Connect with us

Cover Story

'If you want, you can go'

ഹോസ്റ്റലിന്റെ ഭക്ഷണശാലക്ക് താഴെ സ്റ്റോര്‍റൂമിലെ ഒരു ജനാലയോ ഫാനോ പോലുമില്ലാത്ത ഇടുങ്ങിയ മുറിയിലെ ബങ്കറിലാണ് 132 വിദ്യാര്‍ഥികളുടെ താമസം. ബാക്കിയുള്ള വിദ്യാര്‍ഥികള്‍ മെട്രോ സ്റ്റേഷനിലെ ബങ്കറിലേക്ക് മാറി. സിമന്റ് തറയില്‍ പുതപ്പ് വിരിച്ച് കഴിഞ്ഞത് ദിവസങ്ങളോളം. സീനിയര്‍ വിദ്യാര്‍ഥികള്‍ ജീവന്‍ പണയം വെച്ച് മുകള്‍നിലയിലെത്തി ഭക്ഷണം പാചകം ചെയ്തു. അലര്‍ജി സംബന്ധമായ അസുഖങ്ങളുള്ള ഒരുപാട്‌ പേര്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. അവര്‍ക്കൊക്കെ പ്രയാസങ്ങള്‍ തുടങ്ങി. രക്ഷപ്പെടാനുള്ള വഴികള്‍ അടഞ്ഞപോലെ തോന്നി. മരണം മാത്രമേ ഇനി മുന്നിലുള്ളൂവെന്ന തോന്നല്‍...... ആ നടുങ്ങിയ ദിനങ്ങളിലെ നേരനുഭവങ്ങൾ

Published

|

Last Updated

യുക്രൈനിന്റെ ആകാശത്ത് യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്ന സാഹചര്യം. റഷ്യയുടെ നീക്കം ലോകരാഷ്ട്രങ്ങള്‍ ഉത്കണ്ഠയോടെ നിരീക്ഷിക്കുന്നു. നിര്‍ണായക ഘട്ടത്തില്‍ യുക്രൈനില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് നമ്മുടെ എംബസി നല്‍കിയ ഒരു സന്ദേശമുണ്ട്. “If you want, you can go’ (നിങ്ങള്‍ക്ക് വേണമെങ്കില്‍ പോകാം) എന്നായിരുന്നു അത്. അമേരിക്ക, ഈജിപ്ത്, ആസ്‌ത്രേലിയ, ജപ്പാന്‍ തുടങ്ങിയ വിദേശരാജ്യങ്ങള്‍ അവരവരുടെ പൗരന്മാരെ സജീവമായി സ്വന്തം രാജ്യങ്ങളിലേക്ക് കൊണ്ടുപോയിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു ഇത്.

മൂന്ന് മാസം മുമ്പാണ് കോഴിക്കോട് വെള്ളിമാട്കുന്നിലെ സൈബൂൾ അഹമ്മദിന്റെയും ആഇശയുടെയും മകളായ ദുആ ഖദീജ എം ബി ബി എസ് പഠനത്തിന് യുക്രൈനിലെ ഖാര്‍കീവിലെത്തിയത്. അവിടുത്തെ വി എന്‍ കരാസിന്‍ യൂനിവേഴ്‌സിറ്റിയിലായിരുന്നു പഠനം. കോളജില്‍ നിന്ന് നാല് കിലോമീറ്റര്‍ ദൂരത്ത് ഹോസ്റ്റലിലാണ് താമസം. ഏഴ് നിലകളുള്ള കെട്ടിടത്തില്‍ പകുതിയിലും ഏകദേശം 400ഓളം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് താമസിക്കുന്നത്.
2022 ഫെബ്രുവരി 24 : യുക്രൈനിന്റെ തലസ്ഥാനമായ കീവില്‍ റഷ്യ ആദ്യ അക്രമണം നടത്തി. പുലര്‍ച്ചെ അഞ്ച് മണിക്ക് പുറത്ത് നിന്ന് ഘോരശബ്ദം കേട്ടു. എല്ലാവരും ഞെട്ടിയുണര്‍ന്നു. ഇതോടെ യുദ്ധത്തിന്റെ കാലൊച്ചകള്‍ കേട്ടുതുടങ്ങിയ വിദ്യാര്‍ഥികള്‍ പേടിച്ചു. അവശ്യസാധനങ്ങള്‍ വാങ്ങിവെക്കാനും ബങ്കറിലേക്ക് മാറിക്കൊള്ളാനും എംബസിയുടെ നിര്‍ദേശം. പണം സംഘടിപ്പിക്കാനുള്ള നെട്ടോട്ടമായിരുന്നു ആദ്യം. എ ടി എം കൗണ്ടറുകളില്‍ പലതിലും പണമില്ല. ഉള്ളവയിലാണെങ്കില്‍ നീണ്ട ക്യൂ. അവശ്യസാധനങ്ങള്‍ സംഘടിപ്പിക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലെത്തിയപ്പോഴാണ് അറിയുന്നത് സാധനങ്ങൾക്കെല്ലാം വില കൂടിയിരിക്കുന്നു. തലേന്ന് വരെ 14 ഗ്രിവിയന്‍സിന് ലഭിച്ച ബന്നിന് 26 ഗ്രിവിയന്‍സ് കൊടുക്കണം. വിലക്കയറ്റം ഇരട്ടി. സ്വദേശികളടക്കം സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ അങ്ങാടികളിലേക്ക് കൂട്ടം കൂട്ടമായി ഇറങ്ങുന്നു. സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ. തീരാറായ സാധനങ്ങള്‍ സ്വദേശികള്‍ക്ക് മാത്രമേ ലഭിക്കൂ. കൈയിലുള്ള ബോട്ടിലുകളില്‍ കുടിവെള്ളവും ശേഖരിച്ചു.

