തെളിയോളം
ദുർബലനാണോ, എങ്കിൽ നിങ്ങളാണ് ശക്തൻ
നമ്മുടെ ദൗർബല്യങ്ങൾ മറച്ചു വെച്ച് താൻ വലിയ ശക്തനും കഴിവുറ്റവനും സ്വാധീനമുള്ളവനും ആണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ നിരന്തരം പരിശ്രമിക്കുന്നവർക്ക് ശരിയായ നേതൃബലം നേടാനും ഈടുള്ള ബന്ധങ്ങൾ കെട്ടിപ്പടുക്കാനും കഴിയില്ല.

“ധൈര്യം ആരംഭിക്കുന്നത് നമ്മൾ എന്താണെന്ന് സ്വയം അറിയുന്നതിലൂടെയും അത് കാണാൻ മറ്റുള്ളവരെ അനുവദിക്കുന്നതിലൂടെയുമാണ്’ എന്ന ഒരു മഹത് വചനമുണ്ട്. നമ്മുടെ ബലഹീനതകൾ മറ്റുള്ളവർ മനസ്സിലാക്കുന്നത് ഒരു ദുർബലതയാണ്, എന്നാൽ ആ ദുർബലത യഥാർഥ ശക്തിയാണ് എന്നറിയണം. ശക്തിയുടെ നേർവിപരീതമാണ് ദൗർബല്യം എന്നത് എല്ലായ്പോഴും ശരിയല്ല. ചില സമയങ്ങളിൽ പ്രത്യേകിച്ച് നേതൃശക്തി പ്രകടിപ്പിക്കേണ്ട സന്ദർഭങ്ങളിൽ ദുർബലത വലിയ ഗുണമേന്മയാണ്.
നമ്മുടെ ദൗർബല്യങ്ങൾ മറച്ചു വെച്ച് താൻ വലിയ ശക്തനും കഴിവുറ്റവനും സ്വാധീനമുള്ളവനും ആണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ നിരന്തരം പരിശ്രമിക്കുന്നവർക്ക് ശരിയായ നേതൃബലം നേടാനും ഈടുള്ള ബന്ധങ്ങൾ കെട്ടിപ്പടുക്കാനും കഴിയില്ല. താനൊരു പൂർണനാണ് എന്ന ചിന്തക്ക് പകരം ദുർബലത അഥവാ തുറന്നതും സത്യസന്ധവും അപൂർണവുമാകാനുള്ള സന്നദ്ധത ഒരു നേതാവിന് ഉണ്ടായിരിക്കേണ്ട ഏറ്റവും വലിയ ശക്തികളിൽ ഒന്നാണ് എന്ന് ഉൾക്കൊള്ളണം. ദുർബലത ബലഹീനതയല്ല ധൈര്യമാണെന്നർഥം. ഫലം നിയന്ത്രിക്കാൻ കഴിയാത്തപ്പോൾ കാണിക്കാനുള്ള ധൈര്യമാണ് ബലഹീനത.
ദുർബലതക്ക് യഥാർഥത്തിൽ നമ്മെ ഭയത്തിൽ നിന്ന് മോചിപ്പിക്കാനും നമ്മുടെ മനുഷ്യബന്ധങ്ങൾ ആഴത്തിലാക്കാനും കഴിയും. നിങ്ങൾക്ക് അനിശ്ചിതത്വമുണ്ടാകുമ്പോൾ, അല്ലെങ്കിൽ നിങ്ങൾ തികഞ്ഞ പ്രതിസന്ധിയിൽ അകപ്പെടുമ്പോൾ അത് എങ്ങനെയെങ്കിലും മറ്റുള്ളവർക്ക് അറിയാം എന്നതാണ് വസ്തുത. അത് നിങ്ങൾ തന്നെ തുറന്നുപറയുകയാണെങ്കിൽ കൂടുതൽ ആധികാരികതയുടെയും സത്യത്തിന്റെയും ഒരു അന്തരീക്ഷം നിങ്ങൾക്കു ചുറ്റും രൂപപ്പെടുകയാണ് ചെയ്യുക.
