Connect with us

Kerala

കടുവയെ കൊല്ലാനാകില്ലെങ്കില്‍ ഞങ്ങളെ വെടിവെച്ചോളൂ; വനംവകുപ്പിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍

വന്യമൃഗങ്ങളുടെ ആക്രമണം പെരുകുമ്പോള്‍ വനംവകുപ്പ് പ്രദേശ വാസികള്‍ക്ക് വ്യക്തമായ നിര്‍ദേശമോ മുന്നറിയിപ്പോ നല്‍കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.

Published

|

Last Updated

മാനന്തവാടി | കടുവയുടെ ആക്രമണത്തില്‍ രാധ എന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ വനംവകുപ്പിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍.കടുവയെ വെടിവെച്ചു കൊല്ലാതെ ദൗത്യസംഘത്തിനെ ബേസ് ക്യാമ്പില്‍ നിന്ന് പുറത്തുവിടാന്‍  അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.കടുവയെ കൊല്ലാനാകില്ലെങ്കില്‍ ഞങ്ങളെ വെടിവെച്ചോളൂ എന്ന് നാട്ടുകാര്‍ വനംവകുപ്പിനോട് ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ ആക്രമണം പെരുകുമ്പോള്‍ വനംവകുപ്പ് പ്രദേശ വാസികള്‍ക്ക് വ്യക്തമായ നിര്‍ദേശമോ മുന്നറിയിപ്പോ നല്‍കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.

കടുവയെ വെടിവെച്ചു കൊല്ലാനുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവില്‍ അവ്യക്തത ഉണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. രാധയുടെ സംസ്‌കാരം കഴിഞ്ഞതോടെ കടുവയെ വെടിവെച്ച് കൊല്ലുമെന്ന തീരുമാനത്തില്‍ നിന്നും അധികൃതര്‍ മാറുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചു.

കടുവയെ കൂടുവച്ചോ മയക്കുവെടിവച്ചോ പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ വെടിവച്ചുകൊല്ലാനാണ് ഉത്തരവ്.വനം മന്ത്രി എ കെ ശശീന്ദ്രന്റെ നിര്‍ദേശപ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവിറക്കിയത്. കേന്ദ്ര വന്യജീവി സംരക്ഷണ നിയമമനുസരിച്ചായിരിക്കും നടപടി.കൂടുതല്‍ ആര്‍ ആര്‍ ടി സംഘം വനത്തില്‍ തെരച്ചില്‍ നടത്തുന്നതിനായി തയ്യാറെടുക്കുകയാണ്. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ചും തെരച്ചില്‍ തുടരും.

Latest