ദുആ ഖദീജ. ഫോട്ടോ | ടി എച്ച് ജദീർ

ഹോസ്റ്റലിന്റെ ഭക്ഷണശാലക്ക് താഴെ സ്റ്റോര്‍റൂമിലെ ഒരു ജനാലയോ ഫാനോ പോലുമില്ലാത്ത ഇടുങ്ങിയ മുറിയിലെ ബങ്കറിലാണ് 132 വിദ്യാര്‍ഥികളുടെ താമസം. ബാക്കിയുള്ള വിദ്യാര്‍ഥികള്‍ മെട്രോ സ്റ്റേഷനിലെ ബങ്കറിലേക്ക് മാറി. സിമന്റ്തറയില്‍ പുതപ്പ് വിരിച്ച് കഴിഞ്ഞത് ദിവസങ്ങളോളം. സീനിയര്‍ വിദ്യാര്‍ഥികള്‍ ജീവന്‍ പണയം വെച്ച് മുകള്‍നിലയിലെത്തി ഭക്ഷണം പാചകം ചെയ്തു. അലര്‍ജി സംബന്ധമായ അസുഖങ്ങളുള്ള ഒരുപാട്‌ പേര്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. അവര്‍ക്കൊക്കെ പ്രയാസങ്ങള്‍ തുടങ്ങി. രക്ഷപ്പെടാനുള്ള വഴികള്‍ അടഞ്ഞപോലെ തോന്നി. മരണം മാത്രമേ ഇനി മുന്നിലുള്ളൂവെന്ന തോന്നല്‍. യുക്രൈന്‍ സപ്പോര്‍ട്ട് ഗ്രൂപ്പ് എന്ന പേരില്‍ ഒരു വാട്‌സാപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത് പരസ്പരം ധൈര്യം നല്‍കി. നാട്ടില്‍ നിന്ന് വിളിക്കുന്നവരെല്ലാം നല്‍കുന്ന ആത്മധൈര്യം വലിയ പ്രചോദനമായി.
ഫെബ്രുവരി 26 : ദിവസങ്ങള്‍ കഴിയും തോറും പുറത്ത് ബോംബിംഗിന്റെ ശബ്ദം വര്‍ധിച്ചുവന്നു. പേടി കൂടി. ഭക്ഷണസാധനങ്ങളുടെ ലഭ്യത കഴിഞ്ഞു. കൂടാതെ മുകള്‍ നിലയിലെ ഭക്ഷണശാലയിലേക്ക് പോകാന്‍ കഴിയാത്ത അവസ്ഥ. ഭക്ഷണശാലയിലായിരുന്നു പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യം ഉണ്ടായിരുന്നത്. അവിടേക്ക് പോകാന്‍ കഴിയാതായതോടെ ഈ കാര്യങ്ങള്‍ക്കും പ്രയാസം നേരിട്ടു.

