National
കാന്‍സര്‍ മാറാന്‍ മാതാപിതാക്കള്‍ ഗംഗയില്‍ മുക്കി; അഞ്ച് വയസുകാരന് ദാരുണാന്ത്യം
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഹരിദ്വാര്‍| കാന്‍സര്‍ രോഗം മാറാന്‍ മാതാപിതാക്കള്‍ ഗംഗാ നദിയില്‍ മുക്കിയ അഞ്ച് വയസുകാരന് ദാരുണാന്ത്യം. ഹരിദ്വാറിലെ ഹര്‍ കി പൗരിയില്‍ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. ഗംഗയില്‍ മുക്കിയാല്‍ കാന്‍സര്‍ മാറുമെന്ന മാതാപിതാക്കളുടെ വിശ്വാസത്തെ തുടര്‍ന്നാണ് കുട്ടിയുടെ ജീവന്‍ നഷ്ടമായത്. ഡല്‍ഹി സ്വദേശികളായ ദമ്പതികളും കുടുംബത്തിലെ മറ്റൊരംഗവുമാണ് കുട്ടിയുമായി ഹര്‍ കി പൗരിയിലെത്തിയത്. ശേഷം കുട്ടിയെ ഗംഗാ നദിയിലേക്ക് കൊണ്ടുപോവുകയും നദിയില്‍ മുക്കുകയുമായിരുന്നു. മുക്കുന്നതിനിടയില്‍ കുട്ടിയ്ക്ക് മരണം സംഭവിക്കുകയായിരുന്നു.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടിയ്ക്ക് ഗംഗാസ്‌നാനം കൊണ്ട് അസുഖം മാറുമെന്നാണ് മാതാപിതാക്കള്‍ വിശ്വസിച്ചിരുന്നത്. ചികിത്സിച്ചിരുന്ന ഡോക്ടര്‍മാര്‍ പോലും കുട്ടിയുടെ കാര്യത്തില്‍പ്രതീക്ഷ കൈവിട്ട തരത്തിലാണ് സംസാരിച്ചിരുന്നത്. എന്നാല്‍ എങ്ങനെയും കുഞ്ഞിന്റ അസുഖം മാറ്റാന്‍ ഗംഗയില്‍ മുക്കാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു.
ഗംഗയില്‍ കുട്ടിയെ മുക്കിയാല്‍ അസുഖം മാറുമെന്ന് പലരും പറഞ്ഞതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ചെയ്തതെന്ന് കുടുംബം പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയെ ഗംഗയില്‍ മുക്കിയ ശേഷം മൃതദേഹത്തിനരികെ അമ്മ ഇരിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മകന്‍ ഉടനെ എഴുന്നേല്‍ക്കുമെന്നും അത് എന്റെ ഉറപ്പാണെന്നും അമ്മ പറയുന്നതായും വീഡിയോയില്‍ ഉണ്ട്.