Connect with us

Eranakulam

പച്ചക്കറി തൊട്ടാൽ പൊള്ളും; താളംതെറ്റി കുടുംബ ബജറ്റ്

ഉള്ളി, തക്കാളി വില കുതിക്കുന്നു

Published

|

Last Updated

കൊച്ചി | ഇടതടവില്ലാതെ പെയ്ത മഴയിൽ അയൽസംസ്ഥാനങ്ങളിലുണ്ടായ കനത്ത കൃഷി നാശം സംസ്ഥാനത്തെ പച്ചക്കറി വിപണിയെ പൊള്ളിക്കുന്നു. അടുത്ത കാലത്തൊന്നുമില്ലാത്ത വിധത്തിൽ പച്ചക്കറിക്കും പഴവർഗങ്ങൾക്കും വലിയ തോതിലാണ് വില കൂടുന്നത്. സവാള, തക്കാളി, ഉരുളക്കിഴങ്ങ്, മത്തൻ, കുമ്പളം, ചെറുനാരങ്ങ, കായ, മുരിങ്ങക്കോൽ, ക്യാരറ്റ്, പയർ, ബീറ്റ്‌റൂട്ട്, വെണ്ടക്ക തുടങ്ങി എല്ലാ ഇനങ്ങൾക്കും ഒരാഴ്ചക്കിടെ വില വർധിച്ചു. ഇതിൽ സവാളയുടെയും തക്കാളിയുടെയും വില ദിനേന കൂടുകയാണ്. മിക്കയിടങ്ങളിലും സവാള വില കിലോക്ക് 50 രൂപ വരെയായി ഉയർന്നു. 25 മുതൽ 30 വരെയായി തുടരുന്ന വിലയാണ് ഘട്ടംഘട്ടമായി കയറി 50 ലെത്തിയത്.

സവാളയുടെ കുതിപ്പ് ഇനി എവിടെ വരെ എത്തും എന്ന് കണ്ടറിയണമെന്നാണ് കച്ചവടക്കാർ പറയുന്നത്. ദിവസങ്ങൾക്ക് മുന്പ് പത്തും 15ഉം രൂപ വിലയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോൾ 60ന് മേലെയാണ് ചില്ലറ വിപണിയിലെ വില. വരും ദിവസങ്ങളിൽ വില കൂടാനാണ് സാധ്യത. നൂറ് രൂപ കടന്നേക്കുമെന്നും വ്യാപാരികൾ പറയുന്നു. മഹാരാഷ്ട്രയിലെ നാസിക്കിലും പുണെയിലും വില ഉയർന്നതാണ് സവാള വില കുത്തനെ കൂടിയത്. സവാള ഉത്പാദക സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ കനത്ത മഴ പെയ്തതും തിരിച്ചടിയായി. ഇവിടുത്തെ കരുതൽ ശേഖരവും മഴയിൽ നശിച്ചുപോയതായി വ്യാപാരികൾ പറയുന്നു. മൺസൂൺ കാലംതെറ്റി പെയ്തതിനാൽ വിളവെടുപ്പ് വൈകാനും കാരണമായിട്ടുണ്ട്.

തക്കാളി കൂടുതലായും ഉത്പാദിപ്പിക്കുന്ന കർണാടകയിലെ കാർഷിക മേഖലയായ ചിക്കബല്ലാപ്പൂർ, കോലാർ, ബെംഗളൂരു റൂറൽ എന്നിവിടങ്ങളിലെല്ലാം ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മഴ ഈ രീതിയിൽ തുടർന്നാൽ 60 ശതമാനമെങ്കിലും വിളവ് കുറയുമെന്നാണ് കർഷകർ വ്യക്തമാക്കുന്നത്. കാരറ്റിന് 60 രൂപയും മുരിങ്ങക്കായ്ക്ക് 80 രൂപയുമായി വില ഉയർന്നു. ഒരാഴ്ച മുന്പ് വരെ 30 രൂപയിൽ നിന്ന പയർ, ബീൻസ്, വെണ്ട ഇനങ്ങൾക്ക് 45 മുതൽ 60 രൂപവരെ വർധിച്ചു. മൈസൂരുവിലെ മഞ്ഞിൽ കൃഷിക്കുണ്ടായ നാശം ബീൻസ് ഉൾപ്പെടെയുള്ള പയറുവർഗങ്ങളുടെ വില കുതിക്കാൻ കാരണമായി. തമിഴ്‌നാട്ടിലെ പച്ചക്കറികൃഷിക്കും മഴ വില്ലനായി. പച്ചക്കറിക്കൊപ്പം മീൻ വിലയും ഉയർന്നതോടെ അടുക്കള ബജറ്റിന് തിരിച്ചടിയേറ്റിരിക്കുകയാണ്. ചെറിയ മീനുകൾക്കെല്ലാം തന്നെ വില 200ന് മുകളിലാണ്. കോഴി വിലയും കുതിക്കുകയാണ്. പലയിടത്തും കോഴിക്ക് കിലോ വില 150 കടന്നു. ഒറ്റയാഴ്ച കൊണ്ട് 30 രൂപയാണ് കൂടിയത്. വരും ദിവസങ്ങളിൽ വില ഇനിയും കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്. കോഴി ഫാമുകളിൽ വില കൂട്ടി വിൽക്കുന്നതും തമിഴ്‌നാട്ടിൽനിന്നുള്ള കോഴി വരുന്നത് കുറഞ്ഞതുമാണ് വിലകൂടാൻ കാരണമായി പറയുന്നത്. പാചക വാതക വില വർധനക്ക് പിന്നാലെ മത്സ്യമാംസ വിലയും പച്ചക്കറി വിലയും കുത്തനെ ഉയർന്നത് സാധാരണക്കാരെ കടുത്ത ദുരിതത്തിലേക്കാണ് തള്ളിവിടുന്നത്.

Latest