Editorial
കുടുംബ ശൈഥില്യത്തിന്റെ പ്രത്യാഘാതം കുട്ടികളിലും
കുട്ടികളിലെ ആത്മഹത്യാ നിരക്ക് വര്‍ധിക്കാന്‍ പ്രധാന കാരണം കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങളാണെന്നാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ച് തയ്യാറാക്കിയ പോലീസ് റിപോര്‍ട്ടില്‍ പറയുന്നത്. ഓണ്‍ലൈന്‍ ഗെയിമുകള്‍, പ്രണയ നൈരാശ്യം തുടങ്ങിയവ ആത്മഹത്യക്ക് കാരണമായിട്ടുണ്ടെങ്കിലും അത് ചെറിയൊരു ശതമാനമാണ്.
കുടുംബ ശൈഥില്യങ്ങള്‍ ബാല്യജീവിതങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി സംസ്ഥാന പോലീസ് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. കുട്ടികളിലെ ആത്മഹത്യാ നിരക്ക് വര്‍ധിക്കാന്‍ പ്രധാന കാരണം കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങളാണെന്നാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ച് തയ്യാറാക്കിയ പോലീസ് റിപോര്‍ട്ടില്‍ പറയുന്നത്. ഓണ്‍ലൈന്‍ ഗെയിമുകള്‍, പ്രണയ നൈരാശ്യം തുടങ്ങിയവ ആത്മഹത്യക്ക് കാരണമായിട്ടുണ്ടെങ്കിലും അത് ചെറിയൊരു ശതമാനം മാത്രമാണെന്നാണ് കണ്ടെത്തല്‍. 2019ല്‍ 230 കുട്ടികളാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതെങ്കില്‍ (ആണ്‍കുട്ടികള്‍ 97, പെണ്‍കുട്ടികള്‍ 133) 2020ല്‍ ആത്മഹത്യ ചെയ്ത കുട്ടികളുടെ എണ്ണം 311 (ആണ്‍കുട്ടികള്‍ 142, പെണ്‍കുട്ടികള്‍ 169) ആയി ഉയന്നു. 2021 ആയപ്പോള്‍ ആത്മഹത്യാ നിരക്ക് വീണ്ടും കൂടി 345 (ആണ്‍കുട്ടികള്‍ 168, പെണ്‍കുട്ടികള്‍ 177) ആയി. പാലക്കാട്, തൃശൂര്‍, കൊല്ലം, മലപ്പുറം, തിരുവനന്തപുരം, വയനാട് ജില്ലകളിലാണ് കുട്ടികളുടെ ആത്മഹത്യ കൂടുതല്‍. കുട്ടികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുന്ന സംഘടനയായ ദിശ 2020ല്‍ നടത്തിയ പഠനത്തിലും കേരളത്തില്‍ ബാല്യകാല ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നതായി കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് 12 ലക്ഷത്തോളം വീടുകളില്‍ കുട്ടികള്‍ ഭയപ്പാടിലാണ് കഴിയുന്നതെന്നും മാതാപിതാക്കളെയാണ് മറ്റാരേക്കാളും ഇവര്‍ ഭയക്കുന്നതെന്നുമുള്ള റിപോര്‍ട്ടും അടുത്തിടെ പുറത്തുവരികയുണ്ടായി.
കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് മാധ്യമങ്ങളില്‍ ദിനംപ്രതി പ്രത്യക്ഷപ്പെടുന്ന കുറ്റകൃത്യ വാര്‍ത്തകള്‍. ഇടുക്കിയില്‍ പിതാവ് മകനെയും ഭാര്യയെയും പേരക്കുട്ടികളെയും വീടിനു തീവെച്ച് കൂട്ടത്തോടെ കൊന്നത് നാല് ദിവസങ്ങള്‍ക്കു മുമ്പാണ്. ഭര്‍ത്താവ് ഭാര്യയെയും ഭാര്യ കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെയും മരുമകള്‍ അമ്മായിയമ്മയെയും കൊലപ്പെടുത്തുന്നതും പതിവു സംഭവങ്ങളായി മാറിയിട്ടുണ്ട്. ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും സമാധാനവും സ്വസ്ഥതയും ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് നേരത്തേയുണ്ടായിരുന്ന കൂട്ടുകുടുംബ വ്യവസ്ഥയില്‍ നിന്ന് കേരളീയ സമൂഹം അണുകുടുംബ വ്യവസ്ഥയിലേക്ക് മാറിയത്. എന്നാല്‍ പൂര്‍വോപരി അസ്വസ്ഥമാണ് ഇന്ന് അണുകുടുംബങ്ങളെന്നതാണ് വസ്തുത. ആധുനിക സമൂഹം നേരിടുന്ന മുഖ്യ പ്രശ്നമായി മാറിയിരിക്കുകയാണ് കുടുംബ ശൈഥില്യം.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വിവാഹ മോചന കേസുകള്‍ കേരളത്തിലാണെന്നാണ് റിപോര്‍ട്ട്. കുടുംബ കോടതകളില്‍ കേസുകള്‍ വന്‍തോതില്‍ കെട്ടിക്കിടക്കുകയാണ്. 2021 മാര്‍ച്ചിലെ കണക്കനുസരിച്ച് സംസ്ഥാനത്തെ വിവിധ കുടുംബ കോടതികളിലായി തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം 1.4 ലക്ഷം വരും. കുടുംബ ബന്ധങ്ങളിലെ താളക്കേടുകളാണ് തര്‍ക്കങ്ങളിലേക്കും കേസുകളിലേക്കും നീങ്ങുന്നത്. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഭിന്നതയും വഴക്കും ഉടലെടുക്കുമ്പോള്‍ പൊട്ടിത്തെറിയിലെത്തിക്കാതെ അത് പരിഹരിക്കാന്‍ കൂട്ടുകുടുംബങ്ങളില്‍ കാരണവരുണ്ടായിരുന്നു. അണുകുടുംബങ്ങളുടെ പിറവിയോടെ അതില്ലാതായി.
വളരെ ലോലമാണ് കട്ടികളുടെ മനസ്സ്. കുട്ടിക്കാലത്ത് അനുഭവിക്കുന്ന, അല്ലെങ്കില്‍ സാക്ഷിയാകേണ്ടി വരുന്ന ചെറിയ ആഘാതങ്ങള്‍ പോലും അവര്‍ക്കു താങ്ങാന്‍ കഴിയണമെന്നില്ല. കുട്ടിക്കാലം കഴിഞ്ഞാലും അവരെ പിന്തുടര്‍ന്നേക്കും ഇത്തരം സംഭവങ്ങള്‍. കുട്ടികളുടെ മനസ്സിനെ മുറിവേല്‍പ്പിക്കുന്ന സംഭവങ്ങളുണ്ടായാല്‍ അതിന്റെ ആഘാതത്തില്‍ നിന്ന് അവരെ മോചിതരാക്കാനുള്ള ഇടപെടലുകള്‍ പലപ്പോഴും രക്ഷിതാക്കളില്‍ നിന്നുണ്ടാകുന്നുമില്ല. അടുത്തിടെ, സുഹൃത്തിനൊപ്പം മൂന്നാറില്‍ പോയ കുടുംബം കുട്ടിയെ കാറില്‍ സുഹൃത്തിനൊപ്പം ഇരുത്തി ഷോപ്പിംഗിനായി ഇറങ്ങി. കിട്ടിയ അവസരം ഉപയോഗിച്ച് സുഹൃത്ത് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവം അറിഞ്ഞിട്ടും സുഹൃത്തിനെ വഷളാക്കേണ്ടെന്നു കരുതി കുട്ടിയുടെ പിതാവ് കേസ് നല്‍കിയില്ല. അയാള്‍ ഗള്‍ഫില്‍ പോയ ശേഷം കുട്ടിയുടെ മാതാവാണ് പോലീസില്‍ പരാതി നല്‍കിയത്. ഇങ്ങനെ സംഭവങ്ങള്‍ മൂടിവെക്കാന്‍ ശ്രമിക്കുമ്പോള്‍ അത് പീഡകര്‍ക്ക് തുണയാകുകയും കുട്ടികള്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നു. പെണ്‍കുട്ടികളെ കുടുംബ സുഹൃത്തുക്കളിലോ അയല്‍വീടുകളിലോ ഏല്‍പ്പിച്ച് മാതാപിതാക്കള്‍ക്ക് പുറത്തുപോകാന്‍ കഴിയാത്ത അവസ്ഥയാണിന്ന്. പതിനൊന്നുകാരിയെ പിതാവും സഹോദരനും വലിയച്ഛനും അമ്മാവനും പീഡിപ്പിച്ച സംഭവം വരെ അടത്തിടെ പുറത്തു വരികയുണ്ടായി. പെണ്‍കുട്ടികള്‍ മാത്രമല്ല, ആണ്‍കുട്ടികളും ഇരയാകുന്നു ഇത്തരം പീഡനങ്ങള്‍ക്ക്.
കുട്ടികളില്‍ മാതാപിതാക്കള്‍ വലിയ പ്രതീക്ഷകളാണ് വെച്ചുപുലര്‍ത്തുന്നത്. അത് സഫലമാക്കാനാണ് തങ്ങളുടെ സാമ്പത്തിക സ്ഥിതിക്കും വരുമാനത്തിനും താങ്ങാനാകാത്ത വിധം വലിയ ഫീസ് നല്‍കിയും മറ്റും അവരെ പഠിപ്പിക്കുന്നത്. ഇതോടൊപ്പം കുട്ടിക്ക് ലഭ്യമാകേണ്ട സ്നേഹവും പരിലാളനയും നല്‍കാന്‍ അവര്‍ മറന്നു പോകുന്നു. ജീവിത നെട്ടോട്ടത്തിനിടയില്‍ അല്ലെങ്കില്‍ സാമൂഹിക മാധ്യമങ്ങളില്‍ സമയം ചെലവഴിക്കുന്നതിനിടയില്‍ കുട്ടികളുമായി ഇടപഴകാനും അവരുമായി സംസാരിക്കാനും രക്ഷിതാക്കള്‍ക്ക് സാധിക്കാതെ പോകുന്നു. സ്നേഹം മനസ്സിലുണ്ടായാല്‍ പോരാ, അത് പ്രകടിപ്പിക്കുക കൂടി വേണം. സ്‌ക്രീനില്‍ കണ്ണും നട്ടിരിക്കുന്നതിനിടയില്‍ കുടുംബാംഗങ്ങള്‍ക്ക് മുഖാമുഖം സംസാരിക്കാന്‍ കഴിയാത്തതാണ് ബന്ധങ്ങള്‍ ശോഷിക്കുന്നതിന് പ്രധാന കാരണമെന്നാണ് ഒരു പഠനത്തില്‍ കണ്ടെത്തിയത്. വീട്ടിലെ അംഗങ്ങള്‍ തമ്മില്‍ അടുപ്പക്കുറവ് തോന്നിത്തുടങ്ങുമ്പോഴാണ് ഇ-സൗഹൃദങ്ങള്‍ തേടുന്നതും അതില്‍ സമാധാനം കണ്ടെത്തുന്നതും കുട്ടികള്‍ ഗെയിമുകളുടെ അഡിക്റ്റുകളാകുന്നതും. മാതാപിതാക്കള്‍ തമ്മില്‍ കലഹിക്കുന്നതും ശണ്ഠ കൂടുന്നതും കുട്ടികളുടെ മനസ്സിനെ പ്രയാസപ്പെടുത്തും. ഇത്തരമൊരു ഗൃഹാന്തരീക്ഷത്തില്‍ സമാധാനം ലഭ്യമാകില്ലെന്ന ചിന്ത വളരാന്‍ അതിടയാക്കും. മക്കള്‍ തന്നോട് സ്നേഹത്തോടെ പെരുമാറണമെന്നാണ് ഓരോ രക്ഷിതാവും ആഗ്രഹിക്കുന്നത്. അതു തന്നെയാണ് ഒരു കുട്ടി മതാപിതാക്കളില്‍ നിന്നും ആഗ്രഹിക്കുന്നത്. നമ്മോട് കുട്ടികള്‍ എങ്ങനെ പെരുമാറണമെന്ന് നാം ആഗ്രഹിക്കുന്നുവോ തിരിച്ചുള്ള സമീപനവും അതുതന്നെയായിരിക്കണം. എങ്കില്‍ കുട്ടികള്‍ തെറ്റായ ഇ-സൗഹൃദങ്ങളിലേക്ക് വഴിതെറ്റുകയോ ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കുകയോ ഇല്ല.