Kerala
ഇലന്തൂർ നരബലി: രണ്ടാം കുറ്റപത്രം 21ന് സമർപ്പിക്കും
ആദ്യ കുറ്റപത്രം കഴിഞ്ഞ ആറിന് സമർപ്പിച്ചു
കൊച്ചി | ഇലന്തൂർ നരബലിക്കേസിലെ രണ്ടാമത്തെ കുറ്റപത്രം ഈ മാസം 21 ന് കോടതിയിൽ സമർപ്പിക്കും. പെരുമ്പാവൂർ ജെ എഫ് സി എം കോടതിയിലാണ് സമഗ്രമായ അന്വേഷണത്തിനൊടുവിൽ തയ്യാറാക്കിയ കുറ്റപത്രം സമർപ്പിക്കുന്നത്.
പത്തനംതിട്ട ഇലന്തൂരിൽ കാലടി മറ്റൂരിൽ താമസിച്ചിരുന്ന റോസിലിയെ കൊലപ്പെടുത്തിയ കേസിൻ്റെ കുറ്റപത്രമാണ് സമർപ്പിക്കുന്നത്.
ആദ്യ കുറ്റപത്രം ഇക്കഴിഞ്ഞ ആറിന് എറണാകുളം ജെ എഫ് സി എം കോടതിയിൽ സമർപ്പിച്ചിരുന്നു. മുഹമ്മദ് ശാഫി, ഭഗവൽ സിംഗ്, ലൈല എന്നിവരാണ് പ്രതികൾ. കഴിഞ്ഞ ജൂൺ എട്ടിനാണ് മുഹമ്മദ് ശാഫി റോസിലിയെ തട്ടിക്കൊണ്ടുവന്ന് ഭഗവൽ സിംഗിൻ്റെ വീട്ടിലെത്തിച്ചത്.
ശാഫിയും ഭഗവൽ സിംഗും ഇയാളുടെ ഭാര്യ ലൈലയും ചേർന്ന് റോസിലിയെ നരബലി നടത്തി. കഷ്ണങ്ങളാക്കി കുഴിച്ച് മൂടുകയും മനുഷ്യ മാംസം പാചകം ചെയ്ത് കഴിക്കുകയും ചെയ്തുവെന്നതാണ് കേസ്. 2022 ജൂൺ എട്ടിനാണ് റോസിലിയെ കാണാതായത്.
സിനിമയിൽ അഭിനയിക്കാൻ പത്ത് ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് റോസിലിയെ ഇലന്തൂരിലെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തിയത്. ഇവരുടെ അസ്ഥികൂടമാണ് ഇലന്തൂരിലെ പുരയിടത്തിൽ നിന്ന് ലഭിച്ചത്. ഡി എൻ എ പരിശോധനയിലൂടെയാണ് ഇത് റോസിലിയുടേതാണെന്ന് വ്യക്തമായത്.