jamiul futhuh
വിശ്വാസികളുടെ മനംനിറച്ച് ജാമിഉൽ ഫുതൂഹിലെ ഇഫ്താർ
ദിനേന രണ്ടായിരത്തോളം പേർക്കാണ് ഇഫ്താർ വിരുന്നൊരുക്കുന്നത്.
നോളജ് സിറ്റി | മർകസ് നോളജ് സിറ്റി ജാമിഉൽ ഫുതൂഹ് മസ്ജിദിലെ ഇഫ്താർ സംഗമം ശ്രദ്ധേയമാകുന്നു. ദിനേന രണ്ടായിരത്തോളം പേർക്കാണ് ഇഫ്താർ വിരുന്നൊരുക്കുന്നത്. റമസാൻ ഒന്ന് മുതൽ തന്നെ ഇഫ്താർ സംഗമം ആരംഭിച്ചിരുന്നു.
മർകസ് നോളജ് സിറ്റി കാണാനും ജാമിഉൽ ഫുതൂഹിലെ ആകാര ഭംഗിയും ആത്മീയ അനുഭൂതിയും നുകരാനുമായി കേരളത്തിനകത്തും പുറത്തും നിന്നായി ഒട്ടേറെപ്പേരാണ് ദിനേന ഇവിടെ എത്തുന്നത്. യാത്രക്കാര്‍, പ്രദേശവാസികൾ, ആശുപത്രികളിലെ രോഗികള്‍, കൂട്ടിരിപ്പുകാർ തുടങ്ങിയവർക്കും ഏറെ സഹായകമായി വിഭവ സമൃദ്ധമായാണ് ഇഫ്താർ ഒരുക്കുന്നത്.
ജാമിഉൽ ഫുതൂഹ് മസ്ജിദിന്റെ ഒന്നാം നിലയിലെ റൂഫ് ടോപ് ഗാർഡന് സമീപത്ത് നടക്കുന്ന ഇഫ്താർ സംഗമം സന്ധ്യാ സമയത്തെ നയനമനോഹരമായ കാഴ്ച കൂടിയാണ്. പൊതു ജനങ്ങൾക്കും സംഭാവനകളിലൂടെ ഇഫ്താർ സംഗമത്തിന്റെ ഭാഗമാകാൻ അവസരമുണ്ടെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 6235600600.