Travelogue
കൂഫയിലെ കണ്ണീർ ചിത്രങ്ങൾ
ഏകദേശം ഒരു മണിക്കൂർ നേരം സഞ്ചരിക്കാനുണ്ട് ഹില്ലയിൽ നിന്ന് കൂഫയിലേക്ക്. പ്രവാചകന്മാരുടെയും അലി(റ) ഉൾപ്പെടെയുള്ള മഹാരഥന്മാരുടെയും സ്മരണകൾ ഉറങ്ങുന്ന നാടാണത്.
ഏകദേശം ഒരു മണിക്കൂർ നേരം സഞ്ചരിക്കാനുണ്ട് ഹില്ലയിൽ നിന്ന് കൂഫയിലേക്ക്. പ്രവാചകന്മാരുടെയും അലി(റ) ഉൾപ്പെടെയുള്ള മഹാരഥന്മാരുടെയും സ്മരണകൾ ഉറങ്ങുന്ന നാടാണത്. ചരിത്ര പ്രസിദ്ധമായ നജഫ് നഗരം അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്നു. ഒരേ നഗര ഭരണ സംവിധാനങ്ങൾക്ക് കീഴിലാണ് ഇന്ന് രണ്ട് പ്രദേശങ്ങളും.
ഹിജ്റവർഷം പതിനേഴിൽ രണ്ടാം ഖലീഫ ഉമർ(റ)ന്റെ കാലത്താണ് കൂഫയും ബസ്വറയും നിർമിക്കപ്പെടുന്നത്. ഇറാഖിലെ മുസ്‌ലിം സൈന്യം തമ്പടിച്ചിരുന്ന പ്രദേശങ്ങളായിരുന്നു ഇവ. സഅദുബ്നു അബീ വഖാസ്വ്(റ)ന്റെ നേതൃത്വത്തിൽ നടന്ന ഖാദിസിയ്യ യുദ്ധം അരങ്ങേറിയത് ഈ പരിസരത്താണ്. ഒരു കാലത്ത് വൻനഗരമായിരുന്ന ഖാദിസിയ്യ ഇന്ന് ഗ്രാമപ്രദേശമായി മാറിയിരിക്കുന്നു.
നാലാം ഖലീഫ അലിയ്യു ബ്ൻ അബീത്വാലിബിന്റെ ഭരണകേന്ദ്രമായിരുന്നു കൂഫ. അബ്ബാസി സുൽത്വാനേറ്റ് പിറവി കൊണ്ടതും ഇവിടെ വെച്ചായിരുന്നു. ഇസ്‌ലാമിക നാഗരികതയുടെ സുവർണ ഘട്ടത്തിൽ കൂഫ അറബി വ്യാകരണ പണ്ഡിതന്മാരുടെ സംഗമ ഭൂമികയായിരുന്നു. കൂഫയിലെയും ബസ്വറയിലെയും വ്യാകരണ വിദഗ്ധർ തമ്മിൽ നടന്ന ചർച്ചകളും അഭിപ്രായ വ്യത്യാസങ്ങളും പ്രത്യേക പരാമർശമർഹിക്കുന്ന വിഷയങ്ങളാണ്.
ഉസ്മാൻ(റ)ന്റെ വധത്തെ തുടർന്ന് അരക്ഷിതമായ മദീനയിലെ സാഹചര്യങ്ങളിൽ മോചനം തേടിയാണ് അലി(റ) ഭരണ തലസ്ഥാനം ഇങ്ങോട്ടേക്ക് മാറ്റിയത്.
തുടർന്ന് നിരവധി രാഷ്ട്രീയ മുന്നേറ്റങ്ങൾക്കും സംഘട്ടനങ്ങൾക്കും കൂഫ വേദിയായി. മുഗീറതുബ്നു ശുഅബ, അബൂമൂസൽ അശ്അരി, അമ്മാറുബ്നു യാസിർ, വലീദുബ്നു ഉഖ്ബ, സഈദുബ്നു ആസ്വ്(റ) തുടങ്ങിയ സ്വഹാബിവര്യന്മാരും കൂഫയുടെ ഭരണ സാരഥ്യം അലങ്കരിച്ചിട്ടുണ്ട്.
കൂഫയിയെ കാഴ്ചകൾ കമനീയമാണ്. പ്രവിശാലമായ മസ്ജിദ് കോമ്പൗണ്ട്. നബിമാരുടെയും സ്വഹാബികളുടെയും മഖ്ബറകൾ. നൂഹ് നബി(അ)യുടെ കാലത്തുണ്ടായ പ്രളയം ആരംഭിച്ച അടുപ്പ്, അലി(റ)ന്റെ വീട്, മിഹ്റാബ് തുടങ്ങിയ ചരിത്ര ശേഷിപ്പുകൾ. ഓരോന്നും കൃത്യമായി സംരക്ഷിച്ചിരിക്കുന്നു. ചിലയിടങ്ങളിൽ നവീകരണം നടക്കുന്നു. സന്ദർശകർക്ക് മികച്ച സൗകര്യങ്ങളാണുള്ളത്. നടപ്പാത, ഇരിപ്പിടങ്ങൾ, കുടിവെള്ളം, പ്രാഥമിക കർമങ്ങൾക്കുള്ള സംവിധാനങ്ങൾ. എല്ലാം ഒന്നിനൊന്ന് മെച്ചം. ശീഈ ആധിപത്യത്തിലാണ് കൂഫ. കർമങ്ങളെല്ലാം ശീഈ ആചാരങ്ങളനുസരിച്ചാണ്. അവരുടെ ഹറം.
സയ്യിദുനാ അലി(റ) രക്ത സാക്ഷിത്വം വരിച്ച മണ്ണാണിത്. പ്രഭാത നിസ്കാരത്തിന് നേതൃത്വം നൽകാൻ പള്ളിയിലേക്ക് നടക്കവെയാണ് അവിടുത്തേക്ക് വെട്ടേറ്റത്. മിഹ്റാബിലായിരിക്കെയാണ് എന്നും അഭിപ്രായമുണ്ട്. അബ്ദുർറഹ്മാനു ബ്നു മുൽജിം ആയിരുന്നു കൊലയാളി. ഇരുളിൽ പതുങ്ങിയിരുന്ന അയാൾ വാളുകൊണ്ട് ഖലീഫയെ ആഞ്ഞുവെട്ടി. വെട്ടേറ്റ് തലയോട്ടി പിളർന്ന് രക്തം താടിയിലൂടെ ചാലിട്ടൊഴുകി. അലി(റ)ന്റെ ആജ്ഞ പ്രകാരം ജഅദതുബ്നു ഹുബൈറയാണ് നിസ്കാരത്തിന് നേതൃത്വം നൽകിയത്. ശേഷം ഖലീഫയെ വീട്ടിലേക്ക് കൊണ്ടുപോയി.
പുത്രിമാരായ സൈനബയും ഉമ്മുകുൽസൂമും കരഞ്ഞു കലങ്ങിയ കണ്ണുകളോടെ പിതാവിനെ പരിചരിച്ചു. മുറിവുകൾ കെട്ടി. കൂഫയിലെ ഏറ്റവും മികച്ച ശസ്ത്രക്രിയാ വിദഗ്ധനായ ഉസൈമുബ്നു അംറിനെയാണ് ചികിത്സക്കായി ക്ഷണിച്ചുവരുത്തിയത്. രക്തത്തിൽ മജ്ജയുടെ അംശം കണ്ടതോടെ അദ്ദേഹം ഇങ്ങനെ പറഞ്ഞു.
“അമീറുൽ മുഅ്മിനീൻ! ശത്രു താങ്കളെ ആഴത്തിൽ പരിക്കേൽപ്പിച്ചിരിക്കുന്നു’. അന്ത്യം അടുത്തുെവന്ന് ഉറപ്പിച്ച ഖലീഫ മക്കളായ ഹസൻ (റ), ഹുസൈൻ(റ) എന്നിവരെ അടുത്തിരുത്തി ഉപദേശ നിർദേശങ്ങൾ നൽകി. മറ്റൊരു പുത്രനായ മുഹമ്മദ്ബ്നുൽ ഹനഫിയ്യയും സമീപത്തുണ്ടായിരുന്നു. ഒടുവിൽ സത്യസാക്ഷ്യം ആവർത്തിച്ചു ചൊല്ലി അവിടുന്ന് ഈ ലോകത്തോട് വിട പറഞ്ഞു.
ഹസൻ, ഹുസൈൻ സഹോദര പുത്രനായ അബ്ദുല്ലാഹിബ്നു ജഅഫർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്ത്യ കർമങ്ങൾ. ശത്രുക്കളെ പേടിച്ച് രാത്രിയാണ് മറവ് ചെയ്തത്. അവിടെനിന്ന് പിന്നീട് പുറത്തെടുത്ത് ഒരു പെട്ടിയിലാക്കി ജന്നത്തുൽ ബഖീഇൽ കൊണ്ടുപോയി ഫാത്വിമ ബീവിയുടെ ചാരെ വീണ്ടും മറവു ചെയ്തു എന്നും അഭിപ്രായമുണ്ട്. ശീഇകളുടെ അഭിപ്രായ പ്രകാരം നജഫിലാണ് ഖലീഫയുടെ ഖബർ. പകരം അവിടെയുള്ളത് മുഗീറത്ബ്നു ശുഅ്ബ(റ)ന്റെതാണ് എന്നാണ് സുന്നീ വിശ്വാസം.
സംഭവസ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്യപ്പെട്ട ഇബ്നു മുൽജിമിനെ അലി(റ) കൽപ്പന പ്രകാരം വധ ശിക്ഷക്ക് വിധേയമാക്കി. ഹിജ്റ 40 റമസാൻ 19ന് രാത്രിയിലാണ് അലി(റ)ന്റെ വിയോഗം. നാല് വർഷവും ഒമ്പതു മാസവും നീണ്ട അവിടുത്തെ ഭരണത്തിന് അതോടെ പര്യവസാനമായി.