Connect with us

തെളിയോളം

വെളിച്ചത്തിലറിഞ്ഞാൽ ഇരുട്ടിൽ നടക്കാം

നിങ്ങളോടും മറ്റുള്ളവരോടും നിങ്ങൾ സ്ഥിരമായി ബഹുമാനം പ്രകടിപ്പിക്കുമ്പോൾ, നിങ്ങളുടെ ജീവിതത്തിൽ അത് വലിയ ശക്തി നിറയ്ക്കും. നിങ്ങൾ ഇടപഴകുന്ന ആളുകൾ സമാധാനപരവും മാന്യവുമായ മനോഭാവത്തോടെ നിങ്ങളോട് പ്രതികരിക്കും. ഇത് വ്യക്തിപരവും തൊഴിൽപരവുമായ നിങ്ങളുടെ ബന്ധങ്ങൾ മെച്ചപ്പെടുത്തും.

Published

|

Last Updated

പ്പോഴും വിളക്കുമായി നടക്കുന്ന അന്ധനോട് “കണ്ണു കാണാത്ത നിങ്ങൾക്ക് ഈ വിളക്കു കൊണ്ടെന്താ കാര്യം!’ എന്ന പരിഹാസച്ചോദ്യത്തിന് ‘ ഇത് എനിക്കു വേണ്ടിയല്ല, കണ്ണു കാണുന്ന നിങ്ങൾ എന്നെ തട്ടിത്തടഞ്ഞ് വീഴേണ്ടെന്നു കരുതിയാണ് ഞാൻ ചുമന്നു നടക്കുന്നത്’ എന്ന് അയാൾ മറുപടി പറഞ്ഞുവത്രെ. മറ്റുള്ളവരെ മാനിക്കുക എന്നതിന്റെ വിശാലമായ അർഥങ്ങൾ പ്രതിഫലിപ്പിക്കുന്ന ഒരു കഥാംശമാണിത്. ഏത് ഇരുട്ടത്തും കൈയിൽ വിളക്കില്ലാതെ നടക്കാനാവുക വെളിച്ചത്തിൽ നടന്ന് പരിചയമുള്ളവർക്ക് മാത്രമാണ്.

താൻ ബഹുമാനം അർഹിക്കുന്നു എന്ന് സ്വയം കരുതുകയും അതുകൊണ്ട് മറ്റുള്ളവരെ താൻ മാനിക്കേണ്ടതില്ല എന്ന തരത്തിൽ പെരുമാറുകയും ചെയ്യുന്നത് എത്രമാത്രം ബുദ്ധിശൂന്യമാണ്! തനിക്ക് ആവശ്യമില്ല എന്ന് വിചാരിച്ച് വിളക്ക് വേണ്ട എന്ന് കരുതാത്ത അന്ധനെ പോലെ നമ്മുടെ സ്വാഭിമാനം മറ്റുള്ളവരുടെ അഭിമാനത്തെ മാനിക്കുന്ന വിധത്തിലാകുമ്പോഴാണ് നമുക്ക് മൂല്യമുണ്ടാകുന്നത്. “രോഗമേ പകരൂ, ആരോഗ്യം പകരില്ല’ എന്നത് ശുഭചിന്തയില്ലാത്തവർ പറയുന്ന ഒരു ചുമ്മാ വർത്തമാനമാണ്. മാലിന്യത്തിൽ കുളിച്ചു കിടക്കുന്ന ഒരാൾക്ക് അവിടെ നിന്ന് ഇനി രക്ഷയില്ല എന്ന തോന്നലുണ്ടാകുമ്പോൾ അതിനോട് പരുവപ്പെട്ട് പോകാൻ ഉറപ്പിക്കും.