ഫെബ്രുവരി 28 : ഹോസ്റ്റലിന്റെ തൊട്ടരികെ ബോംബ് വന്ന് വീണു. കെട്ടിടം നന്നായി കുലുങ്ങി. എന്തും സംഭവിക്കുമെന്ന അവസ്ഥ. ഇതോടെ ഇന്ത്യന്‍ എംബസിയെ കാത്ത് നിന്നിട്ട് കാര്യമില്ലെന്ന് തോന്നി. നാല് കിലോമീറ്റര്‍ അകലെയുള്ള റെയില്‍വേ സ്റ്റേഷനിലേക്ക് സീനിയര്‍ വിദ്യാര്‍ഥികള്‍ ടാക്്സി ഏര്‍പ്പാടാക്കി. എല്ലാവര്‍ക്കും ടാക്‌സി സംഘടിപ്പിക്കാനുള്ള പണം ഇല്ലായിരുന്നു. ഞങ്ങള്‍ പെണ്‍കുട്ടികള്‍ മാത്രം ടാക്‌സിയില്‍ യാത്ര ചെയ്തു. റോഡിലൂടെ യാത്ര ചെയ്യാന്‍ പ്രയാസമായതുകൊണ്ട് മെട്രോ ടണലിലൂടെ 22 കിലോമീറ്റര്‍ നടന്നാണ് ആണ്‍കുട്ടികള്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്. രാവിലെ 11 മണിയോടെ ഞങ്ങളെല്ലാവരും റെയില്‍വേ സ്റ്റേഷനില്‍ ഒത്തുകൂടി. ഹംഗറിയുടെ അതിര്‍ത്തി പ്രദേശമായ ലിവീവായിരുന്നു ഞങ്ങളുടെ ലക്ഷ്യം.

ട്രെയിനില്‍ കയറുകയെന്നത് പെടാപാടായിരുന്നു. ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ആണ്‍കുട്ടികൾക്ക് ക്രൂര മര്‍ദനമേറ്റു. പെണ്‍കുട്ടികള്‍ക്ക് ചെറിയ പരിഗണന കിട്ടി. തലയില്‍ തട്ടമിട്ട് ആണ്‍കുട്ടികള്‍ ട്രെയിനില്‍ കയറിപ്പറ്റി. ലിവീവിലേക്കുള്ള ട്രെയിന്‍ യാത്ര 18 മണിക്കൂറായിരുന്നു. അപ്പോഴേക്കും ഭക്ഷണം കഴിച്ചിട്ട് മൂന്ന് ദിവസം. പച്ചവെള്ളം മാത്രം ആശ്രയം.
മാര്‍ച്ച് 4 : യുക്രൈന്‍ അതിര്‍ത്തി പ്രദേശമായ ലിവീവില്‍ ട്രെയിന്‍ ഇറങ്ങിയെങ്കിലും ഭക്ഷണം ലഭിച്ചില്ല. ബസ് യാത്ര. ചോപ് എന്ന റെയില്‍വേ സ്റ്റേഷനായിരുന്നു ഊഴം. റെയില്‍വേ സ്റ്റേഷനിനടുത്ത് ഒരു സൂപ്പര്‍മാര്‍ക്കറ്റുണ്ടായിരുന്നു. കുറച്ച് ഭക്ഷണം അവിടെ നിന്ന് ലഭിച്ചു. രണ്ട് മണിക്കൂര്‍ യാത്ര ചെയ്താല്‍ ഇനി ഹംഗറിയിലെത്താം. വീണ്ടും ട്രെയിന്‍ യാത്ര. തുടര്‍ന്ന് ഹംഗറി അതിര്‍ത്തിയില്‍ നടപടിക്രമങ്ങള്‍. ശേഷം ഹംഗറിയിലേക്ക് കടന്ന ആ നിമിഷങ്ങള്‍ ആശ്വാസത്തിന്റെതായിരുന്നു. നിങ്ങള്‍ക്ക് വേണ്ടത് കഴിച്ചോളൂ എന്ന് പറഞ്ഞ് ഹംഗറിക്കാര്‍ വലിയൊരു സത്കാരം തന്നെ നടത്തി. അപ്പോഴാണ് വിശപ്പൊന്ന് മാറിയത്. ശേഷം ബുഡാപസ്റ്റ് വിമാനത്താവളത്തിലേക്ക്.. അവിടെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഹോട്ടലില്‍ താമസം. ശേഷം നാട്ടിലേക്ക് യാത്ര.

