Connect with us

Kerala

സിനിമ മേഖലയെ അപകീര്‍ത്തിപ്പെട്ടുത്തുന്ന നിയമവിരുദ്ധ പെരുമാറ്റം അംഗീകരിക്കില്ല, മുഖം നോക്കാതെ നടപടി; മന്ത്രി സജി ചെറിയാന്‍

ലഹരി ഉപയോഗിച്ച നടന്‍ മോശമായി പെരുമാറിയെന്ന നടി വിന്‍സി അലോഷ്യസിന്റെ പരാതി സര്‍ക്കാര്‍ അന്വേഷിക്കുമെന്നും മന്ത്രി

Published

|

Last Updated

തിരുവനന്തപുരം| മലയാള സിനിമയെ അപകീര്‍ത്തിപ്പെട്ടുത്തുന്ന നിയമവിരുദ്ധ പെരുമാറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഇത്തരം പ്രവണതകള്‍ വെച്ചു പൊറുപ്പിക്കാനാവില്ലെന്നും അത്തരക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സിനിമ ഷൂട്ടിംഗിനിടയില്‍ ലഹരി ഉപയോഗിച്ച നടന്‍ മോശമായി പെരുമാറിയെന്ന നടി വിന്‍സി അലോഷ്യസിന്റെ പരാതി സര്‍ക്കാര്‍ അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നടിയുടെ പരാതി ഗൗരവമുള്ളതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കുകയും നിയമപരമായ പരിഹാരത്തിന് ധൈര്യത്തോടെ നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം സ്വാഗതാര്‍ഹവും അഭിനന്ദനാര്‍ഹവുമാണെന്നും മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. സിനിമാ മേഖലയിലെ നിയമവിരുദ്ധ ലഹരി ഉപയോഗം സംബന്ധിച്ച് ശക്തമായ പ്രതിരോധം സിനിമാ മേഖലയ്ക്കുള്ളില്‍ നിന്നു തന്നെ ഉണ്ടാവേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

നേരത്തെ സിനിമ മേഖലയുമായി ബന്ധപ്പെട്ട് ഇത്തരം ചില വിഷയങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടിരുന്നു. സിനിമ സംഘടനകളുടെ യോഗം ചേരുകയും സര്‍ക്കാരിന്റെ ശക്തമായ നിലപാട് അറിയിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ നിലപാട് സംഘടനകള്‍ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. വരാനിരിക്കുന്ന സിനിമ കോണ്‍ക്ലെവിലും ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.