അത് കുപ്പയാണ് എന്ന് ബോധ്യപ്പെടുന്ന വിധം സുഗന്ധപൂരിതമായ ഒരു പൂന്തോട്ടം ചുറ്റും പണിത് അതിന്റെ വളമായി ആ മാലിന്യത്തെ മാറ്റാൻ അത്തരക്കാരെ സഹായിച്ചു നോക്കൂ. അവർക്കു പിന്നീട് ആ പച്ചപ്പിനെ പടർത്താതിരിക്കാനാകില്ല. നിരന്തരം അപമാനിക്കപ്പെടുന്നവർ സ്വഭാവികമായും ദുർഗന്ധ പൂരിതമായ അഴുക്കിൽ കിടക്കുന്ന മനോഭാവത്തിൽ തുടരാനാണ് സാധ്യത. നമുക്ക് നമ്മോടുതന്നെയുള്ള ബഹുമാനം ഉണ്ടെങ്കിലേ മറ്റുള്ളവരെയും മാനിക്കാൻ കഴിയൂ. മറ്റൊരു തരത്തിൽ പറഞ്ഞാൽ ആത്മാഭിമാനമുള്ളവർ ചുറ്റുമുള്ളവരെ ബഹുമാനിക്കും. ഫലമോ ആത്മാഭിമാനവും ബഹുമാനവും നിറഞ്ഞ ഒരു പോസിറ്റീവ് അന്തരീക്ഷം പരക്കെ ഉണ്ടാകും. മറ്റുള്ളവർ തന്നെ മാനിക്കണം, ആദരവ് പുലർത്തണം എന്ന് വിചാരിക്കുന്നവർ തന്റെ കൈയിൽ മറ്റുള്ളവരെ കണ്ണു തുറപ്പിക്കുന്ന ഈ വെളിച്ചമുണ്ടോ എന്ന് ആത്മപരിശോധന നടത്തണം.

നിങ്ങളോടും മറ്റുള്ളവരോടും നിങ്ങൾ സ്ഥിരമായി ബഹുമാനം പ്രകടിപ്പിക്കുമ്പോൾ, നിങ്ങളുടെ ജീവിതത്തിൽ അത് വലിയ ശക്തി നിറയ്ക്കും. നിങ്ങൾ ഇടപഴകുന്ന ആളുകൾ സമാധാനപരവും മാന്യവുമായ മനോഭാവത്തോടെ നിങ്ങളോട് പ്രതികരിക്കും. ഇത് വ്യക്തിപരവും തൊഴിൽപരവുമായ നിങ്ങളുടെ ബന്ധങ്ങൾ മെച്ചപ്പെടുത്തും. കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഉൾപ്പെടെയുള്ള ആളുകൾ നമ്മെ ബഹുമാനിക്കുന്നില്ലെന്ന് നമുക്ക് അനുഭവപ്പെടാം.

ബഹുമാനം എന്നത് ഒരാൾ പറയുന്നത് മറുവാക്കില്ലാതെ സ്വീകരിക്കുന്നതാണെന്ന് ധരിക്കരുത്. അങ്ങനെ സംഭവിക്കുന്നത് നമ്മുടെ ആത്മാഭിമാനം തകർക്കും. ആരെയെങ്കിലും മാറ്റുന്നത് എല്ലായ്പ്പോഴും സാധ്യമല്ലെങ്കിലും, സ്വാഭിമാനത്തോടെ പെരുമാറുന്നതിലൂടെ ബഹുമാനം എങ്ങനെയുണ്ടെന്ന് ആളുകളെ ബോധിപ്പിക്കാൻ നമുക്ക് കഴിയും.

ജോലിസ്ഥലത്ത്, സഹപ്രവർത്തകർ വളരുകയും സ്വയം വികസിപ്പിക്കുകയും അടുത്ത തലങ്ങളിലേക്ക് മാറുകയും ചെയ്യുമ്പോൾ, അത്തരം മാറ്റങ്ങൾ ഉൾക്കൊള്ളാൻ ചിലർക്കെങ്കിലും പ്രയാസമുണ്ടാകും. പലരും മുൻ കീഴുദ്യോഗസ്ഥരെ കീഴാളന്മാരായി കണക്കാക്കുന്നത് തുടരുന്നതിലൂടെ അവരെ അനാദരിക്കുകയും നല്ല ബന്ധങ്ങൾ തകർക്കുകയും ചെയ്യുന്നു. ഉയർന്ന സ്ഥാനം വഹിക്കുന്ന ആളാണ് എന്നതല്ല മറ്റുള്ളവർ നമ്മെ മാനിക്കുന്നതിന്റെ മാനദണ്ഡമെന്നത് അറിയണം. ആ സ്ഥാനത്തിരിക്കുന്നത് മറ്റുള്ളവരോട് മാന്യത പ്രകടിപ്പിക്കുവാനുള്ള നമ്മുടെ അവസരമാണ്. കീഴെയുള്ളവരെ സഹാനുഭൂതിയോടെ ശ്രദ്ധിക്കാനും അവരെ കേൾക്കാനും ശ്രമിക്കുമ്പോൾ നിങ്ങൾ അവർക്ക് വലിയ മൂല്യം കൽപ്പിക്കുന്നതായി അനുഭവപ്പെടുകയും അത് നിങ്ങൾക്ക് തിരിച്ചു കിട്ടുകയും ചെയ്യും.

സഹപ്രവർത്തകരോട് മര്യാദയും പരിഗണനയും കാണിക്കാൻ ബോധപൂർവമായ ശ്രമം നടത്തുക എന്നതാണ് ജോലിസ്ഥലത്ത് ബഹുമാനം വളർത്തുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള മാർഗം. “ദയവായി’, “നന്ദി’ എന്നിങ്ങനെയുള്ള പദങ്ങളും അവ പ്രകടിപ്പിക്കുന്ന ലളിതമായ ശരീരഭാഷയും ഗുണം ചെയ്യും.

താൻ ബഹുമാന്യനാണ് എന്ന് ബോധിപ്പിക്കാൻ കോമാളി വേഷം കെട്ടി കോപ്രായങ്ങൾ കാണിക്കുന്നവരുണ്ട്. “ഞാൻ ഇതൊക്കെ ചെയ്യും’ എന്ന മട്ടിൽ മറ്റുള്ളവർക്ക് ആവാത്തതാണ് എന്ന് സ്വയം ധരിച്ച് അൽപ്പത്തരങ്ങൾ ചെയ്യുകയും തുടരെത്തുടരെ പൊങ്ങച്ചം പറയുകയുമായിരിക്കും ഇവരുടെ സുപ്രധാന ഏർപ്പാട്. ഇത്തരക്കാർ സമയവും സന്ദർഭവും നോക്കാതെ മറ്റുള്ളവരെ ഇടിച്ചു താഴ്ത്തുകയും ചെയ്യും. തമാശ പറയുകയാണ് എന്ന ഭാവത്തിൽ അപരന്റ കുറ്റവും കുറവുകളും പരിഹാസ ഭാവത്തിൽ അവതരിപ്പിച്ച് വെറുപ്പ് പ്രസരിപ്പിക്കും. താത്്കാലികമായി ചിരി സൃഷ്ടിക്കുന്ന ഇത്തരക്കാർ ഒരിക്കലും ഒരാളുടെയും ആദരവ് പിടിച്ചുപറ്റുകയില്ല.

വീട്ടിലെ ഭക്ഷണമേശയിൽ ഒറ്റയ്ക്കിരുന്ന് കഴിക്കുമ്പോൾ ചിലപ്പോൾ നിങ്ങൾക്ക് വൃത്തിഹീനമായ ചില പെരുമാറ്റങ്ങൾ ഉണ്ടായേക്കാം. ഒരു റസ്റ്റോറന്റിൽ കൂട്ടുകാരോടൊപ്പം ഭക്ഷിക്കുമ്പോൾ നിങ്ങൾ ആ രീതിയിൽ ചെയ്യുന്നത് ഉചിതമല്ലല്ലോ. സാമൂഹിക മാധ്യമങ്ങളിലൊക്കെ പലരും അലസമായി അക്ഷരവിന്യാസം നടത്തുന്നത് കാണാം. കൂടുതൽ കാലത്തേക്കും കൂടുതൽ ആളുകളിലേക്കും നിങ്ങളെ സ്വയം പ്രതിഫലിപ്പിക്കുന്ന ഒന്നായി അവ മാറുന്നു എന്ന് മനസ്സിലാക്കുക. നിഷേധാത്മകമായ അഭിപ്രായങ്ങളും ഗോസിപ്പുകളും പ്രചരിപ്പിക്കുന്നത് നിങ്ങളുടെ ആത്മാഭിമാനത്തെ ഇല്ലാതാക്കുകയും മറ്റുള്ളവരുടെ ബഹുമാനം നേടുന്നതിൽ നിന്ന് നിങ്ങളെ തടയുകയും ചെയ്യും.

---- facebook comment plugin here -----

Latest