Editors Pick
തുമ്മൽ പിടിച്ചു വയ്ക്കല്ലേ, അത് ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം
തുമ്മൽ പിടിച്ചു നിർത്തുമ്പോൾ തൊണ്ട, ചെവി തുടങ്ങി പല അവയവങ്ങൾക്കും കേടുപാടുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഗുരുതരമായ കേസുകളിൽ കണ്ണുകളിലേയോ തലച്ചോറിലേയോ രക്തക്കുഴലുകൾക്ക് വരെ വിള്ളൽ സംഭവിച്ചേക്കാം.
ഓഫീസിൽ ഇരിക്കുമ്പോഴോ അത്യാവശ്യ മീറ്റിംഗ് അറ്റൻഡ് ചെയ്യുമ്പോഴൊക്കെ ആയിരിക്കാം ചിലപ്പോൾ തുമ്മൽ എന്ന വില്ലൻ കയറി വരുന്നത്. ഒരു ചെറിയ ജലദോഷമോ അലർജിയോ അല്ലെങ്കിൽ സ്വാഭാവികമായോ ഒക്കെ തുമ്മൽ നമ്മുടെ ജീവിതത്തിലേക്ക് കേറി വന്നേക്കാം. എന്നാൽ നാം പലപ്പോഴും തുമ്മുന്ന സമയത്ത് മൂക്കും വായും പൊത്തിപ്പിടിച്ച് തുമ്മലിനെ തടയാൻ ശ്രമിക്കാറുണ്ട്. ഇത് ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും എന്നാണ് വിദഗ്ധർ പറയുന്നത്.
നാം തുമ്മുമ്പോൾ നമ്മുടെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളും ഒരു നിമിഷത്തേക്കു നിർത്തപ്പെടുന്നു. തുമ്മി കഴിഞ്ഞയുടൻ വീണ്ടും പ്രവർത്തനം തുടങ്ങുന്നു. നമ്മൾ നിർത്താതെ കുറെ നേരം തുമ്മിയാൽ ശരീരം കുഴയുകയും നമ്മൾ ക്ഷീണിതരാവുകയും ചെയ്യുന്നു. കാരണം നമ്മുടെ ശരീരത്തിലെ പ്രവർത്തനങ്ങൾ തുടർച്ചയായി നിറുത്തുന്നതു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. തുമ്മുമ്പോൾ മൂക്ക് മാത്രമല്ല ശരീരം മുഴുവൻ അതിൽ പങ്കു ചേരണം.
മൂക്കിനുള്ളിൽ അന്യവസ്തു കയറിക്കഴിഞ്ഞാൽ ഉടനെ തലച്ചോറിലേക്ക് സന്ദേശം എത്തും. അതോടെ, ഒന്നാഞ്ഞു തുമ്മാൻ ശരീരം തയ്യാറാവും. വയറിലെയും തൊണ്ടയിലെയും നെഞ്ചിലേയും എല്ലാം പേശികൾ മുറുകും. നാവ് വായയുടെ മുകളിലേക്ക് വളയും. കൺപോളകൾ അടയും. ഇതെല്ലാം നിമിഷനേരം കൊണ്ട് സംഭവിച്ചിരിക്കും. അവിശ്വസനീയമായ വേഗത്തിലാണ് ശരീരം തുമ്മുന്നത്. ജലദോഷം ഉള്ളപ്പോഴും, അലർജി ഉള്ളപ്പോഴും ശരീരം തുമ്മുന്നത് രോഗാണുക്കളെ തുരത്താനാണ്.
തുമ്മൽ പിടിച്ചു നിർത്തുമ്പോൾ തൊണ്ട, ചെവി തുടങ്ങി പല അവയവങ്ങൾക്കും കേടുപാടുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഗുരുതരമായ കേസുകളിൽ കണ്ണുകളിലേയോ തലച്ചോറിലേയോ രക്തക്കുഴലുകൾക്ക് വരെ വിള്ളൽ സംഭവിച്ചേക്കാം.
അമേരിക്കൻ ലംഗ് അസോസിയേഷന്റെ അഭിപ്രായത്തിൽ, മണിക്കൂറിൽ 100 മൈൽ വേഗതയിൽ പതിനായിരക്കണക്കിന് തുള്ളികൾ മൂക്കിൽ നിന്ന് പുറത്തു വിടുന്നുണ്ടെന്നാണ് പറയുന്നത്. തുമ്മൽ പിടിച്ചു വച്ചത് കാരണം ഉണ്ടായ പ്രശ്നങ്ങളെ കുറിച്ചും മരണത്തെ കുറിച്ചുമെല്ലാം വാർത്തകളിൽ വന്നിട്ടുണ്ട്.
ശരീരത്തിൽ കയറിക്കൂടിയിരിക്കുന്ന അപകടകരമായ ഘടകങ്ങളെ ഒഴിവാക്കാൻ ശരീരം തന്നെ കണ്ടെത്തുന്ന മാര്‍ഗമാണ് തുമ്മല്‍. നമ്മള്‍ ചിന്തിക്കുന്നതിനെക്കാളെല്ലാം വേഗതയിലാണ് തുമ്മല്‍ ഉണ്ടാകുന്നത്. അതിവേഗതയില്‍ പുറന്തള്ളേണ്ട പദാര്‍ത്ഥങ്ങളെ ശരീരം പുറന്തള്ളുകയാണ്. ഇത് പിടിച്ചുവയ്ക്കുമ്പോള്‍ അത് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കും. അപകടകരമായ ഘടകങ്ങൾ എന്നു പറയുമ്പോൾ സൂക്ഷ്മമായ പദാര്‍ത്ഥങ്ങള്‍ – അത് പൊടിയോ, രോഗാണുക്കളോ എന്തുമാകാം.
അതുപോലെ തുമ്മല്‍ പിടിച്ചുവച്ചതിന് പിന്നാലെ ഇരട്ടി ശക്തിയില്‍ തുമ്മല്‍ പുറത്തേക്ക് വരുന്നത് വാരിയെല്ലില്‍ പൊട്ടല്‍ വരെയുണ്ടാക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. . തുമ്മൽ പിടിച്ചു വയ്ക്കുന്നത് നിങ്ങളുടെ നാസികാദ്വാരങ്ങളിലും ചെവികളിലും കണ്ണുകളിലും പോലും സമ്മർദ്ദം വർദ്ധിപ്പിക്കും. പെട്ടെന്നുള്ള മർദ്ദം മാറ്റ് തരത്തിലുള്ള അസ്വസ്ഥതകളോ കേടുപാടുകളോ ഉണ്ടാക്കും. തുമ്മൽ പിടിച്ചു വെക്കുന്നത് കർണ്ണപടം പൊട്ടിക്കും. മറ്റു നിരവധി പ്രശ്നങ്ങളും ഉണ്ടാക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇതെല്ലാം കൊണ്ട് തന്നെ തുമ്മണം എന്നു തോന്നുമ്പോൾ തുമ്മാതെ തുമ്മൽ പിടിച്ചു വെക്കുന്നത് ആരോഗ്യത്തിന് അപകടകരമാണെന്ന് മനസ്സിലാക്കാം.