Connect with us

Kerala

ഇലന്തൂര്‍ നരബലിക്കേസ് പ്രതികള്‍ മറ്റൊരു കൊലപാതകവും നടത്തിയതായി സംശയം; വിയ്യൂര്‍ ജയിലില്‍ പ്രതികളെ ചോദ്യം ചെയ്തു

മറ്റ് രണ്ട് നരബലിക്കേസിന് സമാനമായ രീതിയിലാണ് സരോജിനിയുടെ കൊലപാതകവുമെന്നാണ് അന്വേഷണ സംഘം നിഗമനത്തിലെത്തിയിരിക്കുന്നത്

Published

|

Last Updated

തൃശൂര്‍ |  ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികള്‍ മൂന്നാമതൊരു കൊ ലപാതകം കൂടി നടത്തിയതായി  സംശയം.2014ല്‍ പത്തനംതിട്ട പന്തളത്ത് സരോജിനികലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണമാണ് ഇപ്പോള്‍ നരബലി കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവത് സിങ്, ലൈല എന്നിവരിലേക്ക് എത്തുന്നത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെയും ക്രൈംബ്രാഞ്ച് സംഘം വിയ്യൂര്‍ ജയിലില്‍ എത്തി ചോദ്യം ചെയ്തു.നേരത്തെ പ്രതികളെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി അംഗീകരിച്ചിരുന്നു.

മറ്റ് രണ്ട് നരബലിക്കേസിന് സമാനമായ രീതിയിലാണ് സരോജിനിയുടെ കൊലപാതകവുമെന്നാണ് അന്വേഷണ സംഘം നിഗമനത്തിലെത്തിയിരിക്കുന്നത്.  2014 സെപ്റ്റംബര്‍ പതിനഞ്ചിനാണ് കുളനട ആറന്മുള റോഡരികില്‍ നിന്ന് 59കാരി സരോജിനിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തില്‍ ശരീരത്തില്‍ 44 മുറിവുകള്‍ കണ്ടെത്തി. മുറിവുകളില്‍ നിന്ന് രക്തംവാര്‍ന്നായിരുന്നു മരണമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച  കേസ് 2018ല്‍ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എന്നിട്ടും പ്രതികളിലേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പതിനൊന്നിന് നരബലിയുടെ വിവരങ്ങള്‍ പുറത്തുവരുന്നത്. തുടര്‍ന്നാണ് ഈ കൊലപാതകങ്ങള്‍ക്ക് സമാനമാണ് സരോജിനിയുടെതെന്നും ക്രൈംബ്രാഞ്ച് സംശയം പ്രകടിപ്പിക്കുന്നത്.
സരോജിനിയെ കാണാതായ സമയത്ത് നരബലി കേസിലെ പ്രതി ഭഗവല്‍ സിങ്ങിന്റെ സാന്നിധ്യം പ്രദേശത്തുണ്ടായിരുന്നു എന്നതിന് തെളിവുകള്‍ ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. നരബലി കേസിലെ ഇരകളായ റോസ് ലിന്‍, പത്മ എന്നിവരുടെതിന് സമാമനമായ പ്രായവും ജീവിത സാഹചര്യവുമായിരുന്നു സരോജിനിയുടെതെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാണിക്കുന്നു.