Kerala
പൊന്നമ്പലമേട്ടിലെ അനധികൃത പൂജ;നാരായണന്‍ വലിയ തട്ടിപ്പുകാരനാണെന്ന് ദേവസ്വം ബോര്‍ഡ്
സംഭവത്തില്‍ പോലീസ് മേധാവിയ്ക്കും വനംവകുപ്പ് മേധാവിയ്ക്കും പരാതി നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ വ്യക്തമാക്കി
പത്തനംതിട്ട| പൊന്നമ്പലമേട്ടില്‍ അനധികൃതമായി കടന്നുകയറി പൂജ നടത്തി. തൃശ്ശൂര്‍ തെക്കേക്കാട്ട് മഠം നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുളള സംഘമാണ് പൊന്നമ്പലമേട്ടില്‍ കടന്നുകയറി പൂജനടത്തിയത്. നാരായണന്‍ നമ്പൂതിരി മുമ്പ് ശബരിമലയില്‍ കീഴ്ശാന്തിയുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്നയാളാണ്. ഏഴു ദിവസത്തിന് മുമ്പാണ് സംഭവം നടന്നതെന്ന് വനം വകുപ്പ് റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു. വനത്തില്‍ അതിക്രമിച്ചു കയറിയതിന് വനംവകുപ്പ് ഇയാള്‍ക്കെതിര കേസെടുത്തു. മുന്നു വര്‍ഷം വരെ തടവുലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
സംഭവത്തില്‍ പോലീസ് മേധാവിയ്ക്കും വനംവകുപ്പ് മേധാവിയ്ക്കും പരാതി നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ വ്യക്തമാക്കി. വനംവകുപ്പ് പെരിയാര്‍ ടൈഗര്‍ വെസ്റ്റ് ഡിവിഷനില്‍ പമ്പ ഫോറസ്റ്റ് റേഞ്ച് പരിധിയില്‍ വരുന്ന പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന സഥലമാണ് പൊന്നമ്പലമേട്. മകരവിളക്ക് തെളിക്കുന്ന തറയിലിരുന്നാണ് ഇയാള്‍ പൂജ ചെയ്തത്. പൂജ നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. ദേവസ്വം ബോര്‍ഡിന്റെയടക്കം ഉന്നത ഉദ്യോഗസ്ഥരുള്ള വാട്‌സാപ് ഗ്രൂപ്പില്‍ വീഡിയോ ഷെയര്‍ ചെയ്യുകയായിരുന്നു. സംഭവത്തില്‍ തുടര്‍നടപടികള്‍ വേണമെന്ന് ദേവസ്വത്തിന് നിര്‍ബന്ധമുണ്ടെന്നും അതിനാലാണ് പോലീസ് മേധാവിയും വനംവകുപ്പ് മേധാവിയുമുള്‍പ്പെടയുള്ളവര്‍ക്ക് പരാതി നല്‍കിയതെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പങ്കെടുക്കുകയും ചെയ്തു. .നാരായണന്‍ മുമ്പ് പല തരത്തിലുള്ള ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടെന്നും തട്ടിപ്പുകാരനാണെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. മുമ്പ് തന്ത്രി എന്ന ബോര്‍ഡ് വെച്ച കാറില്‍ സഞ്ചരിച്ചതിന് ഇയാളെ പോലീസ് പിടികൂടിയിരുന്നു. കീഴ്ശാന്തിയുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് പൂജയ്ക്ക് എത്തുന്നവര്‍ക്ക് വ്യാജ രസീതുകള്‍ നല്‍കി എന്നതുള്‍പ്പടെയുള്ള പരാതികളും ഇയാള്‍ക്കെതിരെയുണ്ട്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തു നിന്നുണ്ടാകും. സുരക്ഷമേഖലയായ പൊന്നമ്പലമേട് പരിസരത്ത് ഇയാള്‍ പൂജ നടത്തുന്നതിന് വനം വകുപ്പിന്റെ ഭാഗത്തു നിന്നും സഹയം ലഭിച്ചിരുന്നോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
അതേസമയം സംഭവത്തില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അടിയന്തിര റിപ്പോര്‍ട്ട് തേടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമീഷണറോട് ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്.