flight protest
തനിക്കെതിരായ യാത്രാവിലിക്ക് നിയമവിരുദ്ധ നടപടി: ഇ പി ജയരാജന്‍
ഇന്‍ഡിഗോ വൃത്തികെട്ട കമ്പനി; നടന്ന് പോയാലും ഇനി കേറില്ല
കണ്ണൂര്‍ | ഇന്‍ഡിഗോ വിമാനക്കമ്പനി തനിക്കെതിരെ നടത്തിയ യാത്രാവിലക്കിനെതിരെ രൂക്ഷപ്രതികരണവുമായി എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. യാത്രാവിലിക്ക് നിയമവിരുദ്ധ നടപടിയാണെന്നും തനിക്കെതിരായ നടപടി ക്രിമിനലുകളുടെ വാക്കുകേട്ടാണെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു.
ഒത്തുകളിയുടെ ഭാഗമായാണ് തനിക്കെതിരായ നീക്കം. ഇന്‍ഡിഗോ വൃത്തികെട്ട കമ്പനിയാണ്. നടന്ന് പോയാലും ഇനി ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ല. താനും കേറില്ല, കുടുംബവും കേറില്ല. ഇന്നത്തെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തു. നിലവാരമില്ലാത്ത കമ്പനിയാണ് ഇന്‍ഡിഗോയെന്നും ഇ പി പറഞ്ഞു.
ഇന്നാണ് ഇ പി ക്കെതിരായ ഇന്‍ഡിഗോയുടെ യാത്രാവിലക്ക് സംബന്ധിച്ച അറിയിപ്പ് പുറത്തുവന്നത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദിനും നവീന്‍ കുമാറിനും രണ്ട് ആഴ്ചത്തേക്കും ഇതിനെതിരെ പ്രതികരിച്ച ഇ പി ജയരാജന് മൂന്ന് ആഴ്ച്ചത്തേക്കും വിലക്കാണ് കമ്പനി ഏര്‍പ്പെടുത്തിയത്. ഇന്‍ഡിഗോ ആഭ്യന്തര അന്വേഷണ സമിതിയുടേതാണ് നടപടി.
കണ്ണൂരില്‍ നിന്നും തിരുവന്നതപുരത്തേക്കുള്ള വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായതുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ വിമാന കമ്പനി റിട്ടയേര്‍ഡ് ജഡ്ജ് ആര്‍ ബസ്വാന അധ്യക്ഷനായ ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിരുന്നു. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും, ഇ പി ജയരാജനില്‍ നിന്നും ഉള്‍പ്പടെ ഇവര്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. തുടര്‍ന്നാണ് ഹ്രസ്വകാല യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.