articles
കുടിയേറ്റ വേട്ട: ട്രംപിസം ആഘോഷിക്കുകയാണ്
അമേരിക്കയുടെ ലോകാധിപത്യമാണ് ട്രംപ് അദമ്യമായി ആഗ്രഹിക്കുന്നത്. അങ്ങേയറ്റം കുടിയേറ്റ വിരുദ്ധതയുടെയും ഇസ്‌ലാമോഫോബിയയുടെയും ന്യൂനപക്ഷ വിരുദ്ധതയുടെയും ഭ്രാന്തന്‍ പ്രഖ്യാപനങ്ങളും നടപടികളുമാണ് ട്രംപിന്റെ പ്രസംഗത്തിലുടനീളം മുഴങ്ങിക്കേട്ടത്. അമേരിക്കയെ വീണ്ടും മഹത്തായ രാഷ്ട്രമാക്കുമെന്ന പ്രഖ്യാപനം റെഡ് ഇന്ത്യന്‍ വംശജര്‍ക്കു മേല്‍ കുടിയേറ്റക്കാരായ ആംഗ്ലോ-സാംഗ്‌സന്‍ വംശജരുടെ രക്തപങ്കിലമായ വിജയത്തെ ധ്വനിപ്പിക്കുന്നതാണ്.
അമേരിക്കയുടെ ലോകാധിപത്യ താത്പര്യങ്ങളുടെ അധിനായക സ്ഥാനത്ത് ട്രംപിനെ പോലുള്ള ഒരു വംശീയഭ്രാന്തന്‍ വീണ്ടും എത്തിയിരിക്കുന്നത് മഹാ ആപത്തിന്റെ മണിമുഴക്കമായിട്ടാണ് പല അന്താരാഷ്ട്ര നിരീക്ഷകരും വിലയിരുത്തുന്നത്. ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ 47ാമത് പ്രസിഡന്റായി അധികാരമേറ്റയുടനെ ലോകത്തോട് പ്രഖ്യാപിച്ചത് അമേരിക്കയുടെ സുവര്‍ണ കാലഘട്ടം തുടങ്ങുന്നു എന്നാണ്. അമേരിക്ക ഫസ്റ്റ് എന്നതായിരിക്കും തന്റെ മുദ്രാവാക്യം എന്നാണ് ട്രംപ് യു എസ് ക്യാപിറ്റോള്‍ മന്ദിരത്തിലെ റോട്ടുണ്ട ഹാളില്‍ തന്റെ സത്യപ്രതിജ്ഞക്കു ശേഷം നടത്തിയ ഉദ്ഘാടന പ്രസംഗത്തില്‍ പ്രഖ്യാപിച്ചത്.
അമേരിക്കയുടെ ലോകാധിപത്യമാണ് മറ്റ് റിപബ്ലിക്കന്‍ പ്രസിഡന്റുമാരെ പോലെ ട്രംപും അദമ്യമായി ആഗ്രഹിക്കുന്നത്. അങ്ങേയറ്റം കുടിയേറ്റ വിരുദ്ധതയുടെയും ഇസ്‌ലാമോഫോബിയയുടെയും ന്യൂനപക്ഷ വിരുദ്ധതയുടെയും ഭ്രാന്തന്‍ പ്രഖ്യാപനങ്ങളും നടപടികളുമാണ് ട്രംപിന്റെ പ്രസംഗത്തിലുടനീളം മുഴങ്ങിക്കേട്ടത്. അമേരിക്കയെ വീണ്ടും മഹത്തായ രാഷ്ട്രമാക്കുമെന്ന പ്രഖ്യാപനം റെഡ് ഇന്ത്യന്‍ വംശജര്‍ക്കു മേല്‍ കുടിയേറ്റക്കാരായ ആംഗ്ലോ-സാംഗ്‌സന്‍ വംശജരുടെ രക്തപങ്കിലമായ വിജയത്തെ ധ്വനിപ്പിക്കുന്നതാണ്. അമേരിക്കന്‍ തദ്ദേശീയ ജനതക്കു മേല്‍ ആധിപത്യമുറപ്പിച്ച ആഗ്ലോ-സാംഗ്‌സന്‍ മേധാവിത്വബോധമാണ് ട്രംപിനെ ഉത്സാഹഭരിതനാക്കുന്നത്. കുടിയേറ്റക്കാരുടെ വ്യാപകമായ നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള എക്സിക്യൂട്ടീവ് ഓര്‍ഡറുകളാണ് ട്രംപ് ദ്രുതഗതിയിലാക്കുന്നത്. ബൈഡന്റെ നയങ്ങളെ വിമര്‍ശിക്കുകയും കുടിയേറ്റ വിരുദ്ധതയുടെ വംശീയഭ്രാന്ത് പടര്‍ത്തുകയുമാണ് ട്രംപ് ചെയ്തിരിക്കുന്നത്.
അതിന്റെ ഭാഗമായിട്ടാണ് അധികാരമേറ്റ് നിമിഷങ്ങള്‍ക്കകം യു എസ് മെക്സിക്കോ അതിര്‍ത്തിയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അമേരിക്കക്കും മെക്സിക്കോക്കുമിടയില്‍ കുടിയേറ്റക്കാരെ തടയാനുള്ള അതിര്‍ത്തി മതില്‍ നിര്‍മാണം പുനരാരംഭിക്കാനാണ് ട്രംപിന്റെ ശ്രമം. കുടിയേറ്റക്കാര്‍ക്കു വേണ്ടി വാദിക്കുന്നവരെയാകെ വിദേശ ഭീകരരായി മുദ്രകുത്തി വേട്ടയാടാനാണ് ട്രംപ് പദ്ധതിയിട്ടിരിക്കുന്നത്. കുടിയേറ്റ വിരുദ്ധതയുടെ ആഘോഷമാക്കി തന്റെ അധികാരാരോഹണത്തെ മാറ്റിയിരിക്കുകയാണ് ട്രംപ്. അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കാനും നിരന്തരം സൈനിക നിരീക്ഷണം ശക്തമാക്കി കുടിയേറ്റക്കാരെ മെക്സിക്കന്‍ അതിര്‍ത്തിയില്‍ തടഞ്ഞ് പ്രതിരോധിക്കാനുമാണ് ട്രംപ് നീക്കങ്ങളാരംഭിച്ചിരിക്കുന്നത്. യു എസ് കോണ്‍ഗ്രസ്സിന്റെ അംഗീകാരത്തിന് കാത്തുനില്‍ക്കാതെ കുടിയേറ്റം തടയുന്നതുള്‍പ്പെടെ നൂറോളം എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ ട്രംപ് ഒപ്പിട്ടിരിക്കുന്നു.
ഒരു കോടിയിലധികം വരുന്ന കുടിയേറ്റക്കാരെ കൂട്ടത്തോടെ ഒഴിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് ആരംഭിച്ചിരിക്കുന്നത്. കുടിയേറ്റക്കാരുടെ അമേരിക്കയില്‍ ജനിച്ച കുട്ടികള്‍ക്ക് പോലും പൗരത്വം നിഷേധിക്കുകയും കുടിയേറ്റക്കാരെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കാനും സൈനിക ഭീകരത സൃഷ്ടിച്ച് പലായനം ചെയ്യിപ്പിക്കാനുമുള്ള മനുഷ്യത്വരഹിതമായ നടപടികളാണ് ആരംഭിച്ചിരിക്കുന്നതെന്ന് പറയാം. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ട്രംപ് മുന്നോട്ടുവെച്ച കുടിയേറ്റ വിരുദ്ധതയുടെ വിദ്വേഷ പ്രചാരണം അധികാരം കിട്ടി ഒരു ദിവസം കൊണ്ട് തന്നെ പ്രയോഗത്തില്‍ വരുത്തിയിരിക്കുകയാണ്. 2022 വരെയുള്ള കണക്കുകള്‍ പ്രകാരം ഒരു കോടി 10 ലക്ഷം പേരാണ് അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കപ്പെടുന്നത്. ഇതില്‍ എട്ട് ലക്ഷത്തോളം പേര്‍ ഇന്ത്യക്കാരാണ്.
കുടിയേറ്റക്കാരെ കൂട്ടത്തോടെ ഒഴിപ്പിക്കാന്‍ ട്രംപ് നിയോഗിച്ചിരിക്കുന്നത് ഒന്നാം ട്രംപ് ഭരണകാലത്തെ കുടിയേറ്റ വിരുദ്ധ തീവ്ര നിലപാട് സ്വീകരിച്ച ടോം ഹോമാനെയും സ്റ്റീഫന്‍ മില്ലറെയുമാണ്. ടോം ഹോമാന്‍ ഇപ്പോള്‍ കുടിയേറ്റ നയങ്ങളുടെ ഡയറക്ടറായി നിയമിക്കപ്പെട്ടിരിക്കുകയാണ്. കുടിയേറ്റ നയങ്ങളില്‍ ട്രംപിന്റെ ഉപദേശകനാണ് സ്റ്റീഫന്‍ മില്ലര്‍. തിരഞ്ഞെടുപ്പ് റാലികളില്‍ അക്രമാസക്തമായ കുടിയേറ്റ വിരുദ്ധ പ്രസംഗങ്ങള്‍ നടത്തിയവരാണ് ഹോമാനും മില്ലറും. ഒരു കോടി പത്ത് ലക്ഷം പേരെ അമേരിക്കയില്‍ നിന്ന് കുടിയിറക്കാനുള്ള ട്രംപിന്റെ തീവ്ര നടപടികള്‍ ലോകമെങ്ങനെയാണ് നേരിടുകയെന്നത് വരും ദിവസങ്ങളില്‍ നമുക്കറിയാന്‍ കഴിയും.
അമേരിക്കയുടെ സാമ്പത്തിക തകര്‍ച്ചക്കും തൊഴിലില്ലായ്മക്കുമൊക്കെ കാരണം കുടിയേറ്റക്കാരാണെന്ന വ്യാജ പ്രചാരണങ്ങള്‍ നടത്തി വെള്ളക്കാരായ യുവതീ യുവാക്കളെ കുടിയേറ്റക്കാര്‍ക്കെതിരായി തിരിച്ചുവിടുകയെന്നതാണ് ട്രംപും റിപബ്ലിക്കന്‍ പാര്‍ട്ടിയും സ്വീകരിച്ചിരിക്കുന്ന തന്ത്രം. കുടിയേറ്റ വിരുദ്ധതയുടെ മറവില്‍ വംശീയതയും ഇസ്‌ലാമോഫോബിയയും പടര്‍ത്തുകയാണ് ട്രംപ് ചെയ്തുകൊണ്ടിരിക്കുന്നത്. 2008ല്‍ ആരംഭിച്ച സാമ്പത്തിക പ്രതിസന്ധിയും മാന്ദ്യവും അതിജീവിക്കാനാകാതെ അമേരിക്കന്‍ സമ്പദ്ഘടന വഴിമുട്ടി നില്‍ക്കുകയാണ്.
ചൈന ഉയര്‍ത്തുന്ന വാണിജ്യ വ്യാപാര രംഗത്തെ ഭീഷണി അമേരിക്കന്‍ സമ്പദ് ഘടനയെ അഗാധമായി തന്നെ ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ അമേരിക്ക നിലനില്‍ക്കുന്നത് ആയുധ വില്‍പ്പനയിലൂടെയുള്ള വരുമാനത്തെ ആശ്രയിച്ചാണ്. യുദ്ധ വ്യവസായമാണ് അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട വരുമാന മാര്‍ഗമായിരിക്കുന്നത്. ഗസ്സയിലും യുക്രൈനിലും യുദ്ധം തുടരുന്നത് അമേരിക്കയുടെ യുദ്ധോപകരണ കച്ചവട താത്പര്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് കൂടിയാണ്. 2023ലെ ഒരു പഠനമനുസരിച്ച് ആ വര്‍ഷത്തെ അമേരിക്കയുടെ പ്രതിരോധ ചെലവ് 91,600 കോടി ഡോളറാണ്. ഇസ്‌റാഈലിനെ ഫലസ്തീനികള്‍ക്കും ലബനാനും സിറിയക്കും യമനുമൊക്കെ എതിരായി ഇളക്കിവിടുന്നത് അമേരിക്കയാണ്. യുക്രൈനിലെ യുദ്ധം തുടരുന്നത് അമേരിക്കയുടെ ആയുധ കച്ചവട താത്പര്യങ്ങളുമായി ബന്ധപ്പെട്ട് കൊണ്ട് കൂടിയാണ്.
ലോകത്തിലെ മൊത്തം പ്രതിരോധ ചെലവിന്റെ 40 ശതമാനത്തോളം അമേരിക്കയുടേതാണ്. ക്യൂബയും വടക്കന്‍കൊറിയയും ചൈനയും ഉള്‍പ്പെടുന്ന സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ക്കെതിരായ നീക്കങ്ങള്‍ ട്രംപ് ഭരണത്തില്‍ തീവ്രഗതിയാര്‍ജിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ലോകത്തെ ഒന്നാമത്തെയും രണ്ടാമത്തെയും സാമ്പത്തിക ശക്തികളാണ് അമേരിക്കയും ചൈനയും. ചൈനയുടെ കയറ്റുമതിക്കു മേല്‍ 60 ശതമാനം നികുതി ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം ആഗോള സമ്പദ് വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കും. ഗ്രീന്‍ലാന്‍ഡ് വിഷയത്തിലും പനാമ കനാലിന്റെ കാര്യത്തിലും ആഗോള രാഷ്ട്രീയത്തില്‍ അമേരിക്ക ഭീതി വിതയ്ക്കുകയാണ്. ട്രംപിന്റെ രണോത്സുകമായ വിദേശ നയത്തിന്റെ യുക്തിരഹിതമായ പ്രകടനമാണ് ഗ്രീന്‍ലാന്‍ഡിനു മേല്‍ ഉന്നയിച്ച അവകാശവാദം.
ട്രംപ് പറഞ്ഞത് ഡെന്‍മാര്‍ക്കിലെ സ്വതന്ത്ര ഭരണ പ്രദേശമായ ഗ്രീന്‍ലാന്‍ഡ് വിലകൊടുത്ത് വാങ്ങുമെന്നാണ്. അല്ലെങ്കില്‍ ബലപ്രയോഗത്തിലൂടെ പിടിച്ചടക്കുമെന്നാണ്. ഡെന്‍മാര്‍ക്കിന്റെ ആര്‍ട്ടിക് മേഖലയിലെ തന്ത്രപ്രധാനമായ മേഖലയെന്ന നിലക്കാണ് ഗ്രീന്‍ലാന്‍ഡിനു മേലുള്ള ഈ നീക്കം. പനാമ കനാലിന്റെ മേല്‍ അവകാശം ഉന്നയിച്ചുകൊണ്ടുള്ള ട്രംപിന്റെ നീക്കം വലിയ പ്രത്യാഘാതമുണ്ടാക്കുന്നതാണ്. കുടിയേറ്റ വിരുദ്ധതയും വംശീയതയും ഇസ്‌ലാമാഫോബിയയും ലോകപോലീസ് ചമയുന്ന മേധാവിത്വ ബോധവും പ്രകടിപ്പിക്കുന്ന ട്രംപിന്റെ നീക്കങ്ങള്‍ ജനസമൂഹങ്ങളുടെയും രാഷ്ട്രങ്ങളുടെയും സമാധാനപൂര്‍ണവും സ്വതന്ത്രവുമായ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തുന്നതാണ്.
സയണിസവുമായി സന്ധി ചെയ്ത ഇവാഞ്ചലിസ്റ്റ് ഭീകരതയാണ് ട്രംപിനെ നയിക്കുന്ന പ്രത്യയശാസ്ത്രം. അത് ആഗ്ലോ-സാംഗ്‌സന്‍ വര്‍ണമേധാവിത്വത്തിലധിഷ്ഠിതമായ വംശീയതയാണ്. ട്രംപ് പ്രസിഡന്റായിരുന്ന കാലത്താണ് ഇസ്‌റാഈലിന്റെ തലസ്ഥാനം ജറൂസലമിലേക്ക് മാറ്റാനുള്ള ബലപ്രയോഗങ്ങള്‍ സയണിസ്റ്റുകള്‍ ഫലസ്തീന്‍ മണ്ണില്‍ ആരംഭിച്ചത്. ഫലസ്തീന്‍ പ്രശ്നത്തെ ഒരു ജനതയുടെ വംശീയ ഉന്മൂലനത്തിലൂടെ അവസാനിപ്പിക്കണമെന്ന് ചിന്തിക്കുന്ന തീവ്രജൂത മതമൗലികവാദത്തെ പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്. തന്റെ അധികാരാരോഹണത്തിന്റെ ദിനങ്ങളില്‍ ഗസ്സയില്‍ യുദ്ധവിരാമം ഉണ്ടായെങ്കിലും ഫലസ്തീന്‍ പ്രശ്നം പരിഹൃതമാക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ അഭിലാഷങ്ങളെ സയണിസ്റ്റുകളുടെ സംരക്ഷകനായ ട്രംപ് മാനിക്കില്ലെന്ന കാര്യം സംശയരഹിതമാണ്.