ilanthur case
ഇലന്തൂര്‍ നരബലി: ഒരുവര്‍ഷം പിന്നിടുമ്പോഴും നടുക്കം മാറുന്നില്ല
മുഹമ്മദ് ഷാഫിയും ഭഗവല്‍സിങ്ങും ലൈലയും വിചാരണ കാത്ത് വിയ്യൂരിലെ അതിവ സുരക്ഷാ ജയിലില്‍ കഴിയുകയാണിപ്പോള്‍

പത്തനംതിട്ട | കേരളത്തെ നടുക്കിയ ഇലന്തൂര്‍ ഇരട്ട നരബലി കേസ് ഒക്ടോബര്‍ 11ന് ഒരു വര്‍ഷം പൂര്‍ത്തീകരിക്കുമ്പോളും മനസ്സാക്ഷിയെ മരവിപ്പിച്ച ആ സംഭവത്തിന്റെ നടുക്കം മാറുന്നില്ല. കേരളത്തിന്റെ സാംസ്‌കാരിക ഔന്നത്യത്തിന് ആഘാതമേല്‍പ്പിച്ചതായിരുന്നു ആഭിചാരത്തിന്റെ മറവില്‍ നടന്ന ആ ഇരട്ടക്കൊലകള്‍.
മനോവൈകൃതമുള്ള മുഹമ്മദ് ഷാഫിയെന്ന പ്രതിയുടെ കെണിയില്‍ അകപ്പെട്ട് ഭഗവല്‍സിങ്ങ് എന്ന ഉഴിച്ചിലുകാരനും ഭാര്യ ലൈലയും ചേര്‍ന്നു സ്വന്തം വീട്ടില്‍ നടത്തിയ നരബലിയുടെ കഥകളാണു കേരളം കേട്ടത്. സ്ത്രീകളെ ബലികൊടുത്തും അവരുടെ ശരീരഭാഗങ്ങള്‍ ഭക്ഷിച്ചും സാമ്പത്തിക അഭിവൃദ്ധി നേടാമെന്നു ദമ്പതികളെ വിശ്വസിപ്പിച്ചത് മനുഷ്യക്കുരുതിയില്‍ സംതൃപ്തി കണ്ടെത്തുന്ന ഷാഫിയായിരുന്നു. ഇയാള്‍ ലോട്ടറി വില്‍പ്പനക്കാരായ കാലടി സ്വദേശി റോസ്‌ലി, തമിഴ്‌നാട് സ്വദേശി പത്മം എന്നിവരെ പണം വാഗ്ദാനം ചെയ്ത് ഇലന്തൂരിലെത്തിച്ച് അതിക്രൂരമായി കൊലപ്പെടുത്താന്‍ കളമൊരുക്കി. തുടര്‍ന്നു മൃതദേഹം കഷണങ്ങളാക്കി പറമ്പില്‍ കുഴിച്ചിട്ടു.
കൊലപാതകവും പീഡനവും ഗൂഡാലോചനയും തുടങ്ങി വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്ത മുഹമ്മദ് ഷാഫിയും ഭഗവല്‍സിങ്ങും ലൈലയും വിചാരണ കാത്ത് വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ കഴിയുകയാണിപ്പോള്‍. നടുക്കിയ സംഭവത്തിന് ഒരാണ്ടു പൂര്‍ത്തീകരിക്കുമ്പോള്‍ ഇലന്തൂര്‍ നരബലി കേസ് പ്രതികളിലേക്ക് മറ്റൊരു കൊലപാതകത്തിന്റെ അന്വേഷണം കൂടി എത്തുന്നു. 2014 ല്‍ പത്തനംതിട്ട മല്ലപ്പുഴശ്ശേരി സ്വദേശി സരോജിനി കൊല്ലപ്പെട്ടതിന്റെ അന്വേഷണമാണ് പ്രതികളിലേക്ക് എത്തുന്നത്. ഈ കേസിലും മൂന്നു പേരെയും ക്രൈംബ്രാഞ്ച് ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. നരബലിക്കു സമാനമാണ് സരോജിനിയുടേയും കൊല എന്നാണു പോലീസ് ചൂണ്ടിക്കാട്ടുന്നത്. ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് 2018 മുതല്‍ ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും കൊലപാതകിയെ കണ്ടെത്താനായിരുല്ല. പത്തനംതിട്ട കുളനട – ആറന്മുള റോഡരികില്‍ നിന്നാണ് 59 വയസുകാരി സരോജനിയുടെ മൃതദേഹം ലഭിച്ചത്. പോസ്റ്റുമോര്‍ട്ടത്തില്‍ ശരീരത്തില്‍ 46 മുറിവുകള്‍ കണ്ടെത്തി.
സരോജിനിയെ കാണാതായ സമയത്ത് നരബലി കേസ് പ്രതി ഭഗവത് സിങിന്റെ സാന്നിധ്യം പ്രദേശത്തുണ്ടായിരുന്നു എന്നതിനു തെളിവുകളുണ്ടെന്നാണു പോലീസ് പറയുന്നത്. വിവിധ സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്ത സ്ത്രീകളെ കാണാതായെന്ന പരാതികളില്‍ പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. നരബലിയില്‍ ഇനിയും ഇരകള്‍ ഉണ്ടായിരിക്കാമെന്ന സംശയത്തില്‍ തന്നെയാണ് ഇത്തരം അന്വേഷണങ്ങള്‍ മുന്നോട്ടു പോയത്.
കടവന്ത്ര പോലീസിന് ലഭിച്ച മിസ്സിംഗ് പരാതിയിലെ അന്വേഷണമാണ് കേരളത്തെ നടുക്കിയ നരബലിക്കേസിലേക്കു വഴിതുറന്നത്. 90 ദിവസത്തിനുള്ളില്‍ കാലടി, കടവന്ത്ര പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കി. ആഭിചാരകൊല നടത്തിയ ഭഗവല്‍സിങ്ങ്‌നേയും ഭാര്യ ലൈലയേയും കൊടും കുറ്റവാളി കൊച്ചിയിലെ ഹോട്ടല്‍ തൊഴിലാളി മുഹമ്മദ് ഷാഫിയേയും അഴിക്കുള്ളിലാക്കിയെങ്കിലും നടന്നകാര്യങ്ങള്‍ ഇന്നും അവിശ്വസനീയമായി നില്‍ക്കുന്നു. ആദ്യ നരബലി ഫലം കണ്ടില്ലെന്നു പറഞ്ഞാണു മുഹമ്മദ് ഷാഫി രണ്ടാമത്തെ ഇരയെ വലയിലാക്കി കൊണ്ടുവന്നത്. ഇരകളെ കൈകാലുകള്‍ കെട്ടിയിട്ട് പൈശാചികമായാണ് കൊലപ്പെടുത്തിയത്. സ്വന്തം വീട്ടില്‍ അരുംകൊലകള്‍ നടത്തി മൃതദേഹം വീട്ടിനുചുറ്റും കുഴിച്ചിട്ട ശേഷവും ഫേസ്ബുക്കില്‍ ഹൈക്കൂ കവിതകളെഴുതി ഭാവവ്യത്യാസമില്ലാതെ നാട്ടിലിങ്ങി നടന്ന ഭഗവല്‍സിംഗ് നാട്ടുകാര്‍ക്ക് ഇന്നും അവിശ്വസനീയമായിത്തുടരുന്നു.
കേസില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാന്‍ പോലീസിന്റെ മികച്ച അന്വേഷണത്തിനായെങ്കിലും ഇതുവരെ വിചാരണ തുടങ്ങാന്‍ ആയിട്ടില്ല. സര്‍ക്കാര്‍ നേരത്തെ നിയോഗിച്ച സ്പഷ്യല്‍ പ്രോസിക്യൂട്ടര്‍ ജോലിഭാരം ചൂണ്ടികാട്ടി രാജിവെച്ചെങ്കിലും പകരം പ്രോസിക്യൂട്ടറെ നിയമിക്കാത്തതാണു വിചാരണ തുടങ്ങാന്‍ വൈകുന്നത്. സെന്‍ട്രല്‍ ലബോറട്ടറിയില്‍ നിന്ന് കൊല്ലപ്പെട്ടവരുടെ രാസ പരിശോധന ഫലവും ലഭ്യമാക്കേണ്ടതുണ്ട്. പനമ്പള്ളി നഗറിലെ മുന്‍ ഇടമലയാര്‍ കോടതിയായ അഡിഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുക.
അരുംകൊലകള്‍ നടന്ന വീട് പോലീസ് സീല്‍ ചെയ്തിരുന്നു. ദുരൂഹമായ ഭഗവല്‍സിങ്ങിന്റെ തിരുമ്മല്‍ കേന്ദ്രവും കാടുമൂടിക്കിടക്കുന്നു. നരബലി നടന്ന ഇലന്തൂരിലെ വീട് കാണാന്‍ ദൂരെ ദിക്കുകളില്‍ നിന്ന് പോലും ഇപ്പോഴും ആളുകളെത്തുന്നു.