Health
പശുവിന് പൊറോട്ട നല്‍കിയാല്‍...
പശുക്കളുടേയും ആടുകളുടേയും ഭക്ഷണക്രമത്തിലുള്ള അറിവില്ലായ്മയോ അശ്രദ്ധയോ അവയുടെ ജീവനെടുത്തേക്കാം.
അമിതമായി പൊറോട്ട കഴിച്ചു അഞ്ചു പശുക്കള്‍ ചത്തുപോയ വാര്‍ത്ത ആരേയും സങ്കടപ്പെടുത്തുന്ന ഒന്നാണ്. ഒമ്പതെണ്ണം ഗുരുതരാവസ്ഥയിലാണ് എന്നും വാര്‍ത്തകളുണ്ടായിരുന്നു. അശ്രദ്ധകൊണ്ട് വളര്‍ത്തുമൃഗങ്ങള്‍ ചാവുമ്പോള്‍ സങ്കടവും സാമ്പത്തിക നഷ്ടവുമുണ്ടാവും. നമ്മുടെ കുറ്റം കൊണ്ട് പാവം മൃഗങ്ങള്‍ ബലിയാവുന്നതിന്റെ കുറ്റബോധം വേറെയും.
പശുക്കളുടേയും ആടുകളുടേയും ഭക്ഷണക്രമത്തിലുള്ള അറിവില്ലായ്മയോ അശ്രദ്ധയോ അവയുടെ ജീവനെടുത്തേക്കാം. അതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ അത്യാവശ്യമാണ്. പശുക്കളുടെ ഭക്ഷണം പുല്ലും സസ്യഭാഗങ്ങളും മാത്രമാണെങ്കിലും വീട്ടില്‍ മിച്ചം വരുന്ന ഭക്ഷണവും പലപ്പോഴും നാം കൊടുക്കാറുണ്ട്. ഇത്തരം ഭക്ഷണസാധനങ്ങള്‍ അമിതമായാല്‍ അത് അവയുടെ ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.
പശുക്കളില്‍ സാധാരണയായി കണ്ടുവരുന്ന പ്രശ്‌നമാണ് ലാക് അസിഡോസിസ്. ആവശ്യത്തില്‍ കൂടുതല്‍ അരിക്കഞ്ഞിയും അന്നജവും കൂടിയ കാലിത്തീറ്റയും കൊടുക്കുന്നതുകൊണ്ട് ഈ അവസ്ഥ ഉണ്ടാകാം. പ്രത്യേകിച്ച്, അന്നജം കൂടിയ കഞ്ഞി, സദ്യ കഴിഞ്ഞു ബാക്കി വരുന്ന ഭക്ഷണം, പൊറോട്ട, ബിരിയാണി എന്നിവ കൊടുത്താല്‍ ഇത് വരാന്‍ സാധ്യത ഏറെയാണ്. രോഗം ബാധിച്ച പശുക്കള്‍ തീറ്റയെടുക്കാന്‍ വിസമ്മതിക്കുകയും, അയവിറക്കാതിരിക്കുകയും ചെയ്യും. ആദ്യ ഘട്ടങ്ങളില്‍ മലബന്ധവും, പിന്നീട് രോഗം വഷളാവുമ്പോള്‍ വയറ്റിളക്കവുമുണ്ടാകാം. കൃത്യസമയത്തു വേണ്ട ചികിത്സ നല്‍കാതിരുന്നാല്‍ വയറു വീര്‍ത്ത് പശുവിന് കിടന്നിടത്തുനിന്ന് എഴുന്നേല്‍ക്കാന്‍ സാധിക്കാതെ വരികയും ചത്തുപോവുകയും ചെയ്യും.
അന്നജം അടങ്ങിയ ഭക്ഷണം ദഹിപ്പിക്കാനുള്ള കഴിവ് പശുവിന്റെ ദഹനവ്യവസ്ഥയിലില്ല. മാത്രമല്ല പയറുവര്‍ഗ്ഗങ്ങള്‍ ഭക്ഷിച്ചാലും ഇവയുടെ ആമാശയത്തിന്റെ ഒരു ഭാഗം വായു നിറഞ്ഞ് ഭക്ഷണം കഴിക്കാനും വിസര്‍ജ്ജിക്കാനും അയവെട്ടാനും മടികാണിക്കും. ഭക്ഷണത്തില്‍ വാഴയില, ഉണക്കപ്പുല്ല് തുടങ്ങിയ നാരുകള്‍ അടങ്ങിയ ഇനങ്ങള്‍ ഉള്‍പെടുത്താന്‍ ശ്രദ്ധിക്കുക. പച്ചപ്പുല്ല് അധികമായാല്‍ പോലും പശുവിന് ദഹനപ്രശ്‌നങ്ങളുണ്ടാകാറുണ്ട്, അതിനാല്‍ പച്ചപ്പുല്ലിനൊപ്പം ഇടക്കിടെ വൈക്കോലും കൊടുക്കുന്നത് നന്നാവും.
ദഹനപ്രശ്‌നങ്ങള്‍ക്ക് എളുപ്പം ചെയ്യാവുന്ന വൈദ്യമാണ് അപ്പക്കാരം അഥവാ ബേക്കിംഗ് സോഡ ഒരു നുള്ള് ഭക്ഷണത്തോടൊപ്പം നല്‍കല്‍. ഇഷ്ടഭക്ഷണത്തോടൊപ്പമോ, വെള്ളത്തില്‍ കലര്‍ത്തി കുടിപ്പിച്ചോ ഇത് പശുവിന്റെ ആമാശയത്തിലെത്തിക്കണം. അല്‍പനേരത്തിനകം വയറു ചുരുങ്ങുകയോ, അയവെട്ടുകയോ ചെയ്യുന്നില്ലെങ്കില്‍ ഡോക്ടറുടെ സഹായം തേടണം.