Connect with us

National

ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഉപയോഗപ്രദമാക്കാന്‍ ഉടന്‍ നടപടി വേണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി

പ്രവാസികളുടെ അടിയന്തര ആവശ്യങ്ങള്‍ക്കു പോലും തുക അനുവദിക്കാതെ കോടിക്കണക്കിന് രൂപയാണ് വിവിധ എംബസികളില്‍ കെട്ടിക്കിടക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | എംബസികളില്‍ കെട്ടിക്കിടക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് (ഐ സി ഡബ്ല്യു എഫ്) ഉപയോഗപ്രദമാക്കാന്‍ ഉടന്‍ നടപടി വേണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. വിവിധ എംബസി സേവനങ്ങള്‍ തേടുന്ന പ്രവാസികളില്‍ നിന്ന് പ്രവാസി ക്ഷേമത്തിനെന്ന് പറഞ്ഞു ഈടാക്കുന്ന പണം കൊണ്ട് രൂപവത്കരിച്ചതാണ് ഐ സി ഡബ്ല്യു എഫ്. ഇത് പ്രവാസികളുടെ ക്ഷേമത്തിനും ചികിത്സാ സഹായത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കാനുള്ളതാണ്. എന്നാല്‍, പ്രവാസികളുടെ അടിയന്തര ആവശ്യങ്ങള്‍ക്കു പോലും തുക അനുവദിക്കാതെ കോടിക്കണക്കിന് രൂപയാണ് വിവിധ എംബസികളില്‍ കെട്ടിക്കിടക്കുന്നത്.

മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ വിദേശരാജ്യങ്ങളില്‍ മരണപ്പെട്ടാല്‍ അതത് രാജ്യങ്ങളിലെ എംബസികളാണ് അവരുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നത്. ഇന്ത്യയിലെ പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാമൂഹിക പ്രവര്‍ത്തകരോ, സംഘടനകളോ കനിയണം. അല്ലെങ്കില്‍ പിരിവ് എടുക്കേ ണ്ടി വരുന്നു. മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാറും, ഇന്ത്യന്‍ കോണ്‍സുലേറ്റും അതിന്റെ നിയമാവലി സാധാരണ പ്രവാസികള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ മാറ്റം വരുത്തണം. അതിനായി മരിച്ചവരുടെ ബന്ധുക്കളോ സഹപ്രവര്‍ത്തകരോ സാമൂഹിക പ്രവര്‍ത്തകരോ സമീപിക്കുമ്പോള്‍ രേഖകള്‍ ശരിയാക്കി നല്‍കുക എന്ന ഉത്തരവാദിത്തം എംബസികള്‍ നി ര്‍വഹിക്കുന്നുണ്ട് എന്നത് ശരി തന്നെ. പക്ഷേ, ചെലവ് വഹിക്കേണ്ടുന്ന എംബസികള്‍ നോക്കുകുത്തികളാകുകയാണ്.

നമ്മുടെ ജനസംഖ്യയിലെ ഏറ്റവും പാര്‍ശ്വവത്ക്കരിക്കപ്പെട്ടതും ചൂഷണം ചെയ്യപ്പെടുന്നതുമായ വിഭാഗമാണ് ഇന്ത്യന്‍ പ്രവാസികള്‍. ഇന്ത്യയില്‍ മറ്റ് അവസരങ്ങളൊന്നും ലഭ്യമല്ലാത്തതിനാല്‍ അവര്‍ തങ്ങളുടെ ജീവിതത്തിലെ അവസാന ഓപ്ഷനായി വിദേശ കരിയര്‍ തിരഞ്ഞെടുക്കുന്നു. എന്നാല്‍, നമ്മുടെ സര്‍ക്കാര്‍ ഈ നിര്‍ഭാഗ്യവാന്മാരായ ജനത്തോട് നിന്ദ്യമായ നിസ്സംഗതയാണ് കാണിക്കുന്നത്.

ഐ സി ഡബ്ല്യു എഫ് ഇന്ത്യന്‍ പ്രവാസി സമൂഹത്തോടുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ ചിറ്റമ്മ സമീപനത്തിന്റെ ഉത്തമ ഉദാഹരണമാണ്. അടിയന്തര സാഹചര്യങ്ങളില്‍ പ്രവാസികള്‍ക്കുള്ള ഒരു നിര്‍ണായക പിന്തുണാ സംവിധാനമായാണ് ഐ സി ഡബ്ല്യു എഫ് വിഭാവനം ചെയ്തിരിക്കുന്നത്. ഫണ്ടിലേക്ക് ഇന്ത്യന്‍ പ്രവാസികളില്‍ നിന്ന് നിര്‍ബന്ധിത സംഭാവനകള്‍ ശേഖരിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ എംബസികള്‍ ആവശ്യക്കാരായ പ്രവാസികള്‍ക്ക്, പ്രത്യേകിച്ച് ജി സി സി രാജ്യങ്ങളില്‍ ഫണ്ട് അനുവദിക്കുന്നതില്‍ വളരെ അലംഭാവമാണ് പുലര്‍ത്തുന്നത്. ഇത്രയധികം തുക എംബസികളില്‍ ഉണ്ടായിട്ടും അത് ഉപയോഗിക്കാന്‍ എന്താണ് തടസ്സം? അതിനു പിറകിലെ രഹസ്യ അജണ്ട എന്താണ്? നിലവില്‍ എന്തിനാണ് ഈ പണം ഉപയോഗിക്കുന്നത്? വര്‍ഷങ്ങളായി മുഴുവന്‍ പ്രവാസി സമൂഹവും ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അതു കണ്ടില്ലെന്നു നടിക്കുന്നത് എന്തുകൊണ്ട്? എംബസികള്‍ക്കു ഈ തുകയില്‍ നിന്നും ഒരു നിശ്ചിത ശതമാനം എങ്കിലും വിനിയോഗിക്കാന്‍ അനുമതി നല്‍കുന്ന വിധത്തില്‍ നയപരമായ തീരുമാനം കേന്ദ്രത്തിനു എടുത്തു കൂടെ? അപകടത്തില്‍ ഗുരുതരമായ പരുക്കേറ്റ, അല്ലെങ്കില്‍ ജീവന്‍ അപകടപ്പെടുത്തുന്ന മെഡിക്കല്‍ അവസ്ഥകളോ ഗുരുതരമായ വൈകല്യമോ ഉള്ള വിദേശ ഇന്ത്യക്കാര്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ അടിയന്തര വൈദ്യസഹായം നല്‍കുന്നതിന് ഉദ്ദേശിച്ചുള്ളതാണ് ഐ സി ഡബ്ല്യു എഫ് ഫണ്ട്. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ ഐ സി ഡബ്ല്യു എഫില്‍ നിന്ന് ഈ ആവശ്യത്തിനായി എത്ര തുക വിതരണം ചെയ്തുവെന്ന് അറിയാന്‍ താത്പര്യമുണ്ടെന്നും എം പി സഭയില്‍ പറഞ്ഞു.

കേന്ദ്ര മന്ത്രി നല്‍കിയ മറുപടി പ്രകാരം, വിവിധ എംബസികളില്‍ 2024 മാര്‍ച്ച് വരെയുള്ള സ്ഥിതി വിവരകണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ യു കെ (133 കോടി), അമേരിക്ക (90 കോടി) എന്നിവിടങ്ങളിലും സഊദി അറേബ്യ (35 കോടി), യു എ ഇ (42 കോടി) തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലുമാണ്. ഇതില്‍ തന്നെ നിയമ സഹായങ്ങള്‍ക്കും മറ്റുമായി നീക്കിവെച്ച വളരെ കുറഞ്ഞ തുക മാത്രമേ പ്രവാസികളുടെ ക്ഷേമത്തിനു വേണ്ടി അനുവദിച്ചിട്ടുള്ളൂവെന്നത് ഏറ്റവും ഞെട്ടിപ്പിക്കുന്നതും ഏറെ പരിതാപകരവുമായ കാര്യമാണെന്ന് എം പി പറഞ്ഞു.

Latest