നമ്മൾ കുറ്റമറ്റവരാണെന്ന് നടിക്കുന്നെങ്കിൽ, നമ്മുടെ ടീമിന്റെ വിശ്വാസത്തെയും സർഗാത്മകതയെയും നമ്മൾ തന്നെ തടയുകയാണ് ചെയ്യുന്നത്. എന്നാൽ സ്വന്തം തെറ്റുകൾ സമ്മതിച്ചുകൊണ്ടോ, കൂടെയുള്ള ടീമിനോട് സഹായം ചോദിച്ചുകൊണ്ടോ, വ്യക്തിപരമായ വെല്ലുവിളികൾ പങ്കുവെച്ചുകൊണ്ടോ നമ്മൾ ദുർബലത കാണിക്കുമ്പോൾ അത് നമ്മുടെ ആധികാരികതയും വിശ്വാസവും വളർത്തിയെടുക്കുകയാണ്. സഹപ്രവർത്തകരോട് നിങ്ങളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തുന്നത് പരിശീലിച്ചു നോക്കൂ. നിങ്ങളുടെ പശ്ചാത്തലം, മൂല്യങ്ങൾ, അനുഭവം, അല്ലെങ്കിൽ ഒരു പരാജയം, അതിൽ നിന്ന് നിങ്ങൾ എന്ത് പഠിച്ചു എന്നിവയെക്കുറിച്ച് എന്തെങ്കിലും പങ്കിട്ടു നോക്കൂ.ആ പങ്കിടൽ ടീം അംഗങ്ങൾക്ക് മുഖംമൂടിയില്ലാതെ യഥാർഥമായിരിക്കാനുള്ള പ്രചോദനവും സ്വാതന്ത്ര്യവും നൽകുകയും അതുവഴി ആ ധീരത അവരെ ശക്തിപ്പെടുത്തുകയും പ്രതിരോധശേഷിയുള്ള ടീം സംസ്കാരങ്ങൾ കെട്ടിപ്പടുക്കുകയും ചെയ്യും.
പെപ്‌സികോയുടെ സി ഇ ഒ സ്ഥാനം ഏറ്റെടുക്കാൻ തന്നെ തിരഞ്ഞെടുത്തു എന്നറിഞ്ഞ ഇന്ദ്ര നൂയി ആദ്യം ചെയ്തത് വിമാനം കയറി തന്റെ ഏറ്റവും വലിയ എതിരാളിയെ അയാൾ അവിടെ ചെയ്തിരുന്ന ജോലിയിലേക്ക് തിരിച്ച് എത്തിക്കുക എന്നതായിരുന്നു. പെപ്‌സിയിൽ തന്നെ തുടരാൻ അയാളെ പ്രേരിപ്പിക്കാൻ നുയി ആഗ്രഹിച്ചു. അദ്ദേഹത്തെ കമ്പനിക്ക് ആവശ്യമാണെന്നും അദ്ദേഹം കൂടെയുണ്ടെങ്കിൽ കമ്പനി കൂടുതൽ മികച്ചതായിരിക്കുമെന്നും നൂയി പറഞ്ഞത് സാമാന്യമായി സ്വന്തം ദുർബലതയായാണ് തോന്നുക.എന്നാൽ ഇതിന് അപാരമായ ധൈര്യം വേണം.
കാരണം ഒരു ചെറിയ വ്യക്തി പോലും തന്റെ ശത്രുവിന്റെ കൂടെ തുടരാൻ ആഗ്രഹിക്കില്ല. എന്നാൽ നൂയിയുടെ ഈ തുറന്ന മനസ്സും വിനയവും സ്വന്തം എതിരാളിയിൽ നിന്ന് ശക്തമായ സഹകരണവും വിശ്വസ്തതയും ലഭിക്കാൻ കാരണമായി എന്നതാണ് വസ്തുത. യഥാർഥ നേതൃത്വം എല്ലായ്പ്പോഴും ശരിയോ പൂർണമോ ആയിരിക്കുക എന്നതല്ല.അത് യഥാർഥമായിരിക്കുക എന്നതാണ്. പൂർണതയുടെ മുഖംമൂടി ധരിക്കുന്നതിനേക്കാൾ ദുർബലമാകാൻ കൂടുതൽ ശക്തി ആവശ്യമാണ്. “ദുർബലനാകുക എന്നതാണ് നിങ്ങളുടെ ഹൃദയത്തിന് യഥാർഥ ആനന്ദം അനുഭവിക്കാൻ അനുവദിക്കുന്നതിനുള്ള ഏക മാർഗം’ എന്ന് ബോബ് മാർലി.