Kerala
ഇലന്തൂരിലെ നരബലി: 25 തിരോധാന കേസുകള്‍ കൂടി പോലീസ് പുനരന്വേഷിക്കുന്നു
പത്തനംതിട്ട ജില്ലയിലെ 12 കേസുകളും എറണാകുളം ജില്ലയിലെ 13 കേസുകളുമാണ് പ്രാഥമിക ഘട്ടത്തില്‍ പുനപ്പരിശോധിക്കുക.

പത്തനംതിട്ട | 2017 മുതലുള്ള തിരോധാന കേസുകളില്‍ പുനരന്വേഷണത്തിനൊരുങ്ങി പോലീസ്. പത്തനംതിട്ട ജില്ലയിലെ 12 കേസുകളും എറണാകുളം ജില്ലയിലെ 13 കേസുകളുമാണ് പ്രാഥമിക ഘട്ടത്തില്‍ പുനപ്പരിശോധിക്കുക. ഇലന്തൂരിലെ പൈശാചികമായ ഇരട്ട കൊലപാതകത്തിന് പിന്നാലെയാണ് തിരോധാന കേസുകളില്‍ സമഗ്രാന്വേഷണത്തിന് പോലീസ് തീരുമാനിച്ചത്. അന്വേഷണം മേല്‍നോട്ടത്തിന് ജില്ലാതലത്തില്‍ പ്രത്യേക സംഘത്തെ നിയമിക്കുമെന്നാണ് പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം.
ഇലന്തൂരില്‍ നരബലിക്ക് ഇരയായവര്‍ എറണാകുളം ജില്ലാ പരിധിയില്‍ വാടക്ക്ക് താമസിച്ചിരുന്നവരാണ്. സംഭവം നടന്നത് പത്തനംതിട്ടയിലും. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ ഇരു ജില്ലകളിലും അന്വേഷണം വഴിമുട്ടിയ കേസുകള്‍ പുനപ്പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്. അജ്ഞാത മൃതദേഹം കിട്ടിയതും സ്ത്രീകളെ കാണാതായതുമായ കേസുകളുടെ അന്വേഷണവും ഇതില്‍ ഉള്‍പ്പെടും.
പത്തനംതിട്ട ജില്ലയില്‍ മാത്രം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 12 കേസുകളാണ് തിരോധാനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ മൂന്നെണ്ണവും ഇരട്ടക്കൊലപാതകം നടന്ന ഇലന്തൂര്‍ പ്രദേശം ഉള്‍പ്പെടുന്ന ആറന്‍മുള സ്റ്റേഷന്‍ പരിധിയിലാണെന്നുള്ളതും കേസുകള്‍ പുനപ്പരിശോധിക്കുന്നതിന് പോലീസിനെ നിര്‍ബന്ധിക്കുന്നതിന് നിര്‍ണായക കാരണമായി. എറണാകുളത്തു നിന്നും കാണാതായവരെ ഇലന്തൂരിലെത്തിച്ച് ആഭിചാര ക്രിയകള്‍ക്കായി കൊലപ്പെടുത്തിയത് ജൂണ്‍, സെപ്തംബര്‍ മാസങ്ങളിലാണ്. അതിന് ശേഷവും ഏതാനും സ്ത്രീകളെ എത്തിച്ച് കൊലപ്പെടുത്താനുള്ള ശ്രമം പ്രതികളുടെ ഭാഗത്ത് നിന്നുണ്ടായതായും പോലീസ് പറയുന്നു. വിദ്യാര്‍ഥികളെ അടക്കം പ്രതികള്‍ ഇലന്തൂരിലെ ഭഗവല്‍ സിങിന്റെ വീട്ടിലെത്തിച്ചതായും പറയുന്നു.
കോതമംഗലത്ത് മൂന്നു സ്ത്രീകള്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്ത സമയങ്ങളിലായി കൊല്ലപ്പെട്ട സംഭവവുമുണ്ടായിട്ടുണ്ട്. ഈ കേസുകളിലെ പ്രതികളെയും കണ്ടെത്താനായിട്ടില്ല. പത്തനംതിട്ട വെച്ചൂച്ചിറയില്‍ നിന്നും കാണാതായ ജെസ്്നയുടെ തിരോധാനം സംബന്ധിച്ച കേസും അന്വേഷണത്തിലാണ്. ഈ സാഹചര്യത്തിലാണ് അന്വേഷണം വഴിമുട്ടി നില്‍ക്കുന്ന കേസുകള്‍ പോലീസ് പുനഃപരിധോധിക്കാനൊരുങ്ങുന്നത്.