Connect with us

National

അനധികൃത ഖനനം: ബിജെപി എംപി ബ്രിജ് ഭൂഷണെതിരെ അന്വേഷണം

ബ്രിജ്ഭൂഷന്റെ ഗോണ്ടയിലെ കമ്പനിയുടെ അനധികൃത മണല്‍ ഖനനവും ധാതുക്കളുടെ കയറ്റുമതിയും മൂലം സരയു നദിക്ക് നാശമുണ്ടായെന്ന പരാതിയിലാണ് അന്വേഷണം

Published

|

Last Updated

ന്യൂഡല്‍ഹി| ഗോണ്ട എംപിയും സ്ഥാനമൊഴിയുന്ന ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ബ്രിജ്ഭൂഷന്റെ ഗോണ്ടയിലെ കമ്പനിയുടെ അനധികൃത മണല്‍ ഖനനവും ധാതുക്കളുടെ കയറ്റുമതിയും മൂലം സരയു നദിക്ക് നാശമുണ്ടായെന്ന പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബെഞ്ച്, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്, നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗ, ഉത്തര്‍പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഗോണ്ടയിലെ ജില്ലാ മജിസ്‌ട്രേറ്റ് എന്നിവരടങ്ങുന്ന ഒരു സംയുക്ത സമിതി രൂപീകരിച്ചു. വിഷയത്തില്‍ ഒരാഴ്ച്ചയ്ക്കകം യോഗം ചേരാനാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വനിതാ ഗുസ്തിതാരങ്ങളുടെ ലൈംഗികാതിക്രമ ആരോപണങ്ങളും റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തിരഞ്ഞെടുപ്പുമുള്‍പ്പെടെ രാഷ്ട്രീയ- നിയമ പ്രശ്നങ്ങള്‍ നേരിടുന്നതിനിടെയാണ് ബ്രിജ്ഭൂഷണെതിരെ പുതിയ അന്വേഷണം.

2016-ലെ സുസ്ഥിര മണല്‍ ഖനന മാനേജ്‌മെന്റ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍, 2020-ലെ മണല്‍ ഖനനത്തിനായുള്ള എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് മോണിറ്ററിംഗ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ഖനനം ചെയ്ത പ്രദേശങ്ങളുടെ പുനരുദ്ധാരണം,പുനരധിവാസം, സരയൂ നദിക്ക് സംഭവിച്ച നാശനഷ്ടങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ളവ പാലിക്കുന്നുണ്ടോയെന്ന് സമിതി പരിശോധിക്കണം. ദേശീയ ഹരിത ട്രൈബ്യൂണലിന് ലഭിച്ച കത്തിലാണ് ഈ നിര്‍ദേശമുളളത്. കത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ എന്‍ജിടി പരിഗണിണിച്ചു. ജസ്റ്റിസ് അരുണ്‍ കുമാര്‍ ത്യാഗി, ഡോ. എ സെന്തില്‍ വേല്‍ എന്നിവരടങ്ങുന്ന ഡല്‍ഹിയിലെ എന്‍ജിടിയുടെ പ്രിന്‍സിപ്പല്‍ ബെഞ്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

 

 

Latest