“മാമി ഇവിടെ ബോംബ് പൊട്ടി…. എനിക്ക് പേടിയാകുന്നു’

ഫെബ്രുവരി 24 പുലര്‍ച്ചെ ആറുമണിക്കാണ് മോളുടെ കോള്‍ വന്നത്! ഉപ്പാ ഇവിടെ ബോംബ് പൊട്ടി, വലിയ ശബ്ദമായിരുന്നു…തലേ ദിവസം രാത്രി പത്ത് മണിവരെ മോള്‍ ഞങ്ങളോട് സംസാരിച്ചതാണ്..ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല.
എന്റെയും ഇക്കയുടെയും മനസ്സില്‍ തീ നാളം കോറിയിട്ട പോലെ…. ഒരു വിധം ഞങ്ങള്‍ അവളോട് പറഞ്ഞു. ഇങ്ങോട്ട് വരാനുള്ള കാര്യങ്ങള്‍ ചെയ്യാം…. ടെന്‍ഷന്‍ ആവേണ്ട.
ഫോണ്‍ വെക്കുമ്പോള്‍ ഞങ്ങള്‍ക്കും അവള്‍ക്കും അവിടുത്തെ കാര്യങ്ങളെക്കുറിച്ച് ഒരുപിടിയും കിട്ടിയില്ല. പാരന്റ്‌സ് ഗ്രൂപ്പിൽ നോക്കുമ്പോഴാണ് യുദ്ധമുഖത്തെ ഭീതിയെക്കുറിച്ച് അറിയുന്നത്…. തൊട്ടടുത്തുള്ള എയര്‍പോര്‍ട്ടുകള്‍ ബാന്‍ ചെയ്തിട്ടുണ്ട്. കുട്ടികളെ നാട്ടിലേക്ക് കൊണ്ടുവരുന്നത് അത്ര എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞു…..പാരന്റ്‌സ് ഗ്രൂപ്പില്‍ ആകെ നിലവിളി ……
മണിക്കൂറുകള്‍ കഴിയും തോറും ചുറ്റുമുള്ള വെടിയൊച്ചകള്‍ കുട്ടികളെ ഭീതിയിലാക്കി. പാരന്റ്‌സ് ഗ്രൂപ്പിലെ മെസേജുകള്‍ക്ക് വേണ്ടി ഓരോരുത്തരും കാത്തിരുന്നു.

ആഇശ സൈബൂല്‍

അവസ്ഥകള്‍ കൂടുതല്‍ രൂക്ഷമായി…. ചുറ്റും വെടിയൊച്ചകള്‍ കൂടിക്കൂടി വന്നു…ഭക്ഷണം കുട്ടികള്‍ക്ക് മെസ്സില്‍ നിന്നും തയ്യാറാക്കി കൊടുക്കുന്നു എന്നത് മാത്രമായിരുന്നു ആശ്വാസം. കൂട്ടത്തില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ ജസ്ന ഞങ്ങള്‍ക്ക് ഒരുപാട് ആശ്വാസം പകര്‍ന്നു തന്നു. ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ പോലും മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥ. ആശങ്കകള്‍ അതിരുകവിഞ്ഞപ്പോള്‍ ഞാന്‍ കേന്ദ്രമന്ത്രി മുരളീധരന്‍ സാറുമായി സംസാരിച്ചു…. കുട്ടികള്‍ ബങ്കറില്‍ കഴിയുന്നത് തന്നെയാണ് സുരക്ഷിതമെന്നായിരുന്നു മന്ത്രിയുടെയും നിര്‍ദേശം.

യുദ്ധം കൂടുതല്‍ ശക്തമായി, റഷ്യ അതിശക്തമായ രീതിയില്‍ തന്നെ ആക്രമണം തുടങ്ങിയിരുന്നു… എയര്‍ഷെലിംഗ് ആരംഭിച്ചു. ഉക്രൈന്‍ തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ കുട്ടികളുടെ ബങ്കറിലെ അവസ്ഥ പ്രയാസകരമായി. ഫോണില്‍ വളരെ വിരളമായി മാത്രമേ കിട്ടിയിരുന്നുള്ളൂ. പ്രാഥമിക ആവശ്യങ്ങള്‍ക്ക് വേണ്ടി കുട്ടികള്‍ പുറത്തിറങ്ങിയപ്പോള്‍ തൊട്ടു മുന്നിലേക്ക് വന്ന മിസൈല്‍ ആക്രമണത്തില്‍ കുട്ടികള്‍ അലറിവിളിച്ചു….ഫാമിലി ഗ്രൂപ്പില്‍ അവള്‍ അയച്ച ഓഡിയോ ഇങ്ങനെയായിരുന്നു :”…മാമി ഇവിടെ ബോംബ് പൊട്ടി…. എനിക്ക് പേടിയാകുന്നു എങ്ങനെയെങ്കിലും രക്ഷിക്ക്…’ ഈ കരച്ചില്‍ ഇന്നും എന്റെ ചെവിയില്‍ അലയടിക്കുന്നു…
പിന്നീട് ഗ്രൂപ്പിലും അല്ലാതെയും വരുന്ന ഓരോ മെസ്സേജുകളും ഭയപ്പെടുത്തുന്നതായിരുന്നു. ബങ്കറില്‍ കുട്ടികള്‍ക്ക് അസുഖം വന്നു തുടങ്ങി. ഒരു ദിവസം ഉച്ചക്ക് മോള്‍ വിളിച്ച് വീഡിയോ കോളിലേക്ക് എത്താന്‍ പറഞ്ഞു: ശേഷം ഇങ്ങനെയായിരുന്നു അവളുടെ വാക്കുകള്‍ : ഇനി ഞങ്ങള്‍ക്ക് നാട്ടിലേക്ക് വരാന്‍ കഴിയുകയില്ല എന്ന സത്യം മനസ്സിലാക്കി കൊള്ളണമെന്ന് ഞങ്ങളുടെ കോ-ഓര്‍ഡിനേറ്റര്‍ പറഞ്ഞിരിക്കുന്നു.ഹൃദയം പൊട്ടുന്ന വേദനയോടുകൂടിയാണ് മകളുടെ ഈ സംസാരം കേട്ടിരിക്കാനായത്. അക്രമം രൂക്ഷമായി. കുട്ടികളെ അടുത്ത ബങ്കറിലേക്ക് മാറ്റി. റഷ്യന്‍ അതിര്‍ത്തിയിലെ 27 കിലോമീറ്ററിലേക്ക് കുട്ടികളോട് ഓടിപ്പോകാനായി ഇന്ത്യന്‍ എംബസിയുടെ മെസേജ് …

അന്ന് രാത്രി കുട്ടികളെ ഞങ്ങള്‍ക്ക് വിളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഉറക്കമില്ലാത്ത രാത്രികള്‍ ആയിരുന്നു എല്ലാം മാതാപിതാക്കള്‍ക്കും. “ഉമ്മ ഇവിടെ ചുറ്റിലും ബോംബ് പൊട്ടുന്ന വലിയ ശബ്ദം…. നമ്മൾക്ക് എല്ലാം ഇപ്പോള്‍ എന്തെങ്കിലും പറ്റി പോകും, ഇനി എന്താണ് ചെയ്യുക’ – ഒരിക്കള്‍ മോളുടെ മെസേജ് ഇങ്ങനെയായിരുന്നു.

കോ-ഓര്‍ഡിനേറ്റര്‍ ജസ്‌ന ധൈര്യത്തോടുകൂടി കുട്ടികളെ ബംഗറില്‍ നിന്ന് പുറത്തിറക്കി. ട്രാവല്‍ ഏജന്റ്ഷാജസിന്റെ കരുത്തുറ്റ തീരുമാനവും തുണയായി. ട്രെയിന്‍ യാത്രക്കിടയില്‍ വീഡിയോ കോളിൽ ഒരിക്കല്‍ മോളോട് ഞാന്‍ ചോദിച്ചു , മോളേ…വിശക്കുന്നുണ്ടോന്ന്, ഇല്ല ഉമ്മാ… എന്ന് അവള്‍ പറയുമ്പോള്‍ അറിയാതെ അവളുടെ കണ്ണ് നിറഞ്ഞൊഴുകിയത് ഞാന്‍ ഓര്‍ക്കുന്നു.
കര്‍ണാടകയില്‍ നിന്നുള്ള മോന്‍ നവീനിന്റെ വേര്‍പിരിയല്‍… മറ്റൊരു മോന്‍ കുഴഞ്ഞു വീണു മരിച്ചു…അവരുടെ കുടുംബങ്ങള്‍ക്ക് ശാന്തിയും സമാധാനവും ലഭിക്കട്ടെ. ഒരു കാര്യം ഞാന്‍ അതിശയത്തോടെ ഓര്‍ക്കുകയാണ്. എന്തിനെയും അതിജീവിക്കാനുള്ള ഈ ധൈര്യവും ശക്തിയും ഞങ്ങളുടെ കുട്ടികള്‍ എങ്ങനെ ആർജിച്ചെടുത്തു ?
(ദുആ ഖദീജയുടെ മാതാവിന്റെ വാക്കുകൾ)

 

Latest