Connect with us

International

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടംനേടി ഐലാന്‍ സ്‌ട്രോബറി

ലോകത്തിലെ ഏറ്റവും വലുതും ഭാരമേറിയതുമായ സ്‌ട്രോബറിയാണിത്.

Published

|

Last Updated

ജെറുസലേം| ഒരു ഭീമന്‍ സ്‌ട്രോബറി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച വാര്‍ത്തയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലുതും ഭാരമേറിയതുമായ സ്‌ട്രോബറി എന്ന നിലയ്ക്കാണ് ഇത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുന്നത്. ഈ സൂപ്പര്‍സൈസ്ഡ് സ്‌ട്രോബെറിക്ക് 289 ഗ്രാം ഭാരവും 18 സെന്റീമീറ്റര്‍ നീളവും 4 സെന്റീമീറ്റര്‍ ഖനവും 34 സെന്റീമീറ്റര്‍ ചുറ്റളവുമുണ്ട്. ഏരിയല്‍ ചാഹി എന്ന ഇസ്രായേലി കര്‍ഷകന്റേതാണ് ഈ സ്‌ട്രോബറി.

കഴിഞ്ഞ ആഴ്ചയാണ് ലോകത്തിലെ ഏറ്റവും വലിയ സ്‌ട്രോബെറിയായി ഇതിനെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പ്രഖ്യാപിച്ചത്. ലോകത്തിലെ ഏറ്റവും ഭാരമേറിയ ഈ സ്ട്രോബറിയുടെ വീഡിയോയും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. വീഡിയോ പ്രകാരം ഏരിയല്‍ ആദ്യം ഒരു ഐഫോണ്‍ എക്‌സ് ആറും പിന്നീട് സ്‌ട്രോബറിയും ഒരു വേയിംഗ് മെഷീനില്‍ തൂക്കി. ഐഫോണ്‍ എക്‌സ് ആറിന് 194 ഗ്രാം ഭാരമുണ്ടായിരുന്നു. ഭീമന്‍ സ്‌ട്രോബെറിയെക്കാള്‍ 100 ഗ്രാം കുറവാണിത്. 2021 ഫെബ്രുവരിയിലാണ് മധ്യ ഇസ്രായേലിലെ നെതന്യ നഗരത്തിനടുത്തുള്ള ചാഹി ഏരിയലിന്റെ ഫാമിലി ഫാമില്‍ നിന്ന് സ്‌ട്രോബറി പറിച്ചെടുത്തത്.

എന്നാല്‍ ഈ ആഴ്ചയാണ് ഇത് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചത്. വലിയ വലിപ്പത്തിലേക്ക് വളരുന്ന ഐലാന്‍ എന്ന പ്രാദേശിക ഇനമാണ് ഈ സൂപ്പര്‍സൈസ്ഡ് സ്‌ട്രോബറി. 2021ന്റെ തുടക്കത്തില്‍ അസാധാരണമാംവിധമുള്ള തണുത്ത കാലാവസ്ഥ സ്‌ട്രോബറിയുടെ പഴുക്കുന്ന പ്രക്രിയയെ മന്ദഗതിയിലാക്കി. ഇത് ഭാരം കൂടാന്‍ ഇടയാക്കിയെന്ന് റെക്കോര്‍ഡ് ബുക്കിന്റെ വെബ്‌സൈറ്റ് പറയുന്നു. 2015-ല്‍ ഫുകുവോക്കയില്‍ ഒരു ജാപ്പനീസ് പഴമാണ് ഏറ്റവും ഭാരമുള്ള സ്‌ട്രോബറി എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയത്. 250 ഗ്രാം (8.8 ഔണ്‍സ്) ആയിരുന്നു ഇതിന്റെ ഭാരം.

 

Latest