International
അനധികൃത കുടിയേറ്റം; അമേരിക്ക തിരിച്ചയച്ച ഇന്ത്യക്കാരുടെ ആദ്യ സംഘം ഇന്ന് അമൃത്സറില്‍ എത്തും
യുഎസ് സൈനിക വിമാനത്തില്‍ 205 ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
വാഷിങ്ടണ്‍| അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയുള്ള നടപടി ശക്തമായി തുടരുന്നു. ഇന്ത്യക്കാര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിച്ചിരിക്കുകയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാരുമായുള്ള അമേരിക്കന്‍ സൈനിക വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടതായി നേരത്തെ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അമേരിക്ക തിരിച്ചയച്ച ഇന്ത്യക്കാരില്‍ ആദ്യ സംഘം ഇന്ന് എത്തുമെന്നാണ് വിവരം. ഇന്ന് രാവിലെ അമൃത്സര്‍ വിമാനത്താവളത്തിലായിരിക്കും വിമാനം ഇറങ്ങുക. യുഎസ് സൈനിക വിമാനത്തില്‍ 205 ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. 9 മണിയോടെ വിമാനം അമൃത്സറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സി17 വിമാനം യാത്രക്കാരുമായി ടെക്‌സസ് വിമാനത്താവളത്തില്‍നിന്നാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്.
അമേരിക്ക തിരിച്ചയച്ചവരില്‍ അധികവും പഞ്ചാബില്‍ നിന്നും, സമീപ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരാണെന്നാണ് ലഭിക്കുന്ന വിവരം. വിമാനത്താവളത്തില്‍ വന്‍ സുരക്ഷ നടപടികളാണ് പഞ്ചാബ് പോലീസ് ഒരുക്കിയിട്ടുള്ളത്.അമൃത്സറിലെത്തുന്ന വിമാനത്തിലെ യാത്രക്കാര്‍ ഇന്ത്യയില്‍ന്നുള്ളവര്‍ തന്നെയാണോ എന്ന് പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യക്കാരടക്കം 5,000ത്തോളം അനധികൃത കുടിയേറ്റക്കാരെയാണ് ആദ്യഘട്ടത്തില്‍ അമേരിക്ക തിരിച്ചയയ്ക്കുന്നത്.
നേരത്തെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റക്കാരുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. മെക്‌സിക്കോ, ഇഐ സാല്‍വഡോര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റക്കാരുള്ളത്. അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയക്കാനുള്ള അമേരിക്കന്‍ സര്‍ക്കാറിന്റെ നടപടിയോട് തുറന്ന മനസ്സാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പ്രതികരിച്ചിരുന്നു.