Kerala
ചന്ദനക്കുറി തൊട്ടാലോ, കാവി മുണ്ട് ഉടുത്താലോ ബി.ജെ.പി. ആവില്ല; ആന്റണി പറഞ്ഞത് നേര്: രമേശ് ചെന്നിത്തല
എല്ലാവരേയും ഉൾക്കൊണ്ടു പോകുക എന്നതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പ്രഖ്യാപിതമായ നയം. അതാണ് ആന്റണി പറഞ്ഞതെന്നും അദ്ദേഹം

ന്യൂഡൽഹി | എ ഐ സി സി അംഗം എ കെ ആന്റണിയുടെ മൃദുഹിന്ദുത്വ പരാമര്‍ശത്തെ പിന്തുണച്ച് രമേശ് ചെന്നിത്തലയും. രാജ്യത്തെ ആകെ സ്ഥിതിഗതികൾ വിലയിരുത്തിയാണ് എ.കെ. ആന്റണി അത് പറഞ്ഞതെന്നും അത് ശരിയായ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരേയും ഉൾക്കൊണ്ടു പോകുക എന്നതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പ്രഖ്യാപിതമായ നയം. അതാണ് ആന്റണി പറഞ്ഞത്. ചന്ദനക്കുറി തൊട്ടാലോ, കാവി മുണ്ട് ഉടുത്താലോ ബി.ജെ.പി. ആവില്ല. അമ്പലത്തിൽ പോകുന്നതുകൊണ്ട് ഒരാൾ ബി.ജെ.പി. ആകുമോ. അതൊക്കെ വിശ്വാസത്തിന്റെ കാര്യങ്ങളാണ്. അങ്ങനെ ചിത്രീകരിക്കാൻ ബി.ജെ.പിയെ സിപിഎം ശ്രമിക്കുന്നതിനേയാണ് എ.കെ. ആന്റണി എതിർത്തതെന്നും ചെന്നിത്തല പറഞ്ഞു.
ഡൽഹിയിൽ ചില പരിപാടികൾ ഉള്ളതുകൊണ്ടാണ് യു ഡി എഫ് യോഗത്തിൽ പങ്കെടുക്കാത്തതെന്നും ചെന്നിത്തല വ്യക്തമാക്കി.