നിര്‍മ്മാണത്തിന് നിരോധമേര്‍പ്പെടുത്തിയ ഹൈക്കോടതിക്കെതിരെ മുന്‍മന്ത്രി എംഎം മണി. ഇടുക്കിയില്‍ താമസിക്കാന്‍ കഴിയില്ലെങ്കില്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കാന്‍ ഉത്തരവിടണം.പരാതി കേള്‍ക്കാന്‍ കോടതി തയ്യാറാകണം. ആരെന്തൊക്കെ വിരട്ടിയാലും ജനങ്ങള്‍ക്ക് വേണ്ടി പൊരുതും- എം എം മണി മൂന്നാറിലെ പ്രതിഷേധ സംഗമത്തില്‍ പറഞ്ഞു.

കലക്ടറുടെ നിര്‍മ്മാണ നിരോധന ഉത്തരവ് ജനപ്രതിനിധികളോട് ആലോചിക്കാതെയാണ്. ഇടുക്കിയിലെ ജനങ്ങളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങളെ അണിനിരത്തി സര്‍ക്കാരിനെതിരെയും പോരാട്ടം നടത്തും. ഇതിന്റെയെല്ലാം പേരില്‍ കണ്ണുരുട്ടി പേടിപ്പിക്കാന്‍ വന്നാല്‍ അതു സമ്മതിക്കില്ല. കോടതി നിയമിച്ചതുകൊണ്ട് അമിക്കസ് ക്യൂറി പറയുന്നതെല്ലാം കേള്‍ക്കണമെന്ന ആവശ്യം ജനങ്ങള്‍ക്കില്ല.സാധാരണക്കാരന്റെ വായില്‍ മണ്ണിട്ട് മെക്കിട്ടു കേറാന്‍ വന്നാല്‍ ശക്തമായി ചെറുക്കും. ഇടുക്കി ജില്ലയിലെ ജനങ്ങളെ പീഡിപ്പിക്കുന്ന നിലപാടുകള്‍ കോടതികള്‍ തിരുത്തണം.

കോടതിയില്‍ ഉള്ളവര്‍ ഉള്‍പ്പെടെ നല്ല ചായ കുടിക്കുന്നത് ഇടുക്കിയിലെ ചായപ്പൊടി കൊണ്ടാണ്. പരാമര്‍ശങ്ങളുടെ പേരില്‍ തൂക്കിക്കൊന്നാലും പേടിയില്ലെന്നും എംഎം മണി പറഞ്ഞു.

സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും, അതിന് ഒരു ശക്തിയേയും അനുവദിക്കില്ലെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഇന്നലെ പറഞ്ഞിരുന്നു. ശാന്തന്‍പാറ സിപിഎം ഓഫീസ് നിര്‍മ്മാണ വിവാദത്തില്‍ പരസ്യപ്രസ്താവന പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതിന് പിന്നാലെയായിരുന്നു പ്രസ്താവന

Latest