Uae
ദുബൈയിൽ ഐ ഐ എം വരുന്നു
അഹമ്മദാബാദ് ഐ ഐ എം ആണ് ദുബൈയിൽ രാജ്യാന്തര ക്യാമ്പസ് തുടങ്ങുക.

ദുബൈ| ഇന്ത്യയിലെ പ്രമുഖ മാനേജ്‌മെന്റ്സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന് (ഐ ഐ എം) ദുബൈയിൽ ക്യാംപസ് വരുന്നു. അഹമ്മദാബാദ് ഐ ഐ എം ആണ് ദുബൈയിൽ രാജ്യാന്തര ക്യാമ്പസ് തുടങ്ങുക. ദുബൈ കിരീടാവകാശി ശൈഖ് ഹംദാനും ഇന്ത്യൻ വാണിജ്യ മന്ത്രി പിയൂഷ് ഗോയലും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച ധാരണ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിന്റെ (ഐ ഐ എഫ് ടി) ആദ്യ ക്യാമ്പസും ദുബൈയിൽ ആരംഭിക്കും.
അഹമ്മദാബാദ് ഐ ഐ എം ഡയറക്ടർ പ്രൊഫസർ ഭാരത് ഭാസ്‌കർ, ദുബൈ ഡിപ്പാർട്‌മെന്റ്ഓഫ് ഇക്കോണമി ആൻഡ് ടൂറിസം ഡയറക്ടർ ജനറൽ ഹിലാൽ സഈദ് അൽ മർറി എന്നിവർ ഇത് സംബന്ധമായ ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ഒരു വർഷത്തെ മുഴുസമയ എം ബി എ പ്രോഗ്രാം നൽകുന്ന സ്ഥാപനമാകും ദുബൈ കാമ്പസ്. വർക്കിംഗ് പ്രൊഫഷണലുകൾക്കും സംരംഭകർക്കും കോഴ്‌സിൽ ചേരാനാകും. ജിമാറ്റ്, ജി ആർ ഇ എന്നിവയിൽ ഏതെങ്കിലും പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും പ്രവേശനം.
അഞ്ച് ടേമുകളാണ് കോഴ്‌സിന്റെ ദൈർഘ്യം. 2025 സെപ്തംബറിൽ ആദ്യ ബാച്ച് ആരംഭിക്കും. ഇന്ത്യക്ക് പുറത്ത് ക്യാമ്പസ് സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ ഐ ഐ എമ്മാണ് അഹമ്മദാബാദിന്റേത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ ഐ ടി) ഡൽഹി കഴിഞ്ഞ വർഷം സെപ്തംബറിൽ അബൂദബിയിൽ കാമ്പസ് പ്രവർത്തനം തുടങ്ങിയിരുന്നു. സ്വദേശികൾക്കൊപ്പം പ്രവാസി സമൂഹത്തിന്റെ ഉന്നത വിദ്യാഭ്യാസത്തിനും ക്യാമ്പസ് മുതൽക്കൂട്ടാകും.