Uae
യു എ ഇയില്‍ ഐ ഐ ടി; വിദ്യാഭാസ മേഖലക്ക് പുത്തനുണര്‍വാകും
യു എ ഇയില്‍ ഐ ഐ ടി വരുന്നത് ഗള്‍ഫിലെ ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്നാണ് വിദ്യാഭാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വിലയിരുത്തുന്നത്.
ദുബൈ | സാങ്കേതികശാസ്ത്രപഠനത്തിനായുള്ള ഇന്ത്യയിലെ മികച്ച പൊതുമേഖലാ കലാലയമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ ഐ ടി) യുടെ ഇന്ത്യക്ക് പുറത്തുള്ള ആദ്യ കാമ്പസ് യു എ ഇയില്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനം വിദ്യാഭ്യാസ മേഖലക്ക് പുത്തനുണര്‍വ് നല്‍കുന്നതായി. ഫെബ്രുവരി 18-ന് ഒപ്പുവച്ച ഇന്ത്യ-യുഎഇ വ്യാപാര കരാറിലാണ് ഇന്ത്യയ്ക്ക് പുറത്ത് ഒരു ഐഐടി സ്ഥാപിക്കുന്നത്തിനുള്ള ധാരണയുള്ളത്.
‘സാങ്കേതിക പുരോഗതിയെ പ്രോത്സാഹിപ്പിക്കുന്ന ലോകോത്തര സ്ഥാപനങ്ങള്‍ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി, യുണൈറ്റഡ് അറബ് എമിറേറ്റുകളില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സ്ഥാപിക്കും’ എന്നാണ് യുഎഇ-ഇന്ത്യ സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നത്.
ഐ ഐ ടികള്‍ ഇന്ത്യയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലെ ശ്രദ്ധേയമായ സ്ഥാപനമാണ്, നിലവില്‍ രാജ്യത്ത് 23 ഐഐടികളുണ്ട്. ബിരുദ (യുജി), ബിരുദാനന്തര ബിരുദം (പിജി), ഡോക്ടറേറ്റ് (പിഎച്ച്ഡി) തലത്തിലുള്ള കോഴ്സുകള്‍ നല്‍കുന്ന 23 ഐഐടികള്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്നുണ്ട്
ഡല്‍ഹി, ബോംബെ, ഖരഗ്പൂര്‍, മദ്രാസ് എന്നിവയാണ് മുന്‍നിര ഐഐടികള്‍. ഖരഗ്പൂരിനാണ് ഏറ്റവും വലിയ ക്യാമ്പസ് .2100 ഏക്കര്‍ വിസ്തൃതിയിലാണിത്. ഇവിടത്തെ ബി ടെക്, എം ടെക് ബിരുദത്തിന് വലിയ പ്രാധാന്യമാണ് വിദ്യാഭ്യാസ മേഖല നല്‍കുന്നത്. ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ജെ ഇ ഇ പൊതു പ്രവേശന പരീക്ഷ എഴുതേണ്ടതുണ്ട്. നാലായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഒരു വര്‍ഷം പ്രവേശനം നല്‍കുന്നത്. ഗേറ്റ്, സീഡ് പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് ബിരുദാനന്തരബിരുദ കോഴ്‌സുകളിലേക്ക് സെലക്ഷന്‍. ഈ പരീക്ഷകളിലെ നിലവാരത്തിനൊപ്പം തുടര്‍ന്നുള്ള ഇന്റര്‍വ്യൂ, മറ്റു പരീക്ഷകള്‍ തുടങ്ങിയവയുമുണ്ട്.
ഇന്ത്യയുടെ സങ്കേതിക വളര്‍ച്ചക്ക് ഉന്നത സാങ്കേതിക കലാലയങ്ങള്‍ ആവശ്യമാണെന്ന മുന്‍കഴിഞ്ഞ രാഷ്ട്ര നേതാക്കളുടെ സങ്കല്‍പത്തില്‍ നിന്നാണ് ഐ ഐ ടി എന്ന ആശയം രൂപം കൊള്ളുന്നത്.
യു എ ഇയില്‍ ഐ ഐ ടി വരുന്നത് ഗള്‍ഫിലെ ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്നാണ് വിദ്യാഭാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വിലയിരുത്തുന്നത്.