Kozhikode
പൂനൂര്‍ പുഴ കൈയേറി അനധികൃത റോഡ് നിര്‍മാണം
വില്ലേജ് ഓഫീസറും നഗരസഭാ അധികൃതരും സ്ഥലം സന്ദര്‍ശിച്ചു
![](https://assets.sirajlive.com/2025/02/img-20250211-w-a0034-897x538.jpg)
കൊടുവള്ളി | പൂനൂര്‍ പുഴ കൈ യേറി കൊടുവള്ളി നഗരസഭാ പരിധിയില്‍ അനധികൃത റോഡ് നിര്‍മാണം നടക്കുന്നതായി പരാതി. പുഴയിലെ അനധികൃതവും അശാസ്്ത്രീയവുമായ പ്രവൃത്തിക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ നഗര, റവന്യൂ വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കി. കൊടുവള്ളി നഗരസഭാ പരിധിയില്‍പ്പെട്ട നൊച്ചിമണ്ണില്‍ കടവ് മുതല്‍ മൂത്തോറമാക്കി കടവ് വരെയുള്ള പുഴയോരത്തെ 800 മീറ്ററിലധികം സ്ഥലത്ത് ഉയരത്തില്‍ മണ്ണിട്ടാണ് റോഡ് നിര്‍മാണ നീക്കം നടക്കുന്നത്. പുഴയോരത്തുള്ള മരങ്ങള്‍ മുറിച്ചു നീക്കിയും മണ്ണും കോണ്‍ക്രീറ്റ് അവശിഷ്്ടങ്ങളും കൊണ്ടുവന്ന് തള്ളിയുമാണ് റോഡ് നിര്‍മിക്കുന്നത്. ഇതിനായി അനധികൃതമായി മരങ്ങള്‍ മുറിച്ചു കടത്തുന്നതായും പുഴയോരവാസികള്‍ ചൂണ്ടിക്കാട്ടുന്നു.
കൊടുവള്ളി സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍, നഗരസഭാ സെക്രട്ടറി, പ്രസിഡന്റ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. നഗരസഭയുടെ അനുവാദമോ അറിവോ ഇല്ലാതെയാണ് പുഴയോരം കൈയേറി അനധികൃത റോഡ് നിര്‍മാണം നടത്തുന്നതെന്നാണ് നഗരസഭാ അധികൃതര്‍ നല്‍കുന്ന വിശദീകരണം.
പരാതിയെത്തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ചതായും കൈയേറ്റം ബോധ്യപ്പെട്ടതായും ലഭിച്ച പരാതി കൊടുവള്ളി പോലീസിന് കൈമാറിയെന്നും ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും അധികൃതര്‍ അറിയിച്ചു.സംഭവത്തില്‍ കൊടുവള്ളി റവന്യു വകുപ്പ് അധികൃതര്‍ താമരശ്ശേരി തഹസില്‍ദാര്‍ക്ക് റിപോര്‍ട്ട് നല്‍കി.