Connect with us

National

അനധികൃത നുഴഞ്ഞുകയറ്റ കേസ്: ജാര്‍ഖണ്ഡിലും പശ്ചിമ ബംഗാളിലും ഇഡി യുടെ വ്യാപക റെയ്ഡ്

അനധികൃതമായി ബംഗ്ലാദേശികള്‍ നുഴഞ്ഞുകയറിയതും ഇന്ത്യന്‍ പൗരത്വം തെളിയിക്കാനായി വ്യാജ ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ തയ്യാറാക്കിയതായും നേരത്തെ കണ്ടെത്തിയിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| ബംഗ്ലാദേശ് പൗരന്മാരുടെ അനധികൃത നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട കേസില്‍ ജാര്‍ഖണ്ഡിലും പശ്ചിമ ബംഗാളിലും ഇഡി യുടെ വ്യാപക റെയ്ഡ്. നിലവില്‍ 17 ഇടങ്ങളിലായിട്ടാണ് ഇഡി റെയ്ഡ് നടത്തുന്നത്. അനധികൃതമായി ബംഗ്ലാദേശികള്‍ നുഴഞ്ഞുകയറിയതും ഇന്ത്യന്‍ പൗരത്വം തെളിയിക്കാനായി വ്യാജ ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ തയ്യാറാക്കിയതായും നേരത്തെ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂണ്‍ ആറിന് റാഞ്ചിയിലെ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

പശ്ചിമ ബംഗാളിലും ഇതിന് സമാനമായ രീതിയില്‍ കേസുകള്‍ കണ്ടെത്തിയിരുന്നു. ഇരു സംസ്ഥാനങ്ങളിലെയും പോലീസുമായി ചേര്‍ന്നാണ് ഇഡി പരിശോധന നടത്തുന്നത്. ഇതിന് പിന്നില്‍ ആസൂത്രിത സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പെണ്‍കുട്ടികളെ ഈ രണ്ട് സംസ്ഥാനങ്ങളിലേക്കും കടത്തി കൊണ്ടുവന്ന് അവര്‍ക്ക് ഇന്ത്യന്‍ തിരിച്ചറിയല്‍ രേഖകള്‍ ലഭിക്കാനായി പണം വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കള്ളപ്പണ ഒഴുക്ക് പരിശോധിക്കുന്നതിനായാണ് ഇഡി പരിശോധന നടത്തുന്നത്.

അതേസമയം, രണ്ടായിരത്തില്‍ രൂപീകൃതമായ ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 43 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. ആദ്യഘട്ടത്തില്‍ 685 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടും.