Kerala
ഇലന്തൂര്‍ നരബലിക്കേസ്: മൃതദേഹങ്ങളില്‍ ആന്തരികാവയവങ്ങളില്ലെന്ന് പോലീസ്
ആന്തരികാവയവങ്ങള്‍ വില്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചോയെന്ന് അന്വേഷിക്കാനൊരുങ്ങുകയാണ് പോലീസ്.
കൊച്ചി | ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങളില്‍ ചില ആന്തരികാവയവങ്ങള്‍ ഇല്ലെന്ന് പോലീസ് വ്യക്താക്കി .എന്നാല്‍ അവയവങ്ങള്‍ മുറിച്ചു മാറ്റിയ ശേഷം ഇവ പിന്നീട് കുഴിയില്‍ തന്നെ നിക്ഷേപിച്ചു എന്നാണ് പ്രതികളുടെ മൊഴി. നരബലിയുടെ ഭാഗമായാണ് അവയവങ്ങള്‍ മുറിച്ച് മാറ്റിയത് എന്ന് സംശയം. എന്നാല്‍ ആന്തരികാവയവങ്ങള്‍ വില്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചോയെന്ന് അന്വേഷിക്കാനൊരുങ്ങുകയാണ് പോലീസ്.
നരബലി നടന്ന ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലും പറമ്പിലും കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയില്‍ മറ്റ്പല വിവരങ്ങള്‍ ലഭിച്ചിരുന്നു. ലൈല ഒഴികെ ഷാഫിയും ഭഗവല്‍ സിങ്ങും മനുഷ്യ മാംസം ഭക്ഷിച്ചതായി പ്രതികളുടെ മൊഴിയുണ്ട്. സ്ത്രീകളുടെ ആന്തരിക അവയവങ്ങളും മാറിടവും കുക്കറില്‍ വേവിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചതായി ലൈലയും വെളിപ്പെടുത്തി. ശാസ്ത്രീയ പരിശോധനയില്‍ വീട്ടിനുള്ളിലെ ഫ്രിഡ്ജില്‍ രക്തക്കറ കണ്ടെത്തി.
കൊല്ലപ്പെട്ടവരുടെ മാംസം ദീര്‍ഘനാള്‍ ഫ്രിഡ്ജില്‍ വച്ചിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. 10 കിലോയോളം മനുഷ്യ മാംസം ഫ്രിഡ്ജില്‍ സൂക്ഷിച്ചതായാണ് ലഭിക്കുന്ന വിവരം. ഇത് പിന്നീട് മറ്റൊരു കുഴിയില്‍ മറവു ചെയ്തതാണ് വിവരം. ഫ്രിഡ്ജില്‍ നിന്ന് ഷാഫിയുടെ വിരലടയാളവും കിട്ടി. ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ നരബലികള്‍ നടന്നിട്ടുണ്ടോ എന്ന സംശയത്തില്‍ കൃത്യം നടന്ന വീട്ടിലും പറമ്പിലും വിശദമായ പരിശോധനയാണ് ശനിയാഴ്ച നടന്നത്.
അതേ സമയം ഇന്ന് പ്രതികളുമായി തെളിവെടുപ്പ് നടത്തില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. പ്രതി ഷാഫിയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുള്ളതിനാലാണിത്. തെളിവുകള്‍ നിരത്തുമ്പോഴാണ് ഷാഫി കൂടുതല്‍ സഹകരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
കണ്ടെടുത്ത തെളിവുകള്‍ വിശദമായി പരിശോധിക്കും. കേസിലെ മൂന്ന് പ്രതികളെയും മൂന്ന് സ്റ്റേഷനുകളിലായാണ് ചോദ്യം ചെയ്യുന്നത്.