cover story
പ്രവാചകരുടെ നഗരിയിലെ ഇഫ്ത്വാർ സത്കാരങ്ങൾ
മദീനയിലെ ആതിഥേയത്വത്തിന്റെ ഹൃദ്യമായ പുതിയകാല അനുഭവങ്ങളിലൊന്നാണ് ഇവിടുത്തെ ഇഫ്ത്വാർ സുപ്രകൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരുനബി(സ)യുടെ സന്നിധിയിലെത്തുന്ന വിശ്വാസികൾ ഈ ഇഫ്ത്വാർ സത്്കാരം അനുഭവിക്കുന്നു. റമസാനിലെ മുഴുവൻ ദിവസങ്ങളിലും അല്ലാത്ത സമയത്ത് തിങ്കൾ, വ്യാഴം അടക്കമുള്ള സുന്നത്ത് നോമ്പുകളുടെ സമയത്തും ഇഫ്്ത്വാർ സുപ്രകൾ വിരിക്കാറുണ്ട്.

മദീന, പ്രണയത്തിന്റെ നഗരമായാണ് വിശ്വാസി ഹൃദയങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ആതിഥ്യത്തിന്റെ നഗരമെന്ന നാമം ചേർത്തുപറയാൻ ഇത്രമേൽ യോഗ്യമായ മറ്റൊരു പട്ടണവും ചരിത്രത്തിലും വർത്തമാനത്തിലും കാണില്ല. വിശ്വാസ സംരക്ഷണത്തിന് തിരുനബി(സ)യും അനുചരരും മക്ക വിട്ട് വരുമ്പോൾ മദീന വെറും യസ്്രിബാണ്. മോശം കാലാവസ്ഥയും രോഗവും ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷവുമെല്ലാമായി സങ്കീർണമായിരുന്നു യസ്്രിബിന്റെ മണ്ണും മനസ്സും.
തിരുനബി(സ)യെ തങ്ങളുടെ നാട്ടിലേക്ക് സ്വീകരിക്കാൻ അവർ തീരുമാനിക്കുന്നതോടെ ചരിത്രം നിർവൃതിയുടെ ചായമണിഞ്ഞു. അവർ യുദ്ധം മറന്നു. സ്നേഹത്തിന്റെയും പങ്കുവെപ്പിന്റെയും പര്യായങ്ങളായി. ഒഴിഞ്ഞ കൈയുമായി മക്കയിൽ നിന്ന് പലായനം ചെയ്തെത്തിയവർക്ക് അവർ അതുല്യരായ ആതിഥേയരായി. ഭക്ഷണവും താമസവും ജീവിതസാഹചര്യങ്ങളുമൊരുക്കി. മക്കളേയും സഹോദരിമാരേയും വിവാഹം കഴിപ്പിച്ചു നൽകി ഒട്ടും അകലമല്ലാത്ത വിധം ചേർത്തുനിർത്തി.
ത്യാഗ പർവങ്ങൾ താണ്ടി തിരുനബി (സ) മദീനയിലെത്തിയപ്പോൾ അവർ അതിർത്തിയിൽ ചെന്നു സ്വീകരിച്ചു. അന്നു പാടിയ സ്വാഗത ഗാനം ചരിത്രത്തിലെ ഏറ്റവും മനോഹരമായ സ്വാഗത ഗാനമായി മാറി. ഓരോ വീട്ടുകാരനും നബി(സ)യുടെ ആതിഥേയനാകാൻ ആഗ്രഹിച്ചു, മനസ്സുരുകി അതിനായി പ്രാർഥിച്ചു. നബിയോരുടെ വാഹനം തങ്ങളുടെ വീടും കടന്നുപോവുകയാണെന്ന് തോന്നിയപ്പോൾ അതിന്റെ കടിഞ്ഞാണിൽ പിടിച്ചുനിർത്താൻ ശ്രമിച്ചുനോക്കി. ഒടുക്കം അബൂഅയ്യൂബുൽ അൻസ്വാരി(റ) വിന്റെ വീട് തിരഞ്ഞെടുക്കപ്പെട്ടു. നബി(സ) ആ വീട്ടിലെത്തുമ്പോഴേക്കും ബീവി നവ്വാർ(റ)യുടെ ഭക്ഷണപ്പാത്രം തിരുനബി (സ) യെ തേടിച്ചെന്നു. അതൊരു തുടക്കമായിരുന്നു. ഇന്നും തുടരുന്ന പങ്കുവെപ്പുകളുടെ ആരംഭം. ദാരിദ്ര്യത്തിന്റെ പരിമിതികൾക്കിടയിലും അവരുടെ സമ്മാനപ്പൊതികൾ നബി(സ)യേയും അനുചരരേയും തേടിച്ചെന്നുകൊണ്ടിരുന്നു.
തങ്ങളുടെ നാടിന്റെ പേര് അവർ മറന്നുകളഞ്ഞു. അത് നബി(സ)യുടെ മാത്രം മദീനയായി. സ്വിദ്ദീഖും (റ) ഉമറും (റ) അവരുടെ നാട്ടുപ്രമാണിമാരായി. അങ്ങനെ അവരെ ചരിത്രം അൻസ്വാറുകൾ അഥവാ സഹായികൾ എന്ന് വിളിച്ചു.
അതുല്യമായ അതിഥി സത്കാരങ്ങൾ മദീനയിൽ തുടർന്നുകൊണ്ടിരുന്നു. ബദ്ർ യുദ്ധത്തിൽ മുസ്്ലിംകളെ ഇല്ലാതാക്കാൻ വന്ന് ബന്ധികളാക്കപ്പെട്ട ശത്രുക്കളെ സത്കരിക്കാൻ വേണ്ടി അവർ പട്ടിണി കിടന്നു. അതിഥി കഴിച്ചു കഴിഞ്ഞപ്പോൾ ഒന്നും ബാക്കിയില്ല എന്ന വിവരം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടാതിരിക്കാൻ വിളക്കിന്റെ തിരി താഴ്ത്തി പാത്രങ്ങൾ കൂട്ടിമുട്ടിച്ച് ശബ്ദമുണ്ടാക്കി അവർ സുഭിക്ഷത അഭിനയിച്ചു. ഈ നഗരത്തെ അല്ലാതെ മറ്റേത് നഗരത്തെയാണ് നാം ആതിഥേയരുടെ നഗരമായി പേരു വിളിക്കേണ്ടത്?
മദീനയിലെ ആതിഥേയത്വത്തിന്റെ ഹൃദ്യമായ പുതിയകാല അനുഭവങ്ങളിലൊന്നാണ് ഇവിടുത്തെ ഇഫ്ത്വാർ സുപ്രകൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരുനബി(സ)യുടെ സന്നിധിയിലെത്തുന്ന വിശ്വാസികൾ ഈ ഇഫ്ത്വാർ സത്്കാരം അനുഭവിക്കുന്നു. റമസാനിലെ മുഴുവൻ ദിവസങ്ങളിലും അല്ലാത്ത സമയത്ത് തിങ്കൾ, വ്യാഴം അടക്കമുള്ള സുന്നത്ത് നോമ്പുകളുടെ സമയത്തും ഇഫ്്ത്വാർ സുപ്രകൾ വിരിക്കാറുണ്ട്.
റമസാനിൽ അത് പതിനായിരങ്ങൾ പങ്കെടുക്കുന്ന ആഘോഷം തന്നെയാണ്. നോമ്പുകാരനുണ്ട് എന്ന് നബി(സ) പറഞ്ഞ രണ്ട് സന്തോഷങ്ങളിൽ ഒന്ന് ഇത്രയും ഹൃദ്യമായി മറ്റെവിടെയും അനുഭവപ്പെടുന്നുണ്ട് എന്ന് തോന്നുന്നില്ല.റമസാനിൽ പള്ളിക്കകത്തും പുറത്തും ഇഫ്താർ സുപ്രകളുണ്ടാകും. സഊദി സർക്കാറിന്റെ ഹറം കാര്യ വകുപ്പ് സംഘടിപ്പിക്കുന്നതും വിവിധ സംഘടനകൾ നടത്തുന്നതുമായ നോമ്പുതുറകൾ ഇക്കൂട്ടത്തിലുണ്ട്. സ്വകാര്യ സംഘടനകൾക്ക് യഥേഷ്ടം ഇങ്ങനെ സുപ്ര വിരിക്കാനാകില്ല. അതിന് നേരത്തെ ഓൺലൈനായി അപേക്ഷിച്ച് അനുമതി വാങ്ങണം. സുപ്ര വിരിക്കുന്ന ഏരിയയും നിർണയിക്കപ്പെടുന്നത് ഈ അനുമതിയിലൂടെയാണ്. ഇങ്ങനെ സാധിക്കാത്ത വ്യക്തികൾക്ക് ഇഫ്താർ സംഘടിപ്പിക്കുന്ന ഐ സി എഫ്., ആർ എസ് സി പോലുള്ള സംഘടനകളുമായി ബന്ധപ്പെട്ട് ഈ സുകൃതത്തിന്റെ ഭാഗമാകാനും സാധിക്കും.
അസർ നിസ്‌കാരത്തോടെ നോമ്പുതുറയുടെ ഒരുക്കങ്ങൾ തുടങ്ങും. നിർണയിക്കപ്പെട്ട ഏരിയകളിൽ സുപ്രകൾ വിരിക്കും. ശേഷം വിഭവങ്ങൾ നിരത്തും. വലിയ സമ്പന്നരും പ്രായാധിക്യമുള്ളവരും സേവകർ ഉണ്ടായിട്ടും സ്വന്തമായി ഭക്ഷണം കൊണ്ടുവരികയും അതിഥികൾക്കായി ഒരുക്കുകയും ചെയ്ത് ഈ പുണ്യത്തിന്റെ ഭാഗമാകുന്നത് കാണാം.
സാധാരണ ഗതിയിൽ സംസം, ഈത്തപ്പഴം, വെള്ളം, ചായ, ഖഹ്്വ, റൊട്ടി, സബാദി എന്ന് പറയുന്ന ഒരു തരം തൈര്, ദുഗ എന്ന് വിളിക്കുന്ന ഒരു തരം പൊടി, കശുവണ്ടി പരിപ്പ് എന്നിവയൊക്കെയാണ് സുപ്രയിൽ നിരത്തുന്ന വിഭവങ്ങൾ. ദുഗ സബാദിയിൽ കലർത്തും അത് ചേർത്താണ് റൊട്ടി കഴിക്കുന്നത്.
മഗ്്രിബിനോടടുപ്പിച്ച് നോമ്പുകാർ സുപ്രയുടെ ചുറ്റും ഇരുന്ന് തുടങ്ങും. വളരെ വിശേഷപ്പെട്ട അതിഥിയെ സ്വീകരിക്കുന്ന വിധം ആദരവോടെ ഹസ്തദാനം ചെയ്ത് സുപ്രയിലേക്ക് ആനയിക്കുന്ന മദീനാ നിവാസികളുടെ ആതിഥ്യം അതുല്യമായ പാരമ്പര്യത്തിന്റെ തുടർച്ചയെ അടയാളപ്പെടുത്തുന്നതാണ്.ബാങ്കിന്റെ സമയമാകുമ്പോഴേക്കും പള്ളിയുടെ അകത്തും പുറത്തുമായി പതിനായിരങ്ങൾ സുപ്രയുടെ ഇരുവശങ്ങളിലുമായി നിറയും. പല നാട്ടുകാർ, പല ഭാഷ സംസാരിക്കുന്നവർ, ആർക്കും പ്രത്യേക പരിഗണനയോ അവഗണനയോ ഇല്ല. ഇഫ്താറിന്റെ സമയമായാൽ അവർ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു. ഇസ്്ലാമിന്റെ സാഹോദര്യ സങ്കൽപ്പങ്ങളുടെ മനോഹരമായ സാക്ഷാത്കാരം. പലയിടത്തും നിന്ന് ഈത്തപ്പഴവും വെള്ളവുമെല്ലാം നൽകി സുപ്ര വിരിക്കാൻ അവസരം ലഭിക്കാത്തവരും ഈ സുകൃതത്തിന്റെ ഭാഗമാകുന്നതും കാണാം. സ്ത്രീകൾക്കും നിർണയിക്കപ്പെട്ട ഭാഗങ്ങളിൽ ഇഫ്താർ സത്കാരം സംവിധാനിക്കാറുണ്ട്.
ബാങ്ക് കഴിഞ്ഞ് ചുരുങ്ങിയ സമയത്തിനകം നിസ്‌കാരത്തിനായി ഇഖാമത്ത് മുഴങ്ങും. ഈ സമയം കൊണ്ട് ഭക്ഷണം കഴിച്ചു കഴിയും. ഉടൻ തന്നെ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ വൃത്തിയാക്കുന്ന പ്രവർത്തനങ്ങളും ആരംഭിക്കും. ബാക്കി വരുന്ന ഭക്ഷണ സാധനങ്ങൾ ഒന്നും കളയാതെ ശേഖരിച്ചു തന്നെയാണ് ക്ലീനിംഗ്. പതിനായിരങ്ങളുടെ ഭക്ഷണാവശിഷ്ടങ്ങൾ വൃത്തിയാക്കാൻ രണ്ടോ മൂന്നോ മിനുട്ടുകൾ എന്ന തിരിച്ചറിവും നമ്മെ ആശ്ചര്യപ്പെടുത്തും. ഹറമിലെ ക്ലീനിംഗ് തൊഴിലാളികളുടെ നൈപുണ്യവും സമർപ്പണവും പ്രത്യേകം പറയേണ്ടതാണ്. വലിയ കവറുകളിൽ ശേഖരിക്കുന്ന അവശിഷ്ടങ്ങൾ പ്രത്യേക ട്രോളിയിൽ പുറത്തെത്തിക്കുകയും ഇതിനായി സംവിധാനിച്ച ട്രക്കുകളിൽ കയറ്റി സംസ്‌കരണത്തിനായി കൊണ്ടുപോവുകയും ചെയ്യും.
ആദ്യ വട്ട സുപ്രയിൽ നിന്ന് തന്നെ അത്യാവശ്യം വയറു നിറയും. വീണ്ടും കഴിക്കണമെന്ന് തോന്നുന്നവർക്ക് നിസ്‌കാര ശേഷം പള്ളിയുടെ പുറത്ത് ചില സുപ്രകൾ കാണാം. മലയാളിയുടെ ഇഷ്ട വിഭവങ്ങളായ മന്തിയും ബിരിയാണിയും മുതൽ കുടുംബിനികൾ ഒരുക്കിയ പത്തിരിയടക്കം വിഭവ വൈവിധ്യങ്ങൾ ഈ സുപ്രയിലുണ്ടാകും.
നാം കേട്ടു തുടങ്ങിയ അന്നു മുതൽ മദീന നമ്മെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ആ അത്ഭുതത്തിന്റെയും സ്നേഹത്തിന്റെയും തുടർച്ചയാണ് ഈ ഇഫ്്ത്വാർ സത്്കാരങ്ങളും. മുത്ത് നബി (സ) പറഞ്ഞ പോലെ നമുക്ക് “അൻസ്വാറു’കളെ പ്രിയം വെക്കാം. അവരിലെ സുകൃതങ്ങളെ പകർത്തുകയുമാകാം.