Connect with us

Kerala

അവിടെ 4000 വാങ്ങിയാല്‍ ഇവിടെയും നാലായിരം വാങ്ങിക്കും; തമിഴ്നാടിന് താക്കീതുമായി ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ഒറ്റ ഗഡുവായി ശമ്പളം നല്‍കാന്‍ സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

Published

|

Last Updated

തിരുവനന്തപുരം | കേരള സര്‍ക്കാരുമായി കൂടിയാലോചിക്കാതെ ടൂറിസ്റ്റ് ബസുകള്‍ക്കുള്ള ടാക്‌സ് വര്‍ദ്ധിപ്പിച്ച തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടിക്കെതിരെ ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍.കേരള സര്‍ക്കാരുമായി കൂടിയാലോചിക്കാതെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ 4000 രൂപ ടാക്‌സ് വര്‍ധിപ്പിച്ചതെന്ന് ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു.

ശബരിമല സീസണാണ് വരുന്നതെന്ന് ഓര്‍ക്കണം. തമിഴ്‌നാട്ടില്‍ നിന്നാണ് കൂടുതല്‍ ആളുകള്‍ ഇങ്ങോട്ട് വരുന്നത്. അവിടെ 4000 വാങ്ങിയാല്‍ ഇവിടെയും 4000 വാങ്ങുമെന്നും ഇങ്ങോട്ട് ദ്രോഹിച്ചാല്‍ തിരിച്ചും ദ്രോഹിക്കുമെന്നും മന്ത്രി പറഞ്ഞു.കെഎസ്ആര്‍ടിസി ബസ് പിടിച്ചിട്ടാല്‍ തമിഴ്നാടിന്റെ വാഹനം ഇവിടെയും പിടിച്ചിടും. അതില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ഒറ്റ ഗഡുവായി ശമ്പളം നല്‍കാന്‍ സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. അതിനുള്ള മുന്നൊരുക്കങ്ങള്‍ നടക്കുകയാണ്. ബാങ്ക് വായ്പ എടുക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് വരികയാണ്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍മാരെ കള്ളു കുടിച്ച് വണ്ടിയോടിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കെഎസ്ആര്‍ടിസിയില്‍ നവീകരണ പദ്ധതികള്‍ ആറ് മാസത്തിനകം നടപ്പാക്കും. കൂടുതല്‍ എസി ബസുകളിലേക്ക് മാറും. കാലാവസ്ഥ മാറ്റവും മാറി വരുന്ന ആവശ്യങ്ങളും പരിഗണിച്ച് സൗകര്യമുള്ള ബസുകള്‍ ഇറക്കുമെന്നും മന്ത്രി വ്യക്തമാക്കി.