Connect with us

National

18 ലക്ഷം രൂപയുടെ അനധികൃത സ്വത്ത്; ഇടുക്കി മുന്‍ എസ് പി. കെ ബി വേണുഗോപാലിനെതിരെ വിജിലന്‍സ് അന്വേഷണം

Published

|

Last Updated

കൊച്ചി | ഇടുക്കി മുന്‍ എസ് പി. കെ ബി വേണുഗോപാലിന് 18 ലക്ഷം രൂപയുടെ അനധികൃത സ്വത്തുളളതായി വിജിലന്‍സ്. വേണുഗോപാലിനെതിരെ കേസെടുത്ത വിജിലന്‍സ് അന്വേഷണസംഘം അദ്ദേഹത്തിന്റെ കൊച്ചിയിലെ വീട്ടില്‍ പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു. വേണുഗോപാലിന്റെയും കുടുംബാംഗങ്ങളുടെയും ബേങ്ക് അക്കൗണ്ടുകള്‍ വിജിലന്‍സ് മരവിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാട് രേഖകളും സ്വത്തുവിവരങ്ങളുടെ രേഖകളും വിജിലന്‍സ് സംഘം കസ്റ്റഡയിലെടുത്തിരുന്നു.

വിജിലന്‍സ് സ്‌പെഷല്‍ സെല്‍ എറണാകുളം യൂനിറ്റിനാണ് കേസിന്റെ അന്വേഷണച്ചുമതല. 2006 മുതലുളള പത്തു വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. നിലവില്‍ നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി മരണക്കേസില്‍ സി ബി ഐ അന്വേഷണം നേരിടുകയാണ് വേണുഗോപാല്‍ അതിനിടയിലാണ് വിജിലന്‍സ് അന്വേഷണം അഭിമുഖീകരിക്കേണ്ടി വരുന്നത്.

2006 മുതല്‍ 2016 വരെയുളള കാലഘട്ടത്തില്‍ വരവില്‍ക്കവിഞ്ഞ് സ്വത്തു സമ്പാദിച്ചതായി പ്രാഥമികാന്വേഷണത്തില്‍ തന്നെ വ്യക്തമായിരുന്നു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് നവംബര്‍ മൂന്നിന് വേണുഗോപാലിന്റെ കൊച്ചിയിലെ വീട്ടില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തിയത്.

വേണുഗോപാലിനെ വിശദമായി ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.

 

Latest