Kuwait
ഇമാമുമാര്‍ നിസ്‌കാരത്തില്‍ ഖുര്‍ആന്‍ നേരിട്ടോ ഫോണിലോ നോക്കി ഓതാന്‍ പാടില്ല
റമസാന്‍ മാസത്തില്‍ തറാവീഹ്, നിസ്‌കാരം നിര്‍വഹിക്കുന്നതിന് മുമ്പ് ഖുര്‍ആന്‍ നന്നായി പഠിച്ചു മനസ്സിലാക്കണം. കഴിയുന്നതും മനപ്പാഠമാക്കി പാരായണം ചെയ്യാന്‍ ശ്രമിക്കണം.
കുവൈത്ത് സിറ്റി | കുവൈത്തില്‍ നിസ്‌കാരങ്ങളില്‍ ഇമാമുമാര്‍ ഫോണ്‍ വഴിയോ നേരിട്ടോ ഖുര്‍ആന്‍ നോക്കി ഓതുന്നതിനു മതകാര്യ മന്ത്രാലയം ഇമാമുമാര്‍ക്ക് വിലക്കേര്‍പ്പെടുത്തി. റമസാന്‍ മാസത്തില്‍ തറാവീഹ്, നിസ്‌കാരം നിര്‍വഹിക്കുന്നതിന് മുമ്പ് ഖുര്‍ആന്‍ നന്നായി പഠിച്ചു മനസ്സിലാക്കണമെന്നും കഴിയുന്നതും മനപ്പാഠമാക്കി പാരായണം ചെയ്യാന്‍ ശ്രമിക്കണമെന്നും മതകാര്യ മന്ത്രാലയം മസ്ജിദ് കാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി സലാഹ് അല്‍ ശിലാഹി ഇമാമുമാര്‍ക്ക് അയച്ച വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചു. റമസാന്‍ മാസത്തില്‍ തങ്ങളിലര്‍പ്പിക്കപ്പെട്ട ചുമതലകള്‍ നിര്‍വഹിക്കുവാനും നിറവേറ്റുവാനും അദ്ദേഹം ഇമാമുമാരെ ആഹ്വാനം ചെയ്തു.
തറാവീഹ് നിസ്‌കാരത്തില്‍ ഖുര്‍ആന്‍ പാരായണത്തിന്റെ നിശ്ചിത സമയപരിധി ദീര്‍ഘിപ്പിക്കുമ്പോള്‍ പിന്തുടരുന്ന ആരാധകരുടെ അവസ്ഥ കൂടി കണക്കിലെടുക്കണം. ശബ്ദം ഉയര്‍ത്തിക്കൊണ്ടോ ആക്രോശിച്ചുകൊണ്ടോ ഖുര്‍ആന്‍ പാരായണവും ദുആകളും നിര്‍വഹിക്കുന്നത് ഒഴിവാക്കണം.
പാരായണ നിയമങ്ങള്‍ക്കനുസരിച്ചു മാത്രമേ ഖുര്‍ ആന്‍ ഓതാന്‍ പാടുള്ളൂവെന്നും ഇമാമുമാരോട് സലാഹ് അല്‍ ശിലാഹി ആവശ്യപ്പെട്ടു.