Connect with us

From the print

ഇഹ്തിറാം-24: കാല്‍ നൂറ്റാണ്ട് സേവനം; മദ്റസാ അധ്യാപകര്‍ക്ക് ആദരം

582 മദ്റസാ അധ്യാപകര്‍ക്ക് അവാര്‍ഡ് നല്‍കി ആദരമൊരുക്കി.

Published

|

Last Updated

കോഴിക്കോട് | പ്രയാസങ്ങള്‍ സഹിച്ച് മദ്റസാ അധ്യാപന രംഗത്ത് സേവനം ചെയ്യുന്ന ആയിരക്കണക്കിന് അധ്യാപകര്‍ക്ക് ആദരവറിയിച്ച് ഇഹ്തിറാം-24. കാല്‍ നൂറ്റാണ്ട് സേവനം പൂര്‍ത്തിയാക്കിയ 582 മദ്റസാ അധ്യാപകര്‍ക്ക് അവാര്‍ഡ് നല്‍കി ആദരമൊരുക്കാന്‍ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സംഘടിപ്പിച്ച പരിപാടിയില്‍, സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ സേവനം ചെയ്യുന്ന അധ്യാപകര്‍ 1989 കാലഘട്ടങ്ങളില്‍ സഹിച്ച പ്രയാസങ്ങളുടെയും പ്രതിസന്ധികളുടെയും ഓര്‍മകളിരമ്പി.

ചടങ്ങ് ഉദ്ഘാടനം ചെയ്ത കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരടക്കം എല്ലാവരും പ്രതിസന്ധി ഘട്ടങ്ങളെ അനുസ്മരിച്ചുകൊണ്ടാണ് സംസാരിച്ചത്. സ്വഹാബികളും കഴിഞ്ഞുപോയ പണ്ഡിതന്‍മാരില്‍ പലരും ക്രൂരമായ പീഡനങ്ങളേറ്റുവാങ്ങിയിരുന്നുവെന്ന് കാന്തപുരം വ്യക്തമാക്കി.

മദ്റസാ രംഗം പുതിയ കാലത്ത് വെല്ലുവിളി നേരിടുന്നതായി കേന്ദ്ര മുശാവറ അംഗം കോടമ്പുഴ ബാവ മുസ്‌ലിയാര്‍ വ്യക്തമാക്കി. രണ്ട് നേരം മദ്റസയെന്ന പഴയ രീതി ഇന്ന് അപ്പാടെ ഒഴിവായിപ്പോയിരിക്കുകയാണ്. നാട്ടില്‍ ഒരു മദ്റസ ഉള്ളതുകൊണ്ട് മാത്രം തന്റെ കുട്ടിയെയും മദ്റസയില്‍ അയക്കുകയെന്ന പേരിന് മാത്രം മദ്റസാ പഠനം എന്ന ശൈലിയിലേക്ക് കാര്യങ്ങളെത്തിയിട്ടുണ്ട്. മദ്റസയുടെ പ്രാധാന്യത്തെക്കുറിച്ച് രക്ഷിതാക്കളെയും പൊതുജനങ്ങളെയും ബോധവത്കരിക്കേണ്ടതുണ്ട്. മദ്റസാധ്യാപകര്‍ കാലോചിതമായി പ്രവര്‍ത്തിക്കേണ്ടതിനൊപ്പം അധ്യാപകര്‍ക്ക് കാലോചിതമായ ശമ്പളവും ആനുകൂല്യവും നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

മദ്റസാ അധ്യാപകര്‍ക്ക് സമൂഹത്തില്‍ വലിയ പങ്ക് വഹിക്കാന്‍ കഴിയും. ഓണ്‍ലൈന്‍ മദ്റസാ പഠനം പ്രോത്സാഹിപ്പിക്കേണ്ടതല്ല. ഈ സമ്പ്രദായം മത പഠനം പേരിന് മാത്രമായി ചുരുങ്ങുന്നുവെന്നും ബാവ മുസ്‌ലിയാര്‍ പറഞ്ഞു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി, സയ്യിദ് ഷറഫുദ്ദീന്‍ ജമലുല്ലൈലി, കൊമ്പം കെ പി മുഹമ്മദ് മുസ്ലിയാര്‍, അബൂഹനീഫല്‍ ഫൈസി തെന്നല, വി പി എം ഫൈസി വില്യാപ്പള്ളി, പ്രൊഫ. കെ എം എ റഹീം, ഡോ. അബ്ദുല്‍ അസീസ് ഫൈസി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, മജീദ് കക്കാട്, സി പി സൈതലവി മാസ്റ്റര്‍ പ്രസംഗിച്ചു. ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് സ്വാഗതവും അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ നന്ദിയും പറഞ്ഞു.