Kerala
ആള്‍മാറാട്ട വിവാദം: കേരള സര്‍വകലാശാലാ യൂണിയന്‍ തിരഞ്ഞെടുപ്പ് മാറ്റിവച്ചു
തീരുമാനം കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തയാളെ സര്‍വകലാശാലാ യൂണിയനില്‍ എത്തിക്കാന്‍ എസ് എഫ് ഐ നീക്കം നടത്തിയതായി ആരോപണമുയര്‍ന്നതിനു പിന്നാലെ.
തിരുവനന്തപുരം | ആള്‍മാറാട്ട വിവാദത്തെ തുടര്‍ന്ന് കേരള സര്‍വകലാശാലാ യൂണിയന്‍ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. ഈമാസം 26ന് നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പാണ് മാറ്റിയത്. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തയാളെ സര്‍വകലാശാലാ യൂണിയനില്‍ എത്തിക്കാന്‍ എസ് എഫ് ഐ നീക്കം നടത്തിയതായി ആരോപണമുയര്‍ന്നതിനു പിന്നാലെയാണിത്.
കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലാണ് സംഭവമുണ്ടായത്. സംഘടനയുടെ കാട്ടാക്കട ഏരിയാ സെക്രട്ടറി എ വിശാഖിനെയാണ് യു യു സി പദത്തിലെത്തിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ നടപടിയുമായി എസ് എഫ് ഐ രംഗത്തെത്തി. വിശാഖിനെ സംഘടനയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കി. സംസ്ഥാന കമ്മിറ്റിയുടെതാണ് തീരുമാനം. സംസ്ഥാന സെക്രട്ടേറിയറ്റ് ആടിയന്തര യോഗം ചേര്‍ന്നാണ് തീരുമാനം കൈക്കൊണ്ടത്.
കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്കു മത്സരിച്ചു ജയിച്ച പെണ്‍കുട്ടിക്കു പകരം മത്സരിക്കുക പോലും ചെയ്യാത്ത സംഘടനാ നേതാവായ ആണ്‍കുട്ടിയെ സര്‍വകലാശാലാ യൂണിയനിലേക്ക് എത്തിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. കഴിഞ്ഞ് ഡിസംബര്‍ 12നു നടന്ന കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യു യു സി സ്ഥാനത്തേക്ക് എസ് എഫ് ഐ പാനലില്‍ നിന്ന് ജയിച്ച അനഘ എന്ന വിദ്യാര്‍ഥിക്കു പകരം ഒന്നാം വര്‍ഷ ബി എസ് സി വിദ്യാര്‍ഥി എ വിശാഖിന്റെ പേരാണ് സര്‍വകലാശാലയിലേക്കു നല്‍കിയത്.



