Kerala
തികഞ്ഞ പരാജയമായ ആരോഗ്യമന്ത്രി മാധ്യമശ്രദ്ധ നേടാനുള്ള ശ്രമത്തിലെന്ന് ഐഎംഎ
വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പൊതുജന മദ്ധ്യത്തില്‍ അവതരിപ്പിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും ഡോ. രാധാകൃഷ്ണന്‍
തിരുവനന്തപുരം | ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎ. ആരോഗ്യമന്ത്രി തികഞ്ഞ പരാജയമാണെന്നും മന്ത്രിക്കെതിരെ കോടതിയില്‍ പോകുമെന്നും ഐഎംഎ പ്രസിഡന്റ് ഡോ. രാധാകൃഷ്ണന്‍. ആരോഗ്യമന്ത്രിയുടെ ശ്രമം മാധ്യമ ശ്രദ്ധ നേടാനാണ്. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പൊതുജന മദ്ധ്യത്തില്‍ അവതരിപ്പിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും ഡോ. രാധാകൃഷ്ണന്‍ പറഞ്ഞു
10 ഡോക്ടര്‍മാര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആശുപത്രിയില്‍ കേവലം രണ്ട് ഡോക്ടര്‍മാര്‍ മാത്രമേ ഒ പി നടത്തിയുള്ളൂ എന്നു പ്രചരിപ്പിച്ചത് ഡോക്ടര്‍മാരെയും ആരോഗ്യ സ്ഥാപനത്തെയും അവഹേളിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. 6 ഡോക്ടര്‍മാര്‍ ഒ പി യിലും ഒരു ഡോക്ടര്‍ മെഡിക്കല്‍ ബോര്‍ഡ് കൂടുന്നതിനും രണ്ട് ഡോക്ടര്‍മാര്‍ കോടതി ഡ്യൂട്ടിയിലും ഒരു ഡോക്ടര്‍ റൗണ്‍സിലുമാണ് ഉണ്ടായിരുന്നത്. മന്ത്രി ഇക്കാര്യം മറച്ചുവെക്കുകയായിരുന്നു
നിമിഷനേരം കൊണ്ട് മരുന്നു വാങ്ങാന്‍ പറ്റുന്ന നടപടിക്രമങ്ങള്‍ നിലവിലില്ല. കാരുണ്യ ഫാര്‍മസികളില്‍ നിന്നും മരുന്നുകള്‍ ആവശ്യത്തിനു ലഭിക്കുന്നില്ല. ഇക്കാര്യങ്ങള്‍ വ്യക്തമായി അറിയാവുന്ന മന്ത്രി പൊതുജന കൈയ്യടി നേടുന്നതിനായി ആശുപത്രി സൂപ്രണ്ടിനെ അകാരണമായി മാധ്യമവിചാരണക്ക് വിധേയമാക്കി വ്യക്തിഹത്യ ചെയ്യുന്നത് ഈ മേഖലയിലുള്ള പരിമിതികള്‍ മറച്ചുവെക്കുന്നതിനു വേണ്ടി കൂടിയാകാം.
തിരുവല്ല താലൂക്ക് ആശുപത്രിയില്‍ നിലവിലുള്ള തസ്തികള്‍ വച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താങ്ങാവുന്നതില്‍ അധികം ഭാരം ഏല്‍പ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഇനിയെങ്കിലും കാര്യങ്ങളെ യാഥാര്‍ത്ഥ്യ ബോധത്തോടെ കാണണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെടുന്നു.