Connect with us

National

ബജറ്റിൽ അവഗണന;പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന നിതി ആയോഗ് യോഗം ബഹിഷ്കരിക്കാനൊരുങ്ങി നാല് മുഖ്യമന്ത്രിമാർ

ബജറ്റില്‍ യാതൊരു വിവേചനവും കാണിച്ചിട്ടില്ലെന്നും എല്ലാ സംസ്ഥാനങ്ങള്‍ക്കും ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നുമാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറയുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | നിര്‍മലാ സീതാരാമന്‍ ചൊവ്വാഴ്ച അവതരിപ്പിച്ച മൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് വിവേചനപരമാണെന്നാരോപിച്ച് നീതി ആയോഗിന്റെ യോഗം ബഹിഷ്‌കരിക്കാന്‍ ഒരുങ്ങി നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍. ജൂലൈ 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേരുന്ന നീതി ആയോഗിന്റെ യോഗമാണ് മൂന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും തമിഴ്‌നാട് മുഖ്യമന്ത്രിയും ബഹിഷ്‌കരിക്കാന്‍ ഒരുങ്ങുന്നത്.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു എന്നിവരാണ് യോഗം ബഹിഷ്‌കരിക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍. ബജറ്റ് വിവേചനപരമായതിനാല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ നിതി ആയോഗിന്റെ യോഗം ബഹിഷ്‌കരിക്കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു.

കന്നഡക്കാരുടെ ആശങ്കകള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും അതിനാല്‍ നിതി ആയോഗ് യോഗത്തില്‍ പങ്കെടുക്കുന്നത് അര്‍ത്ഥശൂന്യമാണെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ആന്ധ്രാപ്രദേശും ബിഹാറും ഒഴികെയുള്ള സംസ്ഥാനങ്ങളെ കാണാന്‍ പ്രധാനമന്ത്രി മോദിക്ക് കഴിയുന്നില്ല, കാരണം പ്രധാനമന്ത്രി സ്ഥാനത്താണ് മോദിയുടെ കണ്ണ്. പാവപ്പെട്ടവരേയും പട്ടിക ജാതി- പട്ടിക വിഭാഗങ്ങളെയും പൂര്‍ണമായി അവഗണിച്ചു. ബജറ്റില്‍ കര്‍ഷകരോട് അനീതിയാണ് കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

നിതി ആയോഗ് യോഗം ബഹിഷ്‌കരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ചൊവ്വാഴ്ച വൈകിട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ധനനയങ്ങളിലും ബജറ്റ് വിഹിതത്തിലും കടുത്ത അതൃപ്തി പ്രകടിപ്പിച്ച സ്റ്റാലിന്‍, തമിഴ്‌നാടിനോടുള്ള ഏറ്റവും വലിയ വഞ്ചനയാണ് ബജറ്റെന്നാണ് വിമര്‍ശിച്ചത്.

അതേസമയം ബജറ്റില്‍ യാതൊരു വിവേചനവും കാണിച്ചിട്ടില്ലെന്നും എല്ലാ സംസ്ഥാനങ്ങള്‍ക്കും ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നുമാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറയുന്നത്. പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഒന്നുമില്ലെന്ന ആരോപണം ശരിയല്ല. 230-ല്‍ താഴെ സീറ്റുലഭിച്ച പ്രതിപക്ഷത്തിന് ചോദ്യംചെയ്യാന്‍ അവകാശമില്ലെന്നും ധനമന്ത്രി പറഞ്ഞു.

ബജറ്റ് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ബ്ലോക്ക് നേതാക്കള്‍ ഇന്ന് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.