Kerala
ഇലന്തൂര്‍ നരബലി; മൂന്ന് പ്രതികളും റിമാന്‍ഡില്‍, ബലിക്ക് കൂടുതല്‍ സ്ത്രീകളെ എത്തിക്കാന്‍ ഷാഫി ശ്രമിച്ചിരുന്നതായി വിവരം
ഒന്നാം പ്രതി ഷാഫി, യഥാക്രമം രണ്ട്, മൂന്ന് പ്രതികളായ ഭഗവല്‍ സിങ്, ഭാര്യ ലൈല എന്നിവരെയാണ് ഈമാസം 26 വരെ റിമാന്‍ഡ് ചെയ്തത്.

പത്തനംതിട്ട | ഇലന്തൂരില്‍ നരബലി നടത്തിയ കേസില്‍ മൂന്ന് പ്രതികളും റിമാന്‍ഡില്‍. ഒന്നാം പ്രതി ഷാഫി, യഥാക്രമം രണ്ട്, മൂന്ന് പ്രതികളായ ഭഗവല്‍ സിങ്, ഭാര്യ ലൈല എന്നിവരെയാണ് ഈമാസം 26 വരെ റിമാന്‍ഡ് ചെയ്തത്. ഷാഫിയെയും ഭഗവല്‍ സിങിനെയും ജില്ലാ ജയിലിലടക്കും. ലൈലയെ വനിതാ ജയിലിലാണ് പാര്‍പ്പിക്കുക. പ്രതികള്‍ തുടര്‍ന്നും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടുതല്‍ സ്ത്രീകളെ തിരുവല്ലയില്‍ എത്തിച്ച് ബലി നല്‍കാന്‍ ഷാഫി ശ്രമിച്ചിരുന്നതായും വിവരമുണ്ട്. തിരുവല്ലയില്‍ ദിവ്യശക്തിയുള്ള ദമ്പതികള്‍ ഉണ്ടെന്നും അവിടെ പോയാല്‍ സാമ്പത്തിക പ്രയാസങ്ങള്‍ പരിഹരിക്കാമെന്നും മറ്റുമുള്ള പ്രലോഭനങ്ങള്‍ മുന്നോട്ട് വച്ചായിരുന്നു ഇയാള്‍ സ്ത്രീകളെ കൊണ്ടുപോകാന്‍ ശ്രമിച്ചത്.
ആഭിചാര ക്രിയകള്‍, മൃഗബലി തുടങ്ങിയവയെ കുറിച്ച് ഷാഫി വിശദീകരിച്ചതോടെ സംശയമുണ്ടായതു കൊണ്ടാണ് പോകാതിരുന്നതെന്ന് സ്ത്രീകള്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.