National
അനധികൃത കുടിയേറ്റം: പുറത്താക്കാൻ യുഎസ് അന്തിമ ഉത്തരവ് നൽകിയവരുടെ പട്ടികയിൽ 487 ഇന്ത്യക്കാർ കൂടി
രാജ്യത്തേക്ക് ആദ്യം മടക്കിക്കൊണ്ടുവന്നവരോട് യുഎസ് മോശമായി പെരുമാറിയത് ശരിയാണെന്ന് സമ്മതിച്ച് കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം വിസ്രി
![](https://assets.sirajlive.com/2025/02/vikram-visri-897x538.jpg)
ന്യൂഡൽഹി | അനധികൃത കുടിയേറ്റത്തിന് യുഎസ് അന്തിമ പുറത്താക്കൽ ഉത്തരവ് നൽകിയവരിൽ 487 പേർ കൂടി ഉൾപ്പെട്ടതായി കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം വിസ്രി. ഇതിൽ 298 പേരുടെ വിവരങ്ങൾ ഇതിനകം ലഭിച്ചിട്ടുണ്ടെന്നും സർക്കാർ അത് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം അനധികൃത കുടിയേറ്റം ആരോപിച്ച് 104 ഇന്ത്യക്കാരെ യുഎസ് തിരിച്ചയച്ചിരുന്നു. ഇവരെ കൈകാലുകൾ ചങ്ങലകൾ കൊണ്ട് ബന്ധിച്ച് പ്രാഥമിക ആവശ്യനിർവഹണത്തിന് പോലും സൗകര്യം നൽകാതെ ജയിൽപുള്ളികളെ പോലെ സൈനിക വിമാനത്തിൽ കൊണ്ടുവന്ന യുഎസ് നടപടി വലിയ വിമർശനത്തിനിടയാക്കിയിരുന്നു.
രാജ്യത്തേക്ക് ആദ്യം മടക്കിക്കൊണ്ടുവന്നവരോട് യുഎസ് മോശമായി പെരുമാറിയത് ശരിയാണെന്ന് വിസ്രി സ്ഥിരീകരിച്ചു. ആളുകളോട് മോശം രീതിയിൽ പെരുമാറരുതെന്ന് യുഎസ് അധികൃതരോട് ഊന്നിപ്പറഞ്ഞിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങൾ ഇനിയും ശ്രദ്ധയിൽപ്പെട്ടാൽ വിദേശകാര്യ മന്ത്രാലയം തുടർന്നും ഇത് ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ആശങ്ക യുഎസ് അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും, എങ്കിലും, നാടുകടത്തൽ പ്രക്രിയയിൽ ഉപയോഗിക്കുന്ന നടപടിക്രമങ്ങൾ ദീർഘകാലമായി പാലിക്കപ്പെട്ടുവരുന്നതാണെന്നും മിസ്രി പറഞ്ഞു. .
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത ആഴ്ചത്തെ യുഎസ് സന്ദർശനം വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് മിസ്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.