Connect with us

Soil digging

പ്രതിഷേധം അവഗണിച്ച് ദേശീയപാത നിര്‍മാണത്തിനുള്ള മണ്ണെടുപ്പു തുടങ്ങി

തഹസില്‍ദാര്‍ അടക്കം ഉദ്യോഗസ്ഥ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

Published

|

Last Updated

ആലപ്പുഴ : ആലപ്പുഴ നൂറനാട്, ദേശീയപാത നിര്‍മാണത്തിനുള്ള മണ്ണെടുപ്പു തുടങ്ങി. പ്രതിഷേധം വകവയ്ക്കാതെ ടിപ്പറുകളില്‍ മണ്ണ് കയറ്റുകയാണ്. മണ്ണുമായി കുന്നിറങ്ങുന്ന ലോറികള്‍ തടയുമെന്ന നിലപാടിലാണ് നാട്ടുകാര്‍.

തഹസില്‍ദാര്‍ അടക്കം ഉദ്യോഗസ്ഥ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. മണ്ണെടുപ്പ് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് പാലിക്കുകയാണെന്ന് കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ സജീവ്കുമാര്‍ പറഞ്ഞു. വന്‍ പോലീസ് സംഘവും സ്ഥലത്തു നിലയുറപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയഴ്ചയിലെ സംഘര്‍ഷത്തെ തുടര്‍ന്നാണു കുന്നിടിക്കുന്നത് നിര്‍ത്തി വച്ചിരുന്നത്. പ്രതിഷേധമുണ്ടായാല്‍ നേരിടാനുള്ള എല്ലാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ടെന്നും നാട്ടുകാര്‍ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും തഹസില്‍ദാര്‍ വ്യക്തമാക്കി. പാലമേല്‍ പഞ്ചായത്തില്‍ നാല് കുന്നുകളാണ് തുരക്കുന്നത്. മറ്റപ്പള്ളിക്ക് പുറമേ ഞവരക്കുന്ന്, പുലിക്കുന്ന്, മഞ്ചുകോട് എന്നിവിടങ്ങളിലാണ് മണ്ണെടുക്കുന്നത്.

മറ്റപ്പള്ളി കുന്നില്‍ നിന്നാണ് ആദ്യം മണ്ണെടുക്കുന്നത്. ഒരു ഹെക്ടറില്‍ നിന്നു 95,700 മെട്രിക് ടണ്‍ മണ്ണാണ് കിട്ടുക. ഇത്തരത്തില്‍ 14 ഹെക്ടറിലെ ഭൂമി ഉടമകളുമായി കരാറുകാര്‍ ധാരണയില്‍ എത്തിയിട്ടുണ്ട്.