International
ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അറസ്റ്റിൽ
ഡിസംബര്‍ മൂന്നിന് പട്ടാള നിയമം നടപ്പാക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് യൂനിനെ ഇംപീച്ച് ചെയ്തത്.
സോള്‍| സൈനിക നിയമം നടപ്പാക്കാനൊരുങ്ങിയതിനെ തുടര്‍ന്ന് ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ അറസ്റ്റില്‍. അറസ്റ്റ് തടയാന്‍ രാവിലെ ആയിരക്കണക്കിന് അനുയായികള്‍ യൂനിന്റെ സോളിലെ വസതിക്കു മുന്നിലെത്തിയിരുന്നു. ദിവസങ്ങള്‍ക്കുമുമ്പ് യൂനിനെ അറസ്റ്റ് ചെയ്യാന്‍ ആറു മണിക്കൂറോളം ശ്രമിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുകയായിരുന്നു.
ഡിസംബര്‍ മൂന്നിന് പട്ടാള നിയമം നടപ്പാക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് യൂനിനെ ഇംപീച്ച് ചെയ്തത്. ഡിസംബര്‍ 14ന് പ്രതിപക്ഷത്തിന് ആധിപത്യമുള്ള അസംബ്ലി പ്രസിഡന്റിനെ ഇംപീച്ച് ചെയ്തതിനെത്തുടര്‍ന്ന് യൂണിന്റെ പ്രസിഡന്റ് അധികാരങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. 204-85 വോട്ടുകള്‍ക്കാണ് യൂണിനെ ഇംപീച്ച് ചെയ്തത്. യൂനിന്റെ പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള കേസ് ഇപ്പോള്‍ ഭരണഘടനാ കോടതിയിലാണ്. പ്രസിഡന്റിന്റെ സുരക്ഷാ സര്‍വീസിന്റെ ആക്ടിങ് മേധാവിയായ കിം സങ് ഹൂനിനേയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
രാജ്യത്തെ ‘കമ്മ്യൂണിസ്റ്റ് ശക്തി’കളില്‍ നിന്നും രക്ഷിക്കുന്നതിനായി പട്ടാളഭരണം ഏര്‍പ്പെടുത്തുന്നുവെന്നായിരുന്നു സൈനിക നിയമം ഏര്‍പ്പെടുത്തിക്കൊണ്ട് യൂന്‍ സുക് യോള്‍ പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷത്തെ ബജറ്റ് ബില്ലിനെ ചൊല്ലി യൂനിന്റെ പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയും പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയും തമ്മില്‍ വാദങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു പ്രസിഡന്റ് സൈനിക നിയമം പ്രഖ്യാപിച്ചത്.
സൈനിക നിയമ പ്രഖ്യാപനത്തിനും ഇംപീച്ച്‌മെൻ്റിനും ശേഷം ഡിസംബർ 12 മുതൽ യൂൻ അദ്ദേഹത്തിൻ്റെ വസതിയിലാണ്. ചൊവ്വാഴ്ച കോടതി തടങ്കൽ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
അതേസമയം, സൈനിക നിയമത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ മുമ്പാകെ യൂൻ സുക് യോൾ ഹാജരാകാൻ സമ്മതിച്ചതായി അഭിഭാഷകൻ സ്ഥിരീകരിച്ചു. പ്രസിഡൻ്റ് യൂൺ ഇന്ന് അഴിമതി അന്വേഷണ ഓഫീസിൽ നേരിട്ട് ഹാജരാകാൻ തീരുമാനിച്ചുവെന്ന് അഭിഭാഷകൻ സിയോക് ഡോങ്-ഹിയോൺ ഫേസ്ബുക്കിൽ പറഞ്ഞു. നിലവിലെ വാറണ്ട് പ്രകാരം യൂണിനെ 48 മണിക്കൂർ വരെ തടവിലിടാം.