Connect with us

National

വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നത് ഉള്‍പ്പെടെ സുപ്രധാന തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ ഉടന്‍

വോട്ടര്‍പട്ടികയില്‍ പുതുതായി പേര് രജിസ്റ്റര്‍ ചെയ്യാന്‍ കൂടുതല്‍ അവസരങ്ങള്‍ അനുവദിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം.

Published

|

Last Updated

ന്യൂഡല്‍ഹി | തിരഞ്ഞെടുപ്പ് പ്രക്രിയ പരിഷ്‌കരിക്കുന്നതിന് സുപ്രധാന ഭേദഗതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. വോട്ടര്‍ പട്ടിക ശക്തിപ്പെടുത്തുന്നതിനും വോട്ടിംഗ് പ്രക്രിയ സുഗമമാക്കുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ അധികാരം നല്‍കുന്നതിനും വോട്ടര്‍പട്ടികയില്‍ ക്രിത്രിമത്വം ഒഴിവാക്കുന്നതിനും നാല് പ്രധാന പരിഷ്‌കാരങ്ങളാണ് അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതുസംബന്ധിച്ച് പാർലിമെന്റിൽ അവതരിപ്പിക്കുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭാ  യോഗം അംഗീകാരം നൽകി.

പാന്‍കാര്‍ഡും – ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നത് പോലെ, ഒരാളുടെ വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതാണ് ഇതില്‍ ആദ്യ പരിഷ്‌കാരം. എന്നാല്‍ ഇക്കാര്യം നിര്‍ബന്ധമാക്കില്ല. ആളുകള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കാനാണ് അവസരമൊരുക്കുന്നത്. ഇരട്ടവോട്ട് തടയാന്‍ ഇത് സഹായിക്കും. ഇതിന്റെ പൈലറ്റ് പ്രോജക്ട് വിജയകരമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

വോട്ടര്‍പട്ടികയില്‍ പുതുതായി പേര് രജിസ്റ്റര്‍ ചെയ്യാന്‍ കൂടുതല്‍ അവസരങ്ങള്‍ അനുവദിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. അടുത്ത വര്‍ഷം ജനുവരി 1 മുതല്‍, 18 വയസ്സ് തികയുന്ന പുതിയ വോട്ടര്‍മാര്‍ക്ക് നാല് വ്യത്യസ്ത കട്ട്-ഓഫ് തീയതികളോടെ വര്‍ഷത്തില്‍ നാല് തവണ വോട്ടര്‍പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം നല്‍കും. ഇതുവരെ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് പുതിയ വോട്ടര്‍മാര്‍ക്ക് പേര് ചേര്‍ത്താന്‍ അവസരമുണ്ടായിരുന്നത്.

സര്‍വീസ് വോട്ടറുടെ ഭര്‍ത്താവിനും വോട്ട് ചെയ്യാന്‍ അനുമതി നല്‍കി ഇക്കാര്യത്തില്‍ ലംഗ സമത്വം ഉറപ്പാക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിലവിലുള്ള നിയമപ്രകാരം പുരുഷ സര്‍വീസ് വോട്ടറുടെ ഭാര്യക്ക് മാത്രമേ ഈ സൗകര്യം ലഭ്യമായിരുന്നുള്ളൂ. വനിതാ സര്‍വീസ് വോട്ടറുടെ ഭര്‍ത്താവിന് ഈ സൗകര്യം ലഭിച്ചിരുന്നില്ല.

തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഏത് സ്ഥലവും ഏറ്റെടുക്കാന്‍ ആവശ്യമായ എല്ലാ അധികാരങ്ങളും ഇലക്ഷന്‍ കമ്മീഷന് നല്‍കുന്നതൊണ് മറ്റൊരു പരിഷ്‌കാരം. തിരഞ്ഞെടുപ്പ് ആവശ്യത്തിന് സ്‌കൂളുകളും മറ്റ് പ്രധാന സ്ഥാപനങ്ങളും ഏറ്റെടുക്കുന്നതില്‍ നേരത്തെ ചില എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു.

ഇപ്പോള്‍ നടന്നുവരുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഈ സുപ്രധാന തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2020ൽ രവിശങ്കർ പ്രസാദ് മന്ത്രിയായിരിക്കെയാണ് നിയമമന്ത്രാലയം ഈ നിർദേശം നടപ്പാക്കാൻ തുടങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. ഇസിയുടെ നിർദേശം സർക്കാർ പരിഗണിക്കുകയാണെന്ന് ഈ വർഷം ഓഗസ്റ്റിൽ മന്ത്രി കിരൺ റിജിജു പാർലമെന്റിനെ അറിയിച്ചിരുന്നു.

---- facebook comment plugin here -----

Latest