Kerala
ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. പി കൃഷ്ണകുമാര്‍ നിര്യാതനായി
രണ്ടുമുറി ഓഫീസില്‍ നിന്ന് ഇംഹാന്‍സിനെ മാനസികാരോഗ്യ പരിപാലനത്തില്‍ മികവിന്റെ കേന്ദ്രവും സംസ്ഥാനത്തെ മാതൃകാ പഠന ഗവേഷണ ചികിത്സാ കേന്ദ്രവുമാക്കിയത് ഡോ. പി കൃഷ്ണ കുമാറാണ്.
കോഴിക്കോട് | ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സിന്റെ (ഇംഹാന്‍സ്) ഡയറക്ടര്‍ ഡോ. പി കൃഷ്ണകുമാര്‍ നിര്യാതനായി. രണ്ടുമുറി ഓഫീസില്‍ നിന്ന് ഇംഹാന്‍സിനെ മാനസികാരോഗ്യ പരിപാലനത്തില്‍ മികവിന്റെ കേന്ദ്രവും സംസ്ഥാനത്തെ മാതൃകാ പഠന ഗവേഷണ ചികിത്സാ കേന്ദ്രവുമാക്കിയത് ഡോ. പി കൃഷ്ണ കുമാറാണ്.
പരമ്പരാഗത രീതികളില്‍നിന്ന് മാറി മാനസികാരോഗ്യ ചികിത്സയെ സാധാരണക്കാരില്‍ എത്തിച്ച ഒട്ടേറെ മാതൃകാ പദ്ധതികളാണ് ഇക്കാലയളവില്‍ ഇംഹാന്‍സ് നടപ്പാക്കിയത്. സാമൂഹിക മാനസികാ രോഗ്യത്തിനൊപ്പം കുട്ടികളുടെ വളര്‍ച്ചാവൈകല്യങ്ങളിലും കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. 1998ല്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ലക്ചററായാണ് ജോലിയില്‍ പ്രവേശിച്ചത്. 2006ല്‍ ഇംഹാന്‍സിന്റെ ഡയറക്ടര്‍ ആയി. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രണ്ട് മുറിയില്‍ ഒപി മാത്രമായി അസൗകര്യങ്ങള്‍ക്കിടയിലായിരുന്നു അന്ന് പ്രവര്‍ത്തനം.
2009ല്‍ കേന്ദ്ര സര്‍ക്കാരിന്റെ മികവിന്റെ കേന്ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതാണ് നിര്‍ണായകമായത്. മാനസികാരോഗ്യ ചികിത്സയ്ക്ക് വികേന്ദ്രീകൃത സൗകര്യങ്ങളില്ലാതിരുന്ന കാലത്ത് താഴേത്തട്ടിലുള്ള ആരോഗ്യകേന്ദ്രങ്ങളിലെത്തി ചികിത്സിച്ച കമ്യൂണിറ്റി മെന്റല്‍ ഹെല്‍ത്ത് പദ്ധതി മാതൃകയായിരുന്നു. ഇതാണ് 2017ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. ചികിത്സയും വൈദ്യശാസ്ത്ര പഠനവും സ്വകാര്യവത്കരിക്കപ്പെടുന്നതിനെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍ നടത്തിയ ചരിത്ര പ്രസിദ്ധമായ സമരങ്ങളുടെയും കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം മാനവീകരിക്കുന്നതിനു വേണ്ടി നടന്ന സമരങ്ങളുടേയും മുന്നണിപ്പോരാളിയായിരുന്നു.
കണ്ണൂര്‍ പട്ടാന്നൂര്‍ സ്വദേശിയായ കൃഷ്ണകുമാര്‍ വര്‍ഷങ്ങളായി കോഴിക്കോടായിരുന്നു താമസം. സ്‌കൂള്‍ ഓഫ് ഫാമിലി ഹെല്‍ത്ത് ഡീസിലെ പ്രൊഫസര്‍ ഡോ. ഗീതാ ഗോവിന്ദരാജാണ് ഭാര്യ. മകന്‍: അക്ഷയ് (എന്‍ജിനീയര്‍, അമേരിക